ബാരമുള്ള ഡാഗർ യുദ്ധ സ്മാരകത്തിൽ പുഷ്പ്പ ചക്രം അർപ്പിച്ച് രാഷ്ട്രപതി!

Kargil Vijay Diwas

0

രാജ്യം കാർഗിൽ യുദ്ധ വിജയ സ്മരണയിലാണ്. കാര്‍ഗില്‍ യുദ്ധ വിജയ ദിനത്തില്‍ രാജ്യത്തിനായി വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കശ്മീരിലെ ബാരാമുള്ള, ഡാഗര്‍ യുദ്ധ സ്മാരകത്തിലെത്തിയാണ് രാഷ്ട്രപതി പുഷ്പ ചക്രം അര്‍പ്പിച്ചത്.

19-ാം കാലാള്‍പ്പട ഡിവിഷനിലെ സൈനികരേയും ഉദ്യോഗസ്ഥരേയും രാജ്യം അഭിവാദ്യം ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കും സുരക്ഷയ്ക്കും വേണ്ടി ജീവന്‍ വെച്ച ധീരരായ പോരാളികളോട് അഗാധമായ ആദരവ് പ്രകടിപ്പിക്കുന്നു. ഈ സ്മാരകം ഇന്ത്യന്‍ ജനതയെ സൈന്യത്തിന്റെ മൂല്യങ്ങളെക്കുറിച്ച് പഠിപ്പിക്കുകയും അവര്‍ക്ക് പ്രചോദനം നല്‍കുമെന്നും  ഡാഗര്‍ യുദ്ധ സ്മാരകം സന്ദര്‍ശിച്ച ശേഷം രാഷ്ട്രപതി കുറിച്ചു.

സൈനികരുടെ ത്യാഗവും ധീരത നാം സ്മരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാര്‍ഗില്‍ വിജയദിനത്തില്‍ രാജ്യത്തെ സംരക്ഷിക്കാനായി ജീവത്യാഗം ചെയ്‌വര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ ധീരത എല്ലായിപ്പോഴും നമുക്ക് പ്രചോദനം നല്‍കുന്നുവെന്നും പ്രധാനമന്ത്രി  മോദി ട്വീറ്റ് ചെയ്തു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിരോധ സഹമന്ത്രി അജയ് ദത്ത് എന്നിവര്‍ ദല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ എത്തി ആദരാഞ്ജലിയർപ്പിച്ചു . ആഭ്യന്തര മന്ത്രി അമിത് ഷായും കാർഗിൽ യുദ്ധ വീരരെ അനുസ്മരിച്ചു. ഏറ്റവും ശക്തമായ പ്രത്യാക്രമണമായിരുന്നു കാർഗിലിൽ സൈനികരുടേത് . കാർഗിലിലെ അതിദുർഘടങ്ങളായ പർവ്വതനിരകളെ താണ്ടി നടത്തിയ പോരാട്ടം രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി.

രാജ്യത്തിന്റെ അഖണ്ഡത കാത്തുസംരക്ഷിക്കാനായി സൈനികർ നടത്തിയ ജീവത്യാഗത്തിന് മുന്നിൽ രാജ്യമൊട്ടാകെ ശിരസ്സുനമിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.കാർഗിൽ യുദ്ധ വിജയത്തിന്റെ 22-ാം വാർഷികത്തിൽ ധീരബലിദാനികളെ സ്മരിച്ച് സൈനിക മേധാവിമാർ .

ദേശീയ യുദ്ധസ്മാരകത്തിൽ ഒരുമിച്ചെത്തിയാണ് മൂന്ന് സേനകളുടേയും മേധാവികൾ വീരബലിദാനികളെ സ്മരിച്ചത്. പുഷ്പചക്രം സമർപ്പിച്ചു കൊണ്ടാണ് സൈനിക മേധാവികൾ അഭിവാദ്യം അർപ്പിച്ചത്. കാർഗിൽ മലനിരകളിലെ ധീരമായ പോരാട്ടത്തിനെ 1999 ജൂലൈ മാസം 26ലെ സ്മരണ ഉണർത്തിയ കവിതയിലൂടെയാണ് കരസേന വീണ്ടും ഇന്ത്യൻ ജനതയിലേക്ക് എത്തിച്ചത്.

‘ കാർഗിൽ മലനിരകളിൽ നമ്മളിതാ ശത്രുക്കളെ വകവരുത്തിയിരിക്കുന്നു. ഹിന്ദുസ്ഥാനിലെ വീരന്മാർ അവരുടെ രക്തംകൊണ്ട് ത്രിവർണ്ണ പതാക അലങ്കരിച്ചിരിക്കുന്നു.’ കാർഗിൽ വിജയദിനത്തിലെഴുതിയ തമന്നാ കുകരേതിയുടെ കവിതാ ശകലങ്ങളുദ്ധരിച്ചാണ് കരസേനയുടെ ട്വീറ്റ് ഇന്ന് പുറത്തുവന്നത്.

 

ടൈഗർ ഹിൽ, ബടാലിക്, പോയിന്റ് 4875, തോലോലിംഗ്, കാക്‌സർ, ഖാലൂബാർ എന്നീ മലനിരകളിൽ ഇന്ത്യൻ സൈന്യം നടത്തിയ അതിധീരമായ പോരാട്ടത്തെ കരസേന വീണ്ടും ഇന്ത്യൻ ജനതയെ ട്വീറ്റിലൂടെ ഓർമ്മിപ്പിക്കുന്നത്. ഓപ്പറേഷൻ വിജയ് സൈനിക മുന്നേറ്റത്തിലെ വിവിധ ഘട്ടങ്ങളിലെ പോരാട്ടത്തെ സ്മരിച്ചുകൊണ്ടാണ് കരസേന ട്വീറ്റർ സന്ദേശങ്ങൾ  പ്രചരിപ്പിക്കുന്നത്.

1999 ലെ കാർഗിൽ യുദ്ധം ദേശീയാഭിമാനത്താൽ പ്രചോദിതനായ ഭാരതീയന്റെ പോരാട്ട വീര്യം ലോകത്തിനു കാണിച്ചു കൊടുത്ത സംഭവങ്ങളിലൊന്നാണ്. അന്താരാഷ്‌ട്ര സമൂഹം ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനു മുന്നേ കഴിയുന്നത്ര ഭാരതത്തിന്റെ സ്ഥലം പിടിച്ചടക്കുക എന്ന ലക്ഷ്യമായിരുന്നു പാകിസ്ഥാനുണ്ടായിരുന്നത്. ഈ ലക്ഷ്യമാണ് ധീര സൈനികർ തകർത്തത്.

1998 ൽ പാകിസ്ഥാൻ സൈനിക മേധാവിയായി മുഷറഫ് സ്ഥാനമേറ്റെടുത്തത് മുതൽ കാർഗിൽ യുദ്ധത്തിന്റെ നീക്കങ്ങൾ തുടങ്ങിയതായാണ് പിന്നീട് പുറത്ത് വന്ന വിവരങ്ങളിൽ നിന്ന്  മനസിലായത്. കാർഗിൽ സൈനിക നീക്കത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഭാരത പ്രധാനമന്ത്രി അടൽ ബിഹാരി വാജ് പേയിയോട് പറഞ്ഞിരുന്നത്.

1999 മെയ് 3 നാണ് കാർഗിൽ മലനിരകളിൽ പാകിസ്ഥാൻ സാന്നിദ്ധ്യം ആദ്യം കണ്ടത്. ആദ്യം ചെറിയൊരു കടന്നു കയറ്റമാണെന്നാണ് ധരിച്ചത്. പിന്നീടാണ് പാകിസ്ഥാൻ സൈന്യത്തിന്റെ നീക്കം വളരെ ആസൂത്രിതമാണെന്നും മനസ്സിലായത്. നിയന്ത്രണ രേഖക്ക് 200 ഓളം ചതുരശ്ര കിലോ മീറ്റർ സ്ഥലത്താണ് പാക് സൈന്യം അധിനിവേശം നടത്തിയത്.

14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളിൽ തികച്ചും പ്രതികൂല സാഹചര്യത്തെ അതിജീവിച്ചാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനികളെ തുരത്തിയത്. രണ്ട് ലക്ഷത്തോളം ഭടന്മാരെയാണ് സൈന്യം യുദ്ധത്തിൽ വിന്യസിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം

അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു പാകിസ്ഥാൻ ആക്രമണത്തിനു തെരഞ്ഞെടുത്തത്. തന്ത്ര പ്രധാനമായ പല സ്ഥലങ്ങളും പാകിസ്ഥാൻ സൈന്യം കയ്യേറിയിരുന്നു.

യുദ്ധത്തിൽ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാൽ യുദ്ധത്തിൽ മരിച്ച സൈനികരെ പിന്നീട് പാകിസ്ഥാൻ രക്തസാക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. കശ്മീരിലെ മുജാഹിദ്ദീൻ പോരാളികളാണ് യുദ്ധം ചെയ്തതെന്ന പാകിസ്ഥാന്റെ വാദം അന്താരാഷ്‌ട്ര രംഗത്ത് ആരും അംഗീകരിച്ചതുമില്ല.

അങ്ങനെ യുദ്ധത്തിൽ നയതന്ത്രപരമായുള്ള മുൻതൂക്കവും ഭാരതത്തിന് ലഭിച്ചു.എല്ലാ സ്ഥലങ്ങളും തിരിച്ചു പിടിച്ച് യുദ്ധമവസാനിച്ചപ്പോൾ ഭാരതത്തിനു നഷ്ടമായത് 527 വീരപുത്രന്മാരെയാണ് .

 

 

 

Kargil Vijay Diwas