പാർട്ടിയെ തകർക്കുന്ന പ്രചാരങ്ങൾക്ക് എതിരെ കരമന ജയൻ

0

ബി ജെപിക്കെതിരെയുള്ള പ്രചരണങ്ങളിൽ പ്രവർത്തകർ വഞ്ചിതരാകരുതെന്ന് ബി ജെ പി നേതാവ് കരമന ജയൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഈ പ്രസ്ഥാനത്തിന്റെ വളർച്ച ഭയപ്പെടുന്ന ദുഷ്ട ശക്തികൾ പടച്ചു വിടുന്ന വ്യാജപ്രചാരണങ്ങളിൽ നമ്മൾ പലരും അറിയാതെ പെട്ടുപോകുന്നുണ്ട്. കേരള ചരിത്രത്തിൽ ആദ്യമായി നമ്മുടെ പ്രസ്ഥാനത്തിന് ലഭിച്ച ഒരു സീറ്റും 4 ലക്ഷത്തോളം വോട്ടും നഷ്ടമായത് ചെറിയൊരു കാര്യമല്ല. പക്ഷെ അതിന്റെ ഉത്തരവാദിത്വം മുഴുവൻ അസാധാരണമായ ചില ന്യായങ്ങൾ നിരത്തി ഒരു വർഷം മാത്രം കാലാവധി പൂർത്തിയാക്കിയ നേതൃത്വത്തിന്റെ മേൽ കെട്ടിവെച്ച് അനുഭാവികൾ എന്ന വ്യാജേന ചിലർ നടത്തുന്ന മുതലെടുപ്പുകളെ ഇനിയും കണ്ടില്ലെന്നു നടിക്കുന്നത് നമ്മുടെ തെറ്റല്ലേ എന്നും അദ്ദേഹം തന്റെ ഫേസ്ബിക്കിലൂടെ ചോദിക്കുന്നു

കരമന ജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്;

നിയമ സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ പരാജയത്തിന്റെ പേരിൽ പ്രസ്ഥാനത്തെ തകർക്കുന്ന വിധത്തിൽ സൈബറിടങ്ങളിൽ ചില പരാമർശങ്ങൾ സജീവമാണ്. അതിൽ ഏറ്റവും കൂടുതൽ വ്യക്തിഹത്യയ്ക്കിരയാകുന്നത് കെ സുരേന്ദ്രൻ എന്ന സംസ്ഥാന പ്രസിഡണ്ട് ആണ്. എന്നും ഈ പ്രസ്ഥാനത്തിന്റെ വളർച്ച ഭയപ്പെടുന്ന ദുഷ്ട ശക്തികൾ പടച്ചു വിടുന്ന വ്യാജപ്രചാരണങ്ങളിൽ നമ്മൾ പലരും അറിയാതെ പെട്ടുപോകുന്നുണ്ട്. കേരള ചരിത്രത്തിൽ ആദ്യമായി നമ്മുടെ പ്രസ്ഥാനത്തിന് ലഭിച്ച ഒരു സീറ്റും 4 ലക്ഷത്തോളം വോട്ടും നഷ്ടമായത് ചെറിയൊരു കാര്യമല്ല. പക്ഷെ അതിന്റെ ഉത്തരവാദിത്വം മുഴുവൻ അസാധാരണമായ ചില ന്യായങ്ങൾ നിരത്തി ഒരു വർഷം മാത്രം കാലാവധി പൂർത്തിയാക്കിയ നേതൃത്വത്തിന്റെ മേൽ കെട്ടിവെച്ച് അനുഭാവികൾ എന്ന വ്യാജേന ചിലർ നടത്തുന്ന മുതലെടുപ്പുകളെ ഇനിയും കണ്ടില്ലെന്നു നടിക്കുന്നത് നമ്മുടെ തെറ്റല്ലേ? ഇതിനു പിന്നിലെ യഥാർത്ഥ വസ്തുത നാം ഒന്ന് വിശകലനം ചെയ്യേണ്ടതല്ലേ?

2020 ഫെബ്രുവരി 22 നാണ് ശക്തമായ ജനപിന്തുണ കണക്കിലെടുത്ത് കെ. സുരേന്ദ്രനെ ബിജെപി യുടെ സംസ്ഥാന പ്രസിഡന്റ് ആയി പ്രഖ്യാപിക്കുന്നത്. അതിനും ശേഷം മാർച്ച്‌ 4 നാണ് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് സംസ്ഥാന കമ്മിറ്റി നിലവിൽ വരുന്നത്. അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് 19 മഹാമാരി തകർത്തുകളഞ്ഞത് നമ്മുടെ മൊത്തം സ്വപ്നങ്ങളെയാണ്. പ്രതീക്ഷകളെയും…
അക്കാലയളവിൽ സംഘടനാ പരമായ പ്രവർത്തങ്ങൾക്ക് തിരഞ്ഞെടുത്ത കമ്മിറ്റിക്ക് സമയം കിട്ടിയിരുന്നില്ല എന്ന കാര്യം കൂടി ഓർക്കേണ്ടതുണ്ട്. ഈ കാലയളവിലാണ് രണ്ടു തിരഞ്ഞെടുപ്പുകളെക്കൂടി നേതൃത്വത്തിന് നേരിടേണ്ടിവന്നത്. ഇടക്കാലത്ത് കോവിഡ് ബാധിച്ച് പ്രസിഡണ്ട് കിടപ്പിലായിപ്പോയത് ഏകദേശം ഒരുമാസം. എന്നിട്ടും ഏറ്റവും ദുസ്സഹമായിരുന്ന അക്കാലത്തും ഏറ്റെടുത്ത ഉത്തരവാദിത്വത്തിന്റെ വലിപ്പം മനസ്സിലാക്കി പ്രവർത്തിച്ച നേതാവാണ് കെ സുരേന്ദ്രൻ.. സാധ്യതകൾ ഏറ്റവും നന്നായി ഉപയോഗിച്ചുകൊണ്ട് ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചതിലൂടെ അക്കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട നേതാവും മാറ്റാരുമായിരുന്നില്ല.

പിണറായി സർക്കാരിന്റെ ആരാജകത്വ ഭരണത്തെ നേരിടുന്നതിൽ പരാജയപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉഴറിയപ്പോൾ ഏറ്റവും ആർജ്ജവത്തോടെ ആ സ്ഥാനം ഏറ്റെടുത്ത് ശക്തമായ ഇടപെടലുകളിലൂടെ ജനകീയ പ്രതിരോധം തീർത്ത വ്യക്തിയാണ് കെ സുരേന്ദ്രൻ. കടുത്ത കോവിഡ് നിയന്ത്രണ കാലത്തും അദ്ദേഹം നടത്തിയ ഈ ഇടപെടലുകൾ നമ്മുടെ പ്രസ്ഥാനത്തിന്റെ ആത്മാഭിമാനം ഉയർത്തിയത് കണ്ട് കയ്യടിച്ചവരാണ് നമ്മളൊക്കെ.

കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ സംഭവിച്ച 5 ദുരന്തങ്ങളാണ് പിണറായി സർക്കാരിനെ ഇന്നത്തെ നേട്ടത്തിൽ എത്തിച്ചത്.
കോവിഡിൽ അടച്ചിട്ട നാടും തൊഴിലിടങ്ങളും പൊതുജനത്തെ അരക്ഷിതരാക്കിയപ്പോൾ കേന്ദ്രസർക്കാരിന്റെ സംഭാവനകളെ, പദ്ധതികളെ, (ലൈഫും തൊഴിലുറപ്പും പോലും) അടിച്ചുമാറ്റി ‘കൈരളീ വൽക്കരിച്ചു’തങ്ങളുടേതാക്കിയും കിറ്റിൽ കേന്ദ്രം നൽകിയ വിഭവങ്ങൾ ചേർത്ത് തങ്ങളുടേത് എന്നു പറഞ്ഞു വിതരണം ചെയ്തും അന്താരാഷ്ട്ര തലത്തിലുള്ള വൻ പി ആർ വർക്കിലൂടെ കേരളത്തെ കടലാസ്സിൽ നമ്പർ വൺ ആക്കിയും കോവിഡ് പ്രതിരോധത്തിന് തങ്ങൾക്ക് മാത്രമേ കഴിയൂ എന്ന് ഇമോഷണലായ പ്രചരണങ്ങളിലൂടെ, പരിഭ്രാന്തിയിലാഴ്ന്ന പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ഇടതുപക്ഷ സർക്കാർ ജനങ്ങളിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ അതിനെയെല്ലാം അല്പമെങ്കിലും പ്രതിരോധിച്ചത് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപി മാത്രമാണ്.

ഈ ദുരിത കാലത്ത് നയിച്ചത് രണ്ടു തിരഞ്ഞെടുപ്പുകളെയാണ്. കേരളത്തിലെ പ്രത്യേക സാഹചര്യത്തിലും തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും നേട്ടമുണ്ടാക്കിയ ഒരു പാർട്ടി ബിജെപിയാണ്. പലയിടത്തും അപ്രതീക്ഷിതമായി താമരകൾ വിരിഞ്ഞപ്പോൾ ഇതേ കെ സുരേന്ദ്രന്റെ നേതൃമികവിനെ പുകഴ്ത്തിയവരാണ് നമ്മൾ. നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിക്കുപിന്നിലെ യഥാർത്ഥ കാരണം ‘മറ്റെന്തിനേക്കാളും വലുതാണ് തങ്ങളുടെ ജീവനും ജീവിതവും എന്നും അത് സംരക്ഷിക്കാൻ സാധിക്കുന്നത് ഇടതുപക്ഷ സർക്കാരിന് മാത്രമാണ്’ എന്നുതോന്നും വിധം പൊതുജനത്തെ അനാവശ്യ ഭീതിയിലാഴ്ത്തി ഖജനാവിലെ കോടികൾ മുടക്കി ഉണ്ടാക്കിയ പരസ്യങ്ങളും മുകളിൽ പറഞ്ഞ പി ആർ വർക്കുകൾ സൃഷ്ടിച്ചെടുത്ത വ്യാജ വ്യക്തിത്വ നിർമ്മിതികളും ( ഉദാ: ലീഡർ, ടീച്ചറമ്മ, അന്നം തരുന്ന സർക്കാർ, നന്മയുള്ള ലോകമേ, കരളുറപ്പുള്ള കേരളം ) അവയ്ക്കു നൽകിയ വൻ പ്രചാരണവും തന്നെയാണ്.

കേന്ദ്ര സർക്കാരിന്റെ കൂടി പങ്കായ പെൻഷനും കിറ്റും സ്വന്തമെന്ന പേരിൽ ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചെടുത്ത് വിതരണം ചെയ്ത ഈ സർക്കാരിന്റെ വ്യാജ പ്രചാരണങ്ങളിൽ വീണു പൊതുജനം ഭൂരിഭാഗവും ഈ ദുരിതകാലത്ത് അവരെ രക്ഷകരായി സ്വയം പ്രതിഷ്ഠിച്ചപ്പോൾ പ്രധാന പ്രതിപക്ഷമായ യു ഡി എഫും വളർന്നുകൊണ്ടിരുന്ന എൻ ഡി എ യും തകർന്നടിഞ്ഞു. ഇതൊരു താൽക്കാലികമായ പരാജയം മാത്രമാണ്. അവരുടെ വിജയവും പൊതു ജനം യഥാർത്ഥ സത്യം തിരിച്ചറിയുന്ന, ചെറിയൊരു കാലം വരെ മാത്രമുള്ളതാണ്. അന്ന് ബിജെപി പൂർവാധികം ശക്തിയോടെ തിരിച്ചുവരും .

അധികാര ദുർവിനിയോഗത്തിലൂടെയും അരാജകത്വത്തിലൂടെയും അരങ്ങുവാഴുന്ന ഭരണ പ്രതിപക്ഷങ്ങൾ എന്നും ബിജെപിയെ തളർത്താൻ മാത്രമേ ശ്രമിച്ചിട്ടുള്ളു. അവരുടെപിണിയാളുകളായി നിലകൊള്ളുന്ന യഥാർത്ഥ വർഗീയ ഫാസിസ്റ്റുകളും, അതിലുപരി ഇവരുടെയൊക്കെ ചെറിയ കാര്യങ്ങൾ വരെ പാർവതീകരിച്ചു പ്രശസ്തരാക്കുന്ന, ബിജെപി യുടെ നന്മകളെ നേട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന, ചിലപ്പോളൊക്കെ മോശമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളും അടങ്ങുന്ന ഒരു വൻ ദ്രുവീകരണ ശക്തിയെ ദ്രവീകരിച്ച് ഇവിടെ ബിജെപി യെ വളർത്തുക എന്നത് ചെറിയൊരു കാര്യമല്ല. അതിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന കെ സുരേന്ദ്രൻ കൊടുക്കുന്ന വില ചില്ലറയല്ല. അസഹനീയമാം വിധം വ്യക്തിഹത്യകൾ വളർന്ന് സ്വന്തം കുടുംബത്തെ വരെ വേട്ടയാടിയപ്പോഴും തളരാതെ പിടിച്ചു നിന്ന നേതാവാണ് അദ്ദേഹം.

ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്ന് പടിപടിയായി ഉയർന്നു വന്ന നേതാവായ കെ സുരേന്ദ്രൻ പ്രസിഡന്റ് ആയിരുന്ന കാലത്താണ് കേരളത്തിൽ യുവമോർച്ച ഏറ്റവും ശക്തിയാർജ്ജിച്ചത്. ശക്തമായ പ്രക്ഷോഭങ്ങളും സമരങ്ങളും കൊടുമ്പിരി കൊള്ളിച്ച ആ കാലഘട്ടം യുവമോർച്ചയുടെ സുവർണ കാലഘട്ടമായിരുന്നു. നേതൃമികവിന്റെ മാകുടോദ്ദാഹരണമായി സുരേന്ദ്രൻ മാറിയത് ഈ കാലത്തായിരുന്നു..

സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി വരും കാലങ്ങളിൽ കൂടുതൽ ശക്തിപ്രാപിക്കുമെന്നുറപ്പാണ്. പക്ഷെ ബിജെപി യുടെ വളർച്ചയിൽ വിറളിപൂണ്ട ഒരുകൂട്ടം ആരാജകത്വ വൃന്ദം പടച്ചുവിടുന്ന വ്യാജപ്രചാരണങ്ങളിൽപ്പെട്ട് സ്വന്തം പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് നാം സ്വയം വിഘാതമാകാതെ നോക്കേണ്ടത് നമ്മുടെ എവരുടെയും ഉത്തരവാദിത്വമാണ്. സൈബറിടങ്ങളിൽ മാത്രമൊതുങ്ങാതെ വോട്ടർമാർ അധിവസിക്കുന്ന ബൂത്തുകളിലേക്ക് കൂടി കടന്നു ചെന്ന് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നമുക്കും പങ്കാളികളാകാം