സിനിമ അഴുക്കുചാൽ, മിന്നുന്നതെല്ലാം പൊന്നല്ല; രാജ് കുന്ദ്രയുടെ അറസ്റ്റിൽ കങ്കണ റണാവത്ത്

0

 

നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്. സിനിമാരം​ഗത്തെ അഴുക്കുചാലെന്ന് താൻ വിശേഷിപ്പിച്ചത് ഇതുകൊണ്ടാണെന്നും മിന്നുന്നതെല്ലാം പൊന്നല്ലെന്നും കങ്കണ കുറിച്ചു. സിനിമയിൽ മൂല്യമുള്ള സംവിധാനം വേണമെന്നും അതിന് ശുദ്ധീകരണം ആവശ്യമാണെന്നും താരം വ്യക്തമാക്കി. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായിട്ടായിരുന്നു പ്രതികരണം.

‘സിനിമ രംഗത്തെ ഒരു അഴുക്കുചാൽ എന്ന് ഞാൻ വിശേഷിപ്പിക്കുന്നത് ഇതിനാലാണ്, മിന്നുന്നതെല്ലാം പൊന്നല്ല, ബോളിവുഡിനെ അതിൻറെ ഏറ്റവും അടിയിൽ നിന്നു തന്നെ ഞാൻ ഞാൻ നിർമ്മിക്കുന്ന ചിത്രത്തിലൂടെ പുറത്തുകൊണ്ടുവരും, നമ്മുക്ക് ഒരു മൂല്യമുള്ള സംവിധാനം വേണം, അതാണ് ക്രിയാത്മകമായ ഒരു മേഖലയ്ക്ക് ആവശ്യം. അതിനായി സിനിമ മേഖലയിൽ ഒരു ശുദ്ധീകരണം ആവശ്യമാണ്’- കങ്കണ കുറിച്ചു.

 

നീലച്ചിത്ര നിർമാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് രാജ്കുന്ദ്ര അറസ്റ്റിലായത്. ഫെബ്രുവരിയിൽ മുംബൈ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് കൂടുതൽ തെളിവുകൾ ലഭിച്ചതിനെ തുടർന്ന് അറസ്റ്റ്. നീലച്ചിത്ര നിർമ്മാണത്തിന്റെ മുഖ്യആസൂത്രകൻ രാജ് കുന്ദ്രയാണെന്നും പൊലീസ് അറിയിച്ചു. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. രാജ് കുന്ദ്രയെ ജൂലൈ 23വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.