കാണാനാളില്ല പാർട്ടി ചാനൽ വിൽക്കാനുണ്ടേ

0

 

 

 

 

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കൈരളി ചാനൽ വിൽപനയ്ക്ക്. പരിപാടികളുടെ മുഴുവൻ ചുമതല സ്വകാര്യ കമ്പനികൾക്ക് നൽകാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണ്. പരിപാടികളുടെ നിർമ്മാണവും മാനേജ്മെന്റും എല്ലാം വാങ്ങുന്ന കമ്പനിയുടെ ചുമതലയാണ്. രണ്ടു ലക്ഷത്തോളം പേരിൽ നിന്ന് ഓഹരി എടുത്ത് സിപിഎം 2000ൽ ആരംഭിച്ച മലയാളം കമ്യൂണിക്കേഷൻസ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ് കൈരളി ചാനൽ. പിന്നീട് വാർത്തക്കും വാർത്താധിഷ്ടിത പരിപാടികൾക്കുമായി പീപ്പിൾ ടി.വി. എന്നൊരു ചാനൽ തുടങ്ങികയും കൈരളി ന്യൂസ് എന്ന് പുനർ നാമകരണം ചെയ്യുകയും ചെയ്തു. യുവാക്കളെ ഉദ്ദേശിച്ച് കൈരളി വീ എന്നൊരു ചാനലും സംപ്രേഷണം തുടങ്ങി. എന്നാൽ, ഈ ചാനലുകൾ കാണാൻ ആളില്ലാത്തതുമൂലം വൻ പ്രതിസന്ധിയാണ് നേരിടുന്നത്.

ഇതിൽ കൈരളി ന്യൂസ് ഒഴികെ മറ്റ് രണ്ടു ചാനലും മറിച്ചു നൽകാനാണ് തീരുമാനം. വീ ചാനൽ മുംബയ് ആസ്ഥാനമായുള്ള മലയാളി ബിസിനസ്സ് ഗ്രൂപ്പിനാണ് കൈമാറുക. പാർട്ടി പിന്തുണയും സർക്കാർ സഹായവും ഉണ്ടായിരുന്നിട്ടും തുടക്കം മുതൽ പ്രതിസന്ധിയിലാണ് ചാനൽ. ചാനലിനെ നയിച്ച ജോൺ ബ്രിട്ടാസ് രാജ്യസഭ അംഗമായി പോകുന്നതോടെ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും. അതിനാലാണ് ചാനലുകൾ തന്നെ മറിച്ചു നൽകുന്നത്.

2017 ൽ സമാന നീക്കം ഉണ്ടായിരുന്നു. എംസിഎൽ മീഡിയ ലിമിറ്റഡ്, കൈരളി ടെലിവിഷൻ ലിമിറ്റഡ് എന്ന രണ്ടു കമ്പനികൾ ഇതിനായി രജിസ്ട്രർ ചെയ്തു. തിരുവനന്തപുരം പാളയത്തെ കൈരളി ചാനലിന്റെ വിലാസത്തിൽ രജിസ്ട്രർ ചെയ്തിരിക്കുന്ന രണ്ടു കമ്പനികളിലും ഒരേ ഡയറക്ടർമാരാണ് ഉള്ളത്. അതും രണ്ടു പേർ മാത്രം. ജോൺ ബ്രിട്ടാസും എ വിജയരാഘവനും. ചാനൽ ചെയർമാൻ മമ്മൂട്ടി പോലും ഡയറക്ടർ ബോർഡിൽ ഇല്ല.

മലയാളം കമ്മ്യുണിക്കേഷന് ജോൺ ബ്രിട്ടാസ്, എ കെ മൂസ, വി കെ മുഹമ്മദ് അഷർ, ടി ആർ അജയൻ, എം എം മോനായി, സി കെ കരുണാകരൻ, മമ്മൂട്ടി, എ വിജയരാഘവൻ എന്നീ എട്ട് ഡയറക്ടർമാർ ഉണ്ട്.

ചാനൽ വിഭജനത്തിനെതിരെ പാർട്ടിയിൽ എതിർപ്പുണ്ടായതിനാൽ മുന്നോട്ടു പോകാനായില്ല. ചാനൽ പ്രതിസന്ധി മറികടക്കാൻ 300 കോടി കണ്ടെത്താൻ ശ്രമിച്ചിരുന്നു. പിന്നീട് സഹകരണ സ്ഥാപനങ്ങളെക്കൊണ്ട് നേരിട്ട് ഓഹരി എടുപ്പിക്കാനായി നീക്കം നടത്തി, പി രാജീവ്, ജയിംസ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഇതിനായി സഹകരണസംഘം രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. പ്രളയം വന്നതും പാർട്ടിയിൽ എതിർപ്പുണ്ടായതും മൂലം വിജയിച്ചില്ല.