ഇരുമുന്നണികളേയും ഉദ്യോഗസ്ഥരേയും കടന്നാക്രമിച്ച് കെ.സുരേന്ദ്രൻ !

K Surendran Attacks LDF and UDF

0
ഓരോ ദിവസവും ഓരോ തട്ടിപ്പുകൾ പുറത്ത് വരുന്നു!!
ഓരോ ദിവസവും ഓരോ തട്ടിപ്പുകൾ പുറത്ത് വരുന്നു!!

കേരളത്തിൽ ഭരണ-പ്രതിപക്ഷവും ഉദ്യോ​ഗസ്ഥൻമാരും തട്ടിപ്പുകാർക്കൊപ്പമാണെന്ന് കെ.സുരേന്ദ്രൻ. കേരളത്തിൽ ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും ഉദ്യോ​ഗസ്ഥൻമാരും തട്ടിപ്പുകാർക്കൊപ്പമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിന് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ-ഉദ്യോ​ഗസ്ഥരുമായുള്ള ബന്ധം വ്യക്തമായിരിക്കുകയാണ്. ഓരോദിവസവും ഓരോ തട്ടിപ്പുകളാണ് പുറത്ത് വരുന്നതെന്നും എറണാകുളം ഉദയംപേരൂർ ഫിഷർമാൻ ലാൻഡിംഗ് സെന്ററിൽ നടന്ന കായൽ ശുചീകരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി അമേരിക്കയിൽ പോയി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രാജ്യത്തിന്റെ പുരാവസ്തുക്കൾ തിരിച്ചെത്തിച്ചപ്പോൾ കേരളസർക്കാർ വ്യാജ പുരാവസ്തുക്കൾ വിറ്റ് തട്ടിപ്പു നടത്തുന്ന കള്ളൻമാർക്ക് ചൂട്ടുപിടിക്കുകയാണ്. ഈ തട്ടിപ്പ് ഒരു വ്യക്തി മാത്രം നടത്തിയതല്ല സർക്കാരിന്റെ അറിവോടെയാണ് നടന്നത്. ഡിജിപിയുമായും എഡിജിപിയുമായും ബന്ധമുള്ള പ്രതിയെ പറ്റി കേരള പൊലീസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല.

ഈ കേസ് ഇഡി അന്വേഷിക്കണമെന്നാണ് ഇപ്പോഴത്തെ ഡിജിപി പറഞ്ഞത്. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പുരാവസ്തുക്കളുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിന് ഈ തട്ടിപ്പിനെ പറ്റി നേരത്തെ പരാതി ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സർക്കാർ പറയണം. മൂന്ന് വർഷം മുമ്പ് തന്നെ ഇയാൾ തട്ടിപ്പ് കാരനാണെന്ന് പൊലീസ് റിപ്പോർട്ട് ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഉന്നത പൊലീസുകാർ ഇയാളുമായി അടുപ്പം തുടർന്നതെന്ന ചോദ്യത്തിന് ആഭ്യന്തര വകുപ്പ് മറുപടി പറയണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.

രാജ്യം മുഴുവൻ അഴിമതിക്കെതിരെ ശക്തമായ മുന്നേറ്റം നടക്കുമ്പോൾ കേരളത്തിൽ അഴിമതിയുടെ കൂത്തരങ്ങാണ് കാണുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കബളിപ്പിക്കപ്പെടുന്നത് മലയാളികളാണ്. അതിന് കാരണം ഇവിടെ എല്ലാ തട്ടിപ്പുകളും സർക്കാർ സംരക്ഷണത്തിലാണ് എന്നതാണ്. എല്ലാ കേസുകളും സർക്കാർ ഒതുക്കുകയാണ്.

നരേന്ദ്രമോദി രാജ്യത്തെ മുന്നോട്ട് നയിക്കുമ്പോൾ പിണറായി വിജയൻ സംസ്ഥാനത്തെ പിന്നോട്ട് നയിക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും എംപിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഒരു ടീം ഇന്ത്യയായി മുന്നോട്ട് പോവുകയാണ്. എന്നാൽ നകാരാത്മകമായ സർക്കാരാണ് കേരളത്തിലുള്ളത്. എല്ലാതലത്തിലും പ്രതിലോമ ചിന്തയാണ് പിണറായി സർക്കാരിനെ നയിക്കുന്നത്.

മോദി സർക്കാരിന് വികസനം പാവപ്പെട്ടവരിലെത്തണം എന്ന് നിർബന്ധബുദ്ധിയുണ്ട്. അഴിമതി നടക്കരുതെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. പ്രകൃതിയെ ചൂഷണം ചെയ്യാതെ മുന്നോട്ട് പോവുകയാണ് കേന്ദ്രസർക്കാർ. മോദി സർക്കാർ നവാമി ​ഗം​ഗയാണ് വിഭാവനം ചെയ്യുന്നത്. രാജ്യത്തെ എല്ലാ നദികളും മാലിന്യമുക്തമാക്കി കൊണ്ടിരിക്കുകയാണ്.

കേന്ദ്രം കൊടുക്കുന്ന പണം വഴിമാറ്റി ചിലവഴിക്കുകയാണ് ഇടത് സർക്കാർ ചെയ്യുന്നത്. ലോകം മുഴുവൻ ആചരിച്ച ടൂറിസം ദിനം കേരളത്തിൽ സർക്കാർ ആചരിച്ചത് ഹർത്താൽ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എസ് ഷൈജു, ജില്ലാ വൈസ്പ്രസിഡന്റ് എസ് സജി, തൃപ്പൂണിത്തറ മണ്ഡലം പ്രസിഡന്റ് ശ്രീകുട്ടൻ, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് രാജേഷ്, ജില്ലാ സെക്രട്ടറി സിവി സജിനി, സംസ്ഥാന കമ്മിറ്റി അം​ഗം സുദേവൻ, കെടി ബൈജു, സുനിൽ, കെവി സാബു എന്നിവർ സംസാരിച്ചു.

K Surendran Attacks LDF and UDF