പിണറായിക്കെതിരെ കെ.സുരേന്ദ്രൻ!

K Surendran against Pinarayi Vijayan

0

മുഖ്യമന്ത്രി വേട്ടക്കാരെ സംരക്ഷിക്കുന്നുവെന്ന് BJP സംസ്ഥാന അദ്യക്ഷൻ  കെ.സുരേന്ദ്രൻ.സ്ത്രീപീഡന കേസിൽ നിന്നും എൻസിപി നേതാവിനെ രക്ഷിക്കാൻ ശ്രമിച്ച മന്ത്രി എകെ ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഇരയെ അപമാനിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. വേട്ടക്കാർക്കൊപ്പമാണ് പിണറായി വിജയനും സർക്കാരുമെന്ന് അവർ തെളിയിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിലെ ജനാധിപത്യത്തിന് തീരാകളങ്കമാണ്. ശശീന്ദ്രൻ ഉടൻ രാജിവെക്കുകയാണ് വേണ്ടത്. ഇല്ലെങ്കിൽ പുറത്താക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണം. മുഖ്യമന്ത്രിയിൽ നിന്നും നീതി കിട്ടിയില്ലെന്ന പെൺകുട്ടി പറഞ്ഞത് കേരളത്തിന് നാണക്കേടാണ്. ഒരു പെൺകുട്ടിയെ എൻസിപി നേതാവ് പീഡിപ്പിക്കാൻ ശ്രമിച്ച പരാതി പിൻവലിക്കാൻ മന്ത്രി സംസാരിച്ചിട്ടും അത് എൻസിപി അന്വേഷിക്കട്ടെ എന്ന സിപിഎം നിലപാട് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.

മുമ്പ് പാർട്ടിയിലെ പല പീഡനങ്ങളും സിപിഎം ഒതുക്കിതീർത്തത് ഇത്തരം അന്വേഷണത്തിലൂടെയാണ്. എൻസിപി അന്വേഷിക്കാനാണെങ്കിൽ പിന്നെ പൊലീസും കോടതിയുമെല്ലാം എന്തിനാണ്? ഭരണഘടന സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി സെൽഭരണം നടപ്പിലാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ പറ്റാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ഇടത് സർക്കാർ. വാളയാറിലും വണ്ടിപ്പെരിയാറിലും നടന്നത് കേരളമാകെ ആവർത്തിക്കുകയാണ്.

ശശീന്ദ്രൻ രാജിവെച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് പാർട്ടിയും പോഷക സംഘടനകളും നേതൃത്വം നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. എകെ ശശീന്ദ്രന്റെ രാജി ആവശ്യം ശക്തമാകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ശശീന്ദ്രനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇടത് മുന്നണി നേതൃത്വം എൻസിപി നിലപാട് അറിയട്ടെ എന്ന നിലപാടോടെയാണ് മുന്നോട്ട് പോകുന്നത്. പീഡനക്കേസ് ഒത്ത് തീർപ്പാക്കാൻ മന്ത്രി ഇടപെട്ട സംഭവത്തിൽ ഇടത് മുന്നണി കടുത്ത പ്രതിസന്ധിയിലാണ്.

പ്രതിപക്ഷമായ UDF മന്ത്രി എകെ ശശീന്ദ്രൻ രാജി വെയ്ക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ മന്ത്രി എകെ ശശീന്ദ്രനുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി മന്ത്രിയുടെ രാജി ആവശ്യം മുന്നോട്ട് വെച്ചില്ലെന്നാണ് വിവരം. അതേസമയം NCP സംഭവത്തിൽ പാർട്ടി തലത്തിൽ അന്വേഷണം നടത്തുകയാണ്. മുഖ്യമന്ത്രിയോട് മന്ത്രി ശശീന്ദ്രൻ പാർട്ടി തർക്കം തീർക്കുന്നതിനാണ് ഇടപെട്ടതെന്ന് നേരത്തെ വിശദീകരിച്ചിരുന്നു.

 

എന്നാൽ പീഡനക്കേസ് ഒത്ത് തീർപ്പാക്കാൻ മന്ത്രി ഇടപെട്ടതിൽ പ്രതിഷേധം ശക്തി പ്രാപിക്കുന്നത് ഇടത് മുന്നണിക്ക് തലവേദനയായിട്ടുണ്ട്. മന്ത്രിയുടെ ഭാഗത്ത് നിന്നും  ഉണ്ടായ ഇടപെടലിൽ സർക്കാർ നിയമോപദേശം തേടിയതായി റിപ്പോർട്ടുണ്ട്. മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് എന്തിന് മുഖ്യമന്ത്രി സ്വീകരിക്കുന്നു എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

അതിനിടെ പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ മന്ത്രി എ കെ ശശീന്ദ്രന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം തയ്യാറെടുക്കുകയാണ്. നിയമസഭാ സമ്മേളനത്തിൽ പ്രശ്നം ഉന്നയിക്കുന്നതിനൊപ്പം സഭയ്ക്ക് പുറത്തും പ്രതിഷേധം കടുപ്പിക്കുന്നതിനാണ് UDF തയ്യാറെടുക്കുന്നത്. അതേസമയം യുവമോർച്ച എ.കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.

കഴിഞ്ഞ ദിവസം  മുഖ്യമന്ത്രി പിണറായി വിജയന്  ഫോണിൽ വിശദീകരണം നൽകിയ മന്ത്രി എ.കെ.ശശീന്ദ്രൻ കോഴിക്കോട് നിന്നും തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. സിപിഎം കരുതലോടെയാണ് പ്രശ്നത്തിൽ പ്രതികരിച്ചത്. എൻസിപി അന്വേഷണ കമ്മീഷനെ വച്ച സാഹചര്യത്തിൽ ആ പാർട്ടി നിലപാട് എടുക്കും വരെ കാത്തിരിക്കാമെന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട്. പരാതിക്കാരിയും കുടുംബവും മന്ത്രിക്കെതിരെ കൂടുതൽ ആരോപണം ഉന്നയിച്ചത് സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

രാജിക്കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനം എടുക്കട്ടേ എന്ന നിലപാട് സി പി എം സ്വീകരിക്കാനും സാധ്യതയുണ്ട്. എന്തായാലും BJP സംസ്ഥാന ആദ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രി വേട്ടക്കാരെ സംരക്ഷിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് വന്നത് സി പി എം നെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സുരേന്ദ്രൻ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് രംഗത്ത് വന്നത് സി പി എം നെ പ്രതിസന്ധിയിലാക്കുമെന്നുറപ്പാണ്. യുവമോർച്ച വിഷയത്തിൽ പ്രക്ഷോഭ രംഗത്താണ്.

മഹിളാ മോർച്ചയും മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധം കരുത്താർജിക്കുമ്പോഴും മുഖ്യമന്ത്രി എന്തിന് എകെ ശശീന്ദ്രനെ സംരക്ഷിക്കുന്നു എന്ന ചോദ്യവും സി പി എമ്മിന് നേർക്ക് ഉയർന്നിട്ടുണ്ട്.

 

 

 

K Surendran against Pinarayi Vijayan