‘ കിറ്റപ്പൻ സർക്കാരിന് അഭിവാദ്യമർപ്പിച്ച് ബാനറുകൾ ഉയരും ‘

0

 

 

300 കോടി രൂപയുടെ സഹകരണ ബാങ്ക് തട്ടിപ്പ് വാർത്ത കണ്ടിട്ട് യാതൊരു അത്ഭുതവും ഇല്ല. ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാകാനാണ് സാധ്യത..

സഹകരണ ബാങ്കുകളിലെ തട്ടിപ്പും, വെട്ടിപ്പും ചൂണ്ടിക്കാണിച്ചാൽ ഉടൻ തുടങ്ങും സഹകരണ സ്ഥാപനങ്ങളെ തകർക്കുന്നെ എന്ന് പറഞ്ഞ് നിലവിളി. ഈ നിലവിളി നടത്തുന്നവർ തന്നെയാണ് സഹകരണ ബാങ്കുകളെ തകർക്കുന്നത് എന്നതാണ് വാസ്തവം.

സഹകരണ സംഘങ്ങൾ (Primary Credit Society) ‘ബാങ്ക്’ എന്ന പദം പോലും ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. സഹകരണ സംഘം എന്ത് ഉദ്ദേശത്തിന് വേണ്ടി തുടങ്ങിയോ ആ മേഖലയിൽ മാത്രം ആയിരിക്കണം അതിന്റ പ്രവർത്തനം എന്നതാണ് ചട്ടം.

നിലവിൽ ഒരു സഹകരണ ബാങ്കിന്റെ ചെയർമാൻ ആകാൻ യാതൊരു യോഗ്യതയോ, പ്രവർത്തി പരിചയമോ വേണ്ട. അംഗങ്ങൾ വോട്ട് ചെയ്താൽ ഏതൊരാൾക്കും ബാങ്കിന്റെ പ്രസിഡന്റ്‌ ആയി വിലസാം. ഭരണ സമിതിയാണ് ജീവനക്കാരെ നിയമിക്കുന്നത്. അവിടെയും യോഗ്യതയും, പ്രവർത്തി പരിചയവും ഒന്നും ഒരു മാനദണ്ഡമല്ല.

അതായത് ഭരണ സമിതി ഏതെങ്കിലും പാർട്ടിക്കായിരിക്കും. അവിടെ ജോലിക്ക് വെക്കുന്നത് ആ പാർട്ടി അടിമക്കളെയും ആയിരിക്കും. അവിടെ ഏത് രീതിയിലുള്ള ബാങ്കിംഗ് സേവനം ആയിരിക്കും നടക്കുക എന്ന് പറയേണ്ടല്ലോ..

300 കോടി രൂപയുടെ തട്ടിപ്പ് നടന്ന ബാങ്കിൽ 16 കൊല്ലമായി ഒരേ മാനേജർ തന്നെ ആയിരുന്നു! അയാൾ ഏതോ ലോക്കൽ കമ്മിറ്റി നേതാവ് ആയിരുന്നത്രെ. അതാണ് മാനേജർ ആകാനുള്ള യോഗ്യതയും!

സഹകരണ വകുപ്പ് സംസ്ഥാന വിഷയം ആണ്. പറയുമ്പോൾ സഹകരണ വകുപ്പ് രജിസ്ട്രാർ ഒക്കെയുണ്ട്. അവരുടെ നിയന്ത്രണം ഉണ്ട്. അതും കൂടാതെ സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങും ഒക്കെയുണ്ട്. പക്ഷെ ഇതെല്ലാം പേപ്പറിൽ മാത്രം.

ഓഡിറ്റിംഗ് നടത്തുന്ന ഉദ്യോഗസ്ഥർ ആരും പ്രൊഫഷണൽ യോഗ്യത ഉള്ളവർ അല്ല എന്നാണ് മനസിലാക്കുന്നത്. അത് തന്നെയുമല്ല ഇനിയിപ്പോൾ എന്തെങ്കിലും ക്രമക്കേട് കണ്ടുപിടിച്ചാലും രാഷ്ട്രീയ ഇടപെടൽ മൂലം ഒന്നും ചെയ്യാനും കഴിയില്ല.

ഇപ്പോൾ ക്രമക്കേട് നടന്ന ബാങ്കിൽ വര്ഷങ്ങളായി തട്ടിപ്പ് നടക്കുകയായിരുന്നു. പക്ഷെ ഒരു ഓഡിറ്റിങ്ങിലും അത് കണ്ടെത്തിയില്ല, അല്ലെങ്കിൽ പൂഴ്ത്തി വെച്ചു എന്ന് വേണം അനുമാനിക്കാൻ.

ഈ ഓഡിറ്റ്‌ നടത്തിയ ആളുകൾക്ക് അക്കൗണ്ടബിലിറ്റി എന്നൊന്ന് ഇല്ല എന്നാണ് തോന്നുന്നത്. അല്ലെങ്കിൽ ഓഡിറ്റിംഗ് നടത്തിയത് എല്ലാം പാർട്ടി അടിമകൾ ആയിരിക്കും..

സഹകരണ ബാങ്കുകളിൽ പ്രൊഫഷണൽ ഓഡിറ്റ് വേണം എന്നത് നിരവധി കമ്മറ്റികൾ നിർദേശിച്ചിട്ടുള്ളതാണ്. പക്ഷെ തട്ടിപ്പ് ഒക്കെ പുറത്ത് വരും എന്നതുകൊണ്ട് ഉടൻ തുടങ്ങി സഹകരണ ബാങ്കുകളെ കേന്ദ്രം തകർക്കുന്നെ എന്ന നിലവിളി.

കള്ളപ്പണം വെളുപ്പിക്കൽ എന്ന ആരോപണം എത്രയോ കാലങ്ങളായി ഉണ്ട്. ഇൻകം ടാക്സ് റെയ്ഡ് വരുമ്പോൾ നോക്കുകൂലി ഗുണ്ടകളെ ഉപയോഗിച്ച് അത് തടയുന്ന കാഴ്ച്ച പലപ്പോഴും വാർത്ത ആയിട്ടുണ്ട്.

സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ മാത്രമാണ് ഉള്ളത് എന്നാണ് മനസിലാക്കുന്നത്.

തട്ടിപ്പ് നടന്ന ബാങ്കിൽ 10 ലക്ഷം രൂപ നിക്ഷേപിച്ച ഒരാൾ നിക്ഷേപിച്ച തുക തിരികെ ലഭിക്കാൻ വേണ്ടി മാസങ്ങളായി കയറി ഇറങ്ങുക ആണത്രേ. അക്കൗണ്ടിൽ എത്ര ലക്ഷം ഉണ്ടെങ്കിലും ഒരു ദിവസം 10000 രൂപ വരയെ ഒരാൾക്ക് പിൻവലിക്കാൻ കഴിയൂ . അതും ബാങ്കിൽ ആദ്യം എത്തുന്ന ആദ്യ 30 പേർക്ക് മാത്രം! ഇതുപോലുള്ള വിചിത്ര ബാങ്കിംഗ് സംവിധാനം ലോകത്ത് വേറെ എവിടെയെങ്കിലും ഉണ്ടാകുമോ എന്നറിയില്ല.

കാലാകാലങ്ങളിൽ സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്താനും, തട്ടിപ്പുകൾ തടയാനും നിരവധി നിർദേശങ്ങൾ കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. അപ്പോഴെല്ലാം സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ കേന്ദ്രം നോക്കുന്നു, സാധാരണക്കാർക്ക് ഏക ആശ്രയം സഹകരണ ബാങ്കാണ് എന്ന ക്‌ളീഷേ ഉയർത്തിയാണ് ഇവിടെ പ്രതിരോധം ഉയർത്തിയിരുന്നത്.

യഥാർത്ഥത്തിൽ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ഇവിടെ. ഒരു ഉദ്ദഹരണം പറയാം. വലിയ കൊട്ടിഘോഷിച്ചു തുടങ്ങിയ സഹകരണ മേഘലയിലെ കേരള ബാങ്കിൽ ഹോം ലോൺ പലിശ 9% ഉം, SBI യിൽ അത് 6.80% ആണ്!
ചുമ്മാ ആധാരം കൊണ്ടുവെച്ചാൽ കേരള ബാങ്ക് വായിപ്പ നൽകുകയും ഇല്ല. SBI ചോദിക്കുന്നത് തന്നെ കേരള ബാങ്കും ചോദിക്കും..

നമ്മുടെ സമൂഹത്തിന്റെ അറിവില്ലായ്മയെ ആണ് ഇവർ മുതലെടുക്കുന്നത്.

ഇനിയിപ്പോൾ ഈ 300 കോടി രൂപയുടെ തട്ടിപ്പ് കേസ് എന്താകും എന്ന് നോക്കാം. സിബിഐ അന്വേഷണത്തെ ജനകീയ സർക്കാർ സുപ്രീം കോടതി വരെ പോയി എതിർക്കും. അതിന് വേണ്ടി ഒരു രണ്ടോ മൂന്നോ കോടി രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ചാലും സിബിഐ അന്വേഷിക്കേണ്ട. സിബിഐ യിൽ വിശ്വാസം ഇല്ല.

വായ്പ കൊടുത്തവരും എടുത്തതും എല്ലാം അന്തങ്ങൾ ആയത് കൊണ്ട് പാർട്ടി സംരക്ഷണ കവചം ഒരുക്കും. പ്രതികളുടെ സ്വത്ത് കണ്ടെത്തും എന്ന ഡയലോഗ് ഒക്കെ ഇറക്കും, പക്ഷെ 300 കോടി പോയിട്ട് 30 കോടി പോലും പ്രതികളിൽ നിന്ന് കിട്ടില്ല. അപ്പോൾ അവിടെ നിക്ഷേപിച്ച സാധാരണക്കർക്ക് നിക്ഷേപ തുക ആര് നൽകും? കേരള ബാങ്കിൽ നിന്നെടുത്ത 50 കോടിയോ മറ്റോ ആരടയ്ക്കും? സംശയം എന്താ, സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ ജനകീയ സർക്കാർ നമ്മുടെ നികുതിപ്പണത്തിൽ നിന്ന് എടുത്ത് കൊടുക്കും!

ആ വാർത്ത കണ്ട് സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തിയ കിറ്റപ്പൻ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് കേരളത്തിൽ അങ്ങോളമിങ്ങോളം ബാനറുകൾ ഉയരും, കൂടെ അന്തങ്ങൾ എല്ലാം റോഡരികിൽ നിന്ന് നന്മയുള്ള ലോഹമേ പാട്ടും പാടും 😁

യാതൊരു യോഗ്യതയും, പ്രവർത്തി പരിചയവും ഇല്ലാത്ത ആളുകൾ ഒരു ബാങ്കിന്റെ തലപ്പത്ത് ഇരിക്കുക, പാർട്ടി അടിമകൾ ആകുന്നവർ ബാങ്കിൽ ജോലിക്കാർ ആകുക, അവിടെ പരിശോധനയ്ക്ക് വരുന്നത് പ്രൊഫഷണൽ യോഗ്യത ഇല്ലാത്ത ആളുകളും (അതിലും ഉണ്ടാകും കുറെ പാർട്ടി അടിമകൾ ).. ഇതിന് മാറ്റം വരാതെ ഇത് ഗതിപിടിക്കില്ല, എന്ന് മാത്രവുമല്ല ബാങ്കിൽ നിക്ഷേപം നടത്തുന്നവർക്ക് വലിയ റിസ്ക്കും ആയിരിക്കും ഉണ്ടാകുക..

സഹകരണ സ്ഥാപനങ്ങൾ പാർട്ടി നിയന്ത്രണത്തിലാക്കി പാർട്ടി അടിമകൾക്ക് തട്ടിപ്പിലൂടെ പണം നൽകാനും, പാർട്ടി ക്രിമിനലുകൾക്കും, കൊലപാതക കേസിലെ പ്രതികൾക്കും ജോലി കൊടുക്കാനും വേണ്ടി സൃഷ്ടിച്ചതല്ല. സഹകരണ സ്ഥാപനങ്ങൾ ശക്തിപ്പെടണം എങ്കിൽ പ്രൊഫഷണലിസം ഉണ്ടാകണം. പാർട്ടിക്കാർക്ക് അഴിതി കാണിക്കാൻ അല്ല സഹകരണ സ്ഥാപനങ്ങൾ.

കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളിലും പ്രൊഫഷണൽ ഓഡിറ്റിംഗ് നടത്തി നോക്കിയാൽ അറിയാം എന്താണ് യാഥാർഥ്യം എന്ന്. ക്‌ളീഷെകൾ കൊണ്ട് തട്ടിപ്പുകൾ മറയ്ക്കുന്ന കാലം ഇനിയും തുടരാൻ കഴിയില്ല.

കേന്ദ്ര സഹകരണ വകുപ്പ് തുടങ്ങിയതിന്റെ ഒരു ഉദ്ദേശം ഇതുപോലുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യം വെച്ചാണ്. അത് തന്നെയാണ് സഹകരണ പ്രസ്ഥാനങ്ങളെ കേന്ദ്രം തകർക്കാൻ നോക്കുന്നെ എന്ന നിലവിളിയുടെ ശക്തി കൂടിയതിന് പ്രധാന കാരണവും 😁