യൂറോ കപ്പ് റോമിലേക്ക്;ആവേശകരമായ മത്സരത്തിൽ ഇറ്റലി ഇംഗ്ലണ്ടിനെ കീഴടക്കിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ!

0

വെംബ്ലി:പെനാൽട്ടി ഷൂട്ടൗട്ട് വരെ ആവേശം നിറഞ്ഞ യൂറോ കപ്പ് ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി കിരീടത്തിൽ മുത്തമിട്ടു. തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ​ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാൽട്ടി ഷൂട്ടൗട്ടിൽ വിജയം സമ്മാനിച്ചത്. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് അസൂറികൾ വിജയം നേടിയത്.

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽട്ടി ഷൂട്ടൗട്ടിലേക്കും എത്തിയത്. 1976-ലാണ് ഇതിനുമുൻപ് ഒരു യൂറോ കപ്പ് ഫൈനൽ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.പെനാൽട്ടിയിൽ ഇറ്റലിയ്ക്കായി ബെറാർഡി, ബൊനൂച്ചി, ബെർണാഡെസ്കി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹാരി മഗ്വയറും ഹാരി കെയ്നും മാത്രമാണ് ഇംഗ്ലണ്ടിനായി പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചത്. മാർക്കസ് റാഷ്ഫോർഡ്, ജേഡൻ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരുടെ കിക്കുകൾ പാഴായി.നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷോയും ഇറ്റലിയ്ക്കായി ലിയോണാർഡോ ബൊനൂച്ചിയും സ്കോർ ചെയ്തു.1968-ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പിൽ മുത്തമിടുന്നത്. ആദ്യ യൂറോകപ്പ് കിരീടം ലക്ഷ്യം വെച്ചിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് കണ്ണിരോടെ സ്വന്തം കാണികൾക്ക് മുന്നിൽ മടക്കം. ആദ്യം ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് കളി കൈവിട്ടത്.ഗോൾ നേടിയ ശേഷം പ്രതിരോധത്തിലേക്ക് നീങ്ങിയ ഇംഗ്ളണ്ടിന്റെ തന്ത്രമാണ് പിഴച്ചത്.ഇറ്റലി കിരീടം സ്വന്തമാക്കിയത് റോബർട്ടോ മാൻചീനിയുടെ തന്ത്രങ്ങളുടെ മികവിലാണ് . കഴിഞ്ഞ 34 മത്സരങ്ങളിലായി പരാജയമറിയാതെ കുതിപ്പ് തുടരുന്ന ഇറ്റലി ഒരു മത്സരം പോലും തോൽക്കാതെയാണ് യൂറോ കപ്പ് സ്വന്തമാക്കിയത്.

യൂറോ കപ്പിലെ താരമായി ഇറ്റലിയുടെ ​ഡോണറുമ്മയെ തെരെഞ്ഞെടുത്തു.ഇറ്റലി കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ ഇംഗ്ലണ്ട് ഒരു മാറ്റവുമായാണ് ഫൈനലിൽ ഇറങ്ങിയത്. ബുക്കായോ സാക്കയ്ക്ക് പകരം കീറൺ ട്രിപ്പിയർ ടീമിൽ ഇടം നേടി. വർണാഭമായ സമാപന ചടങ്ങുകളോടെയാണ് ഫൈനൽ മത്സരം ആരംഭിച്ചത്.മത്സരം തുടങ്ങിയ ഉടൻ തന്നെ ഇറ്റലിയ്ക്കെതിരേ ഇംഗ്ലണ്ട് ലീഡെടുത്തു. രണ്ടാം മിനിട്ടിൽ തന്നെ ലൂക്ക് ഷോയാണ് ഇംഗ്ലണ്ടിനായി സ്കോർ ചെയ്തത്.യൂറോ ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ നേടിയ താരം എന്ന റെക്കോഡ് ലൂക്ക് ഷോ സ്വന്തമാക്കി.ലൂക്ക് ഷോ ഇംഗ്ലണ്ടിനായി നേടുന്ന ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയാണിത്


ഇറ്റലിയ്ക്ക് ലഭിച്ച കോർണർ കിക്ക് രക്ഷപ്പെടുത്തിയ ഇംഗ്ലീഷ് പ്രതിരോധത്തിൽ നിന്നും പിറന്ന കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഗോൾ പിറന്നത്. പന്തുമായി മുന്നേറിയ ഹാരി കെയ്ൻ പന്ത് ട്രിപ്പിയർക്ക് കൈമാറി. പന്തുമായി ബോക്സിലേക്ക് കയറാൻ ശ്രമിച്ച ട്രിപ്പിയർ മികച്ച ഒരു ക്രോസ് ബോക്സിലേക്ക നൽകി. പന്ത് കൃത്യമായി പിടിച്ചെടുത്ത ലൂക്ക് ഷോ അതിശക്തമായ ഒരു കിക്കിലൂടെ പന്ത് വലയിലെത്തിച്ചു. ഗോൾകീപ്പർ ഡോണറുമ്മയ്ക്ക് അത് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ.തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയതോടെ ഇറ്റലി പതറി. ഏഴാം മിനിട്ടിൽ ഇറ്റലിയ്ക്ക് ഇംഗ്ലണ്ട് ബോക്സിന് തൊട്ടുപുറത്തുനിന്നും ഫ്രീകിക്ക് ലഭിച്ചെങ്കിലും കിക്കെടുത്ത ഇൻസീന്യെയ്ക്ക് പിഴച്ചു. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.ആദ്യ പകുതിയിൽ ഇംഗ്ലണ്ട് തന്നെയാണ് ആധിപത്യം പുലർത്തിയത്. ഇറ്റലിയുടെ ഓരോ ആക്രമണത്തെയും സമർഥമായി തന്നെ ഇംഗ്ലീഷ് പ്രതിരോധനിര നേരിട്ടു.67-ാം മിനിട്ടിൽ ഇറ്റലി സമനില ഗോൾ നേടി. പ്രതിരോധതാരം ലിയോണാർഡോ ബൊനൂച്ചിയാണ് ടീമിനായി സ്കോർ ചെയ്തത്. കോർണർ കിക്കിലൂടെയാണ് ഗോൾ പിറന്നത്. ഇംഗ്ലീഷ് ബോക്സിനുള്ളിലേക്ക് പറന്നിറങ്ങിയ കോർണർ കിക്കിന് വെരാട്ടി തലവെച്ചെങ്കിലും അത് കൃത്യമായി പിക്ക്ഫോർഡ് രക്ഷപ്പെടുത്തി. എന്നാൽ പന്ത് ക്രോസ് ബാറിൽ തട്ടി ബൊനൂച്ചിയുടെ കാലിലേക്കാണെത്തിയത്. മാർക്ക് ചെയ്യപ്പെടാതെയിരുന്ന ബൊനൂച്ചി പന്ത് അനായാസം വലയിലെത്തിച്ചു.
ഇംഗ്ലണ്ട് ടൂർണമെന്റിൽ വഴങ്ങുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്. ബൊനൂച്ചിയുടെ ടൂർണമെന്റിലെ ആദ്യ ഗോളാണിത്.എക്സ്ട്രാ ടൈമിലും കാര്യമായ നീക്കങ്ങൾ ഇരുടീമുകൾക്കും നടത്താനായില്ല. ഇതോടെ മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടു.പെനാൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലി നേടിയപ്പോൾ സ്വന്തം കാണികൾക്കു മുന്നിൽ ഇംഗ്ലണ്ടിന് നിരാശയായിരുന്നു.