പ്രസവിച്ച കുഞ്ഞിനെ തേടി ഒരമ്മ;സാക്ഷര കേരളത്തിന് അപമാനം;പ്രതി സി പി എം നേതാവ്

Insult to literate Kerala; accused CPM leader

0

 

 

അമ്മയില്‍ നിന്ന് കുട്ടിയെ തട്ടിയെടുക്കുക. പരാതി കൊടുത്തിട്ട് തിരിഞ്ഞു നോക്കാത്തെ പൊലീസും. മലയാളിയുടെ മനസാക്ഷിക്ക് നേരെയുള്ള ചോദ്യമാണ് ഈ വാര്‍ത്ത. സര്‍ക്കാരില്‍ സ്വാധീനമുണ്ടെങ്കില്‍ എന്ത് തോന്ന്യവാസവും കേരളത്തില്‍ ആകാമെന്നതിന് തെളിവ്.സാക്ഷര കേരളത്തിന് അപമാനമാണ് ഇത്.പ്രസവിച്ച കുഞ്ഞിനെ തേടി തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കയറിയിറങ്ങുകയാണ് ഒരമ്മ. കമ്യൂണിസ്റ്റ് കുടുംബത്തില്‍ അതും തിരുവനന്തപുരത്ത് നഗരത്തിലാണ് ഇതെല്ലാം സംഭവിച്ചതെന്നതാണ് ഞെട്ടിക്കുന്നത്. പ്രതിസ്ഥാനത്തുള്ളത് സിപിഎം നേതാവ്. അതുകൊണ്ട് തന്നെ പൊലീസിനും അനക്കമില്ല. സാമൂഹിക പ്രവര്‍ത്തകരുടെ ഞെട്ടലുമില്ല.ഒരു വര്‍ഷം മുമ്ബ് പ്രസവിച്ച കുഞ്ഞിനെ തന്റെ അച്ഛനും അമ്മയും കൊണ്ടുപോയെന്ന ഗുരുതര ആരോപണവുമായാണ് അനുപമയെന്ന 22 കാരി രംഗത്തെത്തിയിരിക്കുന്നത്. പേരൂര്‍ക്കട പൊലീസിലും ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കിയിട്ടും കുഞ്ഞിനെക്കണ്ടെത്താന്‍ സഹായിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി.

കേന്ദ്ര ഏജന്‍സികള്‍ റെയ്ഡിനെത്തിയപ്പോള്‍ നേതാവിന്റെ കൊച്ചുമക്കളെ രക്ഷിക്കാന്‍ ഓടിയെത്തി രാഷ്ട്രീയ നാടകം കളിച്ചവര്‍ക്ക് ഈ അമ്മയുടെ കണ്ണീര് തുടയ്ക്കാന്‍ ഒന്നും ചെയ്യാനില്ല.കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയതിന് ശേഷം എവിടെയാണെന്ന് തന്റെ കുഞ്ഞെന്ന് രക്ഷിതാക്കള്‍ പറയുന്നില്ലെന്നും കുഞ്ഞിനെ തനിക്ക് വേണമെന്നും യുവതി ആവശ്യപ്പെടുന്നു. പേരൂര്‍ക്കടയിലെ പ്രാദേശിക സിപിഎം നേതാവ് ജയചന്ദ്രന്റെ മകളാണ് രക്ഷിതാക്കള്‍ക്കെതിരെ രംഗത്തു വന്നത്. പല പ്രമുഖ സിപിഎം നേതാക്കളുമായി വ്യക്തിബന്ധമുള്ള നേതാവാണ് ജയചന്ദ്രന്‍. പൊലീസിനും ഇതെല്ലാം അറിയാം. അതുകൊണ്ട് തന്നെ ഈ കേസില്‍ ജയചന്ദ്രന്‍ ഇടപെടുന്നില്ല.അച്ഛനെതിരെ ഗുരുതര ആരോപണമാണ് അനുപമ ആരോപിക്കുന്നത്. പ്രസവിച്ച ശേഷം കുഞ്ഞിനെ അച്ഛന്‍ തട്ടിക്കൊണ്ടു പോയി. സിസേറിയന്‍ കഴിഞ്ഞ് കിടക്കുമ്ബോള്‍ എതിര്‍ത്തു. എന്നാല്‍ ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ വലിയ ഇടപെടല്‍ കഴിഞ്ഞില്ല. കുട്ടിയെ പിന്നീട് കാണിച്ചു തരാമെന്ന് അമ്മ പറഞ്ഞു. സഹോദരിയുടെ വിവാഹം കഴിയും വരെ മാറ്റി നിര്‍ത്താം എന്നാണ് അമ്മ പറഞ്ഞത്. പിന്നീടൊരിക്കലും കുട്ടിയെ കണ്ടില്ലെന്നും അനുപമ പറയുന്നു.

എസ്‌എഫ്‌ഐ പ്രവര്‍ത്തകയായിരുന്ന അനുപമയും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയായിരുന്ന അജിത്തും തമ്മില്‍ പ്രണയത്തിലായി. അജിത്ത് ദളിത് ക്രിസ്ത്യന്‍ ആയതുകൊണ്ടും അനുപമയുടെ കുടുംബത്തിന്റെ പദവിക്ക് യോജിക്കില്ല എന്നതുകൊണ്ടും വിവാഹിതന്‍ ആയതുകൊണ്ടും ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. ഇരട്ട വിവാഹം നിയമം അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ സമയത്തെ എതിര്‍പ്പിന് നിയമപരമായ പിന്തുണയുണ്ടെന്ന് അവകാശപ്പെടാം. എന്നാല്‍ പിന്നീട് സംഭവിച്ചതെല്ലാം ഞെട്ടിക്കുന്നതാന്നു..വിവാഹത്തെ അച്ഛനും അമ്മയും എതിര്‍ക്കുന്നതിനിടെയില്‍ അനുപമ ഗര്‍ഭിണിയായി. വീട്ടുകാരുടെ നേതൃത്വത്തില്‍ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 19 ന് സിസേയറിനിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ജനുവരിയില്‍ വിവാഹമോചനം നേടിയ അജിത്ത് മാര്‍ച്ച്‌ മാസം മുതല്‍ അനുപമയ്‌ക്കൊപ്പം താമസം തുടങ്ങി. ഏപ്രില്‍ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂര്‍ക്കട പൊലീസില്‍ നല്‍കി.പലതവണ നേരിട്ട് പോയി. കുട്ടിയെ അന്വേഷിച്ച്‌ കണ്ടെത്തുകയോ കേസെടുക്കുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ പറയുന്നു.

പ്രസവിച്ച്‌ ഒരുവര്‍ഷമാകുമ്ബോഴും കുട്ടി എവിടെയാണെന്ന് അനുപമയ്ക്കറിയില്ല. അച്ഛനും അമ്മയും വ്യക്തമായ മറുപടിയും നല്‍കുന്നില്ല. കുട്ടിയെ അനുപമയുടെ രക്ഷിതാക്കള്‍ ഉപേക്ഷിച്ചു എന്നാണ് ഒരു പൊലീസുദ്യോഗസ്ഥനില്‍ നിന്നറിഞ്ഞത്.അതേ സമയം കുട്ടിയെ മകളുടെ സമ്മതത്തോടെ നിയമപരമായി കൈമാറിയെന്നാണ് അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്റെ വിശദീകരണം. വിവാഹം കഴിപ്പിച്ച്‌ കൊടുക്കാത്തതിന്റെ വൈരാഗ്യം തീര്‍ക്കാനുള്ള പരാതിയും അപമാനിക്കലുമാണ് നടക്കുന്നതെന്നും ജയചന്ദ്രന്‍ പറഞ്ഞു. അങ്ങനെ കുട്ടിയെ നിയമപരമായി കൈമാറാന്‍ കഴിയുമോ എന്ന ചോദ്യവും ഉയരുന്നു. പറ്റില്ലെന്നാണ് ലഭിക്കുന്ന മറുപടി. പക്ഷേ പൊലീസ് മൗനത്തിലാണ്. ഈ കഥ സോഷ്യല്‍ മീഡിയ വൈറലാക്കുമ്ബോള്‍ ഉയരുന്നത് നിരവധി സാമൂഹിക പ്രസക്തിയുള്ള ചോദ്യങ്ങളാണ്.

Insult to literate Kerala; accused CPM leader