പാക് സൈനികന് ഇതുപോലൊരു ആദരവ് സ്വന്തം രാജ്യത്ത് പോലും ലഭിക്കില്ല, മാതൃകയായി ഇന്ത്യൻ സൈന്യം

Indian Army rebuilt graveyard of a Pakistani Soldier

0

ശ്രീനഗർ: ലോകത്തിലെ ഏറ്റവും നല്ലവരായ സൈന്യമെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട് ഇന്ത്യൻ സേന. പോരാട്ട വീര്യത്തിലും മനുഷ്യത്വത്തിലും ഉദാത്ത മാതൃക പിന്തുടരുന്ന നമ്മുടെ സൈന്യം ലോകത്തിന് തന്നെ മാതൃകയാണ്. കശ്മീരിലെ നൗഗം സെക്ടറിൽ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥന്റെ കബറിടം പുതുക്കി പണിതാണ് തങ്ങൾക്ക് മനുഷ്യത്വം എത്രത്തോളമുണ്ടെന്ന് ഇന്ത്യൻ സൈന്യം ഒരിക്കൽക്കൂടി തെളിയിച്ചത്. ഇന്ത്യൻ സൈനികർക്ക് ഒരിക്കൽക്കൂടി ലോകത്തിന്റെ ആദരം.

1972 ൽ കൊല്ലപ്പെട്ട പാക് മേജർ മുഹമ്മദ് ഷബീർഖാന്റെ കബറിടമാണ് ചുറ്റുവേലി ഉൾപ്പെടെ കെട്ടി ഇന്ത്യൻ സൈന്യം മനോഹരമാക്കിയത്. ഇതിന്റെ ചിത്രങ്ങൾ സൈന്യം ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. പാകിസ്ഥാനിലെ ഉന്നത സൈനിക ബഹുമതികൾ നേടിയിട്ടുള്ള ഉദ്യോഗസ്ഥനായിരുന്നു മുഹമ്മദ് ഷബീർഖാൻ. പാകിസ്ഥാനു വേണ്ടി ഇന്ത്യൻ സൈനികരെ നേരിടുന്നതിനിടെ 1972 ലായിരുന്നു അദ്ദേഹം വെടിയേറ്റ് വീഴുന്നത്. പക്ഷെ പതിവുപോലെ തന്നെ മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കാൻ പാകിസ്ഥാൻ തയ്യാറായില്ല. സ്വന്തം രാജ്യത്തിനു വേണ്ടി പോരാടിയ വ്യക്തിയാണെന്നോ ഉന്നത സൈനിക ബഹുമതി നേടിയ ഉദ്യോഗസ്ഥനാണെന്നോ ഉള്ള പരിഗണന പോലും പാക് സൈനികർ നൽകിയില്ല.

ഇവിടെയാണ് മൃതദേഹങ്ങളോട് ഭേദഭാവം കാണിക്കാത്ത ഇന്ത്യൻ സൈന്യത്തിന്റെ വിശാല ഭാവം നാം കാണുന്നത്. ഇന്ത്യൻ സൈന്യം അദ്ദേഹത്തിന്റെ മൃതദേഹം യഥാവിധി സംസ്കരിച്ചു. തങ്ങളെ ആക്രമിച്ച ശത്രുരാജ്യത്തിന്റെ പട്ടാളക്കാരനായിരുന്നു എന്നൊന്നും സൈന്യം കണക്കാക്കിയില്ല. ആ കബറിടമാണ് ഇപ്പോൾ പുതുക്കിപ്പണിതത്.
ഇന്ത്യൻ പട്ടാളക്കാരോട് പാകിസ്ഥാൻ കാണിച്ചു വരുന്ന ക്രൂരതകൾ മുന്നിലുള്ളപ്പോഴാണ് ഈ മനുഷ്യത്വം എന്നോർക്കുക. മൃതദേഹത്തോടും യുദ്ധ തടവുകാരോടും പാക് സൈന്യം കാണിക്കാറുള്ള ഭീകരമുഖം കുപ്രസിദ്ധമാണ്. കാർഗിൽ യുദ്ധസമയത്തുൾപ്പെടെ ഇത് പലവട്ടം കണ്ടിട്ടുണ്ട്. പാക് ഭരണകൂടം അറിഞ്ഞു തന്നെയാണ് സൈന്യത്തിന്റെ ഈ ചെയ്തികൾ. അതിനാലാണ് തങ്ങളുടെ പട്ടാളക്കാർ ചെയ്യുന്ന ക്രൂര നടപടികൾക്കെതിരെ പ്രതികരിക്കാനോ, അപലപിക്കാനോ പാകിസ്ഥാൻ തയ്യാറാകാത്തത്.

Content highlight: Indian Army rebuilt graveyard of a Pakistani Soldier