കൊവിഡ് പ്രതിരോധത്തിൽ സുപ്രധാന നേട്ടവുമായി ഇന്ത്യ; പുതിയ രോഗബാധിതർ 50,000 ൽ താഴെ

India make significant strides in covid defense

0

ഡൽഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സുപ്രധാന നാഴികക്കല്ലുകള്‍ പിന്നിട്ട് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി 50,000ല്‍ താഴെ (46,790) പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നു മാസങ്ങളില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നേട്ടം. ജൂലൈ 28ന് 47,703 പേരായിരുന്നു പുതുതായി രോഗബാധിതരായവര്‍.

നിലവില്‍ രോഗബാധിരായവരുടെ നിരക്ക് ആകെ രോഗികളുടെ 10 ശതമാനത്തിന് താഴെയായി എന്നതാണ് മറ്റൊരു സുപ്രധാന നേട്ടം. നിലവില്‍ 7,48,538 രോഗികളാണ് രാജ്യത്തുള്ളത്. ആകെ രോഗബാധിതരുടെ 9.85 ശതമാനമാണ് ഇത്. രോഗമുക്തി നേടിയവരുടെ എണ്ണം 67,33,328 ആണ്. ആകെ രോഗ മുക്തരും നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും തമ്മിലുള്ള അന്തരം 59,84,790. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,720 പേരാണ് രോഗമുക്തി നേടിയത്. 88.63 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്.

പുതുതായി രോഗമുക്തി നേടിയവരില്‍ 78 ശതമാനവും 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗമുക്തി ഉണ്ടായത്. 15,000 ലേറെ പേരാണ് ഇന്നലെ സുഖം പ്രാപിച്ചത്. 8000ലധികം രോഗമുക്തരുമായി കര്‍ണ്ണാടകയാണ് തൊട്ട് പിന്നില്‍. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 75 ശതമാനവും 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. മഹാരാഷ്ട്ര, കര്‍ണ്ണാടകം, കേരളം എന്നിവിടങ്ങളില്‍ 5000ലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 587 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇതില്‍ 81 ശതമാനത്തോളം 10 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ആണ്. തുടര്‍ച്ചയായി രണ്ടാം ദിവസവും മരണം 600നു താഴെയായി. മഹാരാഷ്ട്രയില്‍ ഒരു ദിവസം 125 പേര്‍ കോവിഡ് മൂലം മരണമടഞ്ഞു. ലോകത്ത് മരണ നിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിലവില്‍ 1.52 ശതമാനമാണ് കോവിഡ് മൂലമുള്ള രാജ്യത്തെ മരണ നിരക്ക്.

Content highlight: India make significant strides in covid defense