ഇടുക്കി ഇടമലകുടി പെട്ടിമുടിയിലെ ദുരന്തമുഖം സന്ദർശിച്ച് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി;സർക്കാരിൽ നിന്നും ആനുകൂല്യം കിട്ടാതെ ജനം,ലയത്തിൽ നിന്നും പുറത്താകുമെന്ന അവസ്ഥയിൽ തൊഴിലാളികൾ

Idukki;Visiting BJP Central Region President N Hari

0

ഇടുക്കി;പെട്ടിമുടിയിലെ ദുരന്തമുഖം സന്ദർശിച്ച ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി അവിടുത്തെ തൊഴിലാളികളുടെയും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളുടെയും ഒരു നേർ ചിത്രം പങ്കുവെച്ചിരിക്കുകയാണ് തന്റെ ഫേസ്ബുക് പേജിലൂടെ .എസ്റ്റേറ്റിൽ പണി എടുക്കാത്ത തൊഴിലാളികൾ ഇനി മുതൽ ലയത്തിൽ കഴിയണമെങ്കിൽ വാടക കൊടുക്കണമെന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു.എൻ ഹരിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;

‘കഴിഞ്ഞ ദിവസം സംഘടനാ യാത്രയുടെ ഭാഗമായി ഇടുക്കി ജില്ലയിൽ ഇടമലക്കുടിയിൽ എത്തി….

രാവിലെ തൊടുപുഴയിൽ നിന്നും യാത്ര ആരംഭിച്ച് മൂന്നാറിൽ എത്തി. കൂടെ ഉണ്ടായിരുന്ന ജില്ലാ പ്രസിഡണ്ട് KS അജിയും, ജനറൽ സെക്രട്ടറി VN സുരേഷും ദേവികുളം മണ്ഡലം പ്രസിഡന്റ് അളഗറിനെ വിളിച്ച് ഭക്ഷണം കൊണ്ടുപോകുവാൻ വാങ്ങി വയ്ക്കുവാൻ പറഞ്ഞു. ആ സമയത്താണ് അറിയുന്നത് പോകുന്ന വഴിയിൽ ഭക്ഷണം കൊണ്ട് പോകണം എന്ന്.

അങ്ങനെ പെട്ടി മുടിയിൽ എത്തി ദുരന്തമുഖം ഒരിക്കൽ കൂടി കണ്ടു. അത്ഭുതകരമായി രക്ഷപെട്ടവർക്ക് അവരുടെ ജീവിതം തിരിച്ചു കിട്ടിയത് വിശ്വസിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു മാസക്കാലം ആശുപത്രിയിൽ കിടന്നു സർക്കാരിൽ നിന്ന് ഒന്നും ഇതുവരെ കിട്ടിയില്ല എന്ന് വിഷമത്തോടുകൂടി പറഞ്ഞു.

കൂടാതെ ജീവിതകാലം മുഴുവൻ എസ്റ്റേറ്റിൽ പണിയെടുത്ത് അവസാനം ഒന്നുമില്ലാതെ ലയത്തിൽ നിന്നും പുറത്താക്കപ്പെടുന്ന അവസ്ഥ. അവിടെ യൂണിയനുകൾ ഉണ്ട് ClTU, AlTUC, INTUC എന്നിവയാണ് ഉള്ളത്. തൊഴിലാളിക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ല.

എസ്റ്റേറ്റിൽ പണി എടുക്കാതെ ലയത്തിൽ താമസിക്കുന്നവർ ഇനി മുതൽ TATA കമ്പനിക്ക് വാടക കൊടുക്കണം. കറണ്ട് ചാർജ് അടക്കണം. പുതിയ സർക്കുലർ വന്നു കഴിഞ്ഞു. ഈ പാവങ്ങൾ ആരോട് പറയാൻ.

അവരുടെ വിഷമം കേട്ടു കഴിഞ്ഞപ്പോൾ ഇടമലക്കുടിക്ക് കൊണ്ടുപോകാൻ എടുത്ത സാധനങ്ങിൽ പലതും അവർക്ക് വിതരണം ചെയ്തു. അപ്പോൾ അവരുടെ മുഖത്ത് ഉണ്ടായ സന്തോഷം മനസ്സ് നിറയ്ക്കുന്നതായിരുന്നു. ഇതിനു മുമ്പ് ആരും അവർക്ക് ഇങ്ങനെ ഒരു സഹായം ചെയ്തിട്ടില്ല.

അവിടെ നിന്നും ജീപ്പിൽ കയറിയ സമയത്ത് മുൻപിൽ സീറ്റിനു കീഴിൽ തൂമ്പ, കമ്പി, ചുറ്റിക തുടങ്ങിയ പണി സാധനങ്ങൾ ചാക്കിൽ, ഇതെന്താണന്ന് ചോദിച്ചപ്പോൾ ഡ്രൈവർക്ക് മേസ്തിരിപണി കൂടെയുണ്ട് എന്ന് പറഞ്ഞപ്പോൾ മനസിലായില്ല. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ പിടികിട്ടി.

രാജമല കഴിഞ്ഞ് യാത്ര തുടങ്ങിയപ്പോൾ മുതൽ അനുവാദം വാങ്ങിയിരുന്നതു കൊണ്ട് സർക്കാർ ചെക്ക്പോസ്റ്റ്കളിൽ തടസം ഉണ്ടായില്ല. എന്നാൽ ഞെട്ടിക്കുന്ന വസ്തുത TATA കമ്പനി ചെക്ക്പോസ്റ്റിൽ തടയുന്നു. ഒടുവിൽ വളരെ പണിപ്പെട്ട് യാത്ര തുടർന്നു.

പിന്നീട് വഴിയില്ല വലിയ കല്ലുകളും പാറകളും മാത്രം. പലസമയത്തും വണ്ടി നിന്നു. ആ സമയത്ത് ഡ്രൈവർ ഇറങ്ങി ജീപ്പിന് സഞ്ചരിക്കാൻ പാകത്തിന് കല്ലുകൾ അടുക്കി, അതുപോലെ കുഴികളിൽ കല്ല് ഇട്ടു അപ്പോഴാണ് മേസ്തിരിപണി അറിഞ്ഞിരിക്കണം എന്ന് പറഞ്ഞതിന്റെ അർത്ഥം ശരിക്കും മനസിലായത്.

പലസമയത്തും ഡ്രൈവർ റോഡ് ശരിയാക്കാൻ നിർത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി നടന്നു. അങ്ങനെ ഉച്ചയായപ്പോൾ ഒരു നദിയുടെ സമീപം എത്തി.

ഭക്ഷണം കഴിച്ച സമയത്താണ് ഡ്രൈവർ പറയുന്നത് ഇപ്പോൾ പോകാം പക്ഷെ വെള്ളം വന്നാൽ പോകില്ല എന്ന്, ഞെട്ടിപ്പോയി. അവിടെയുള്ള ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ഡ്രൈവർ പറഞ്ഞു.

അവിടെ ഒരു പാലം അസ്ഥിപഞ്ചരം ആയി പണിതു വച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. പക്ഷെ പൂർത്തീകരിച്ചിട്ടില്ല. വീണ്ടും യാത്ര തുടർന്നു. കേപ്പക്കാട് എത്തി. അവിടെ കാശി കാത്തു നിൽപ്പുണ്ടായിരുന്നു. കാശി ഇടമലക്കുടി പഞ്ചായത്ത് BJP പ്രസിഡന്റ് ആണ്. പഞ്ചായത്ത് മെമ്പർമാരായ ഷൺമുഖം, രവികുമാർ എന്നിവർ കാശിക്ക് ഒപ്പമുണ്ടായിരുന്നു.

കാശിയുടെ തോളിൽ വലിയ ബാഗ്, വഴിയിൽ കൂടി നടന്നു പോകുന്ന ആളുകൾക്കും ഇതേ പോലെ ബാഗ്, ഞാൻ ചോദിച്ചു എന്താ അങ്ങനെ എന്ന്. ഞങ്ങൾ കാട്ടിൽ കൂടിയല്ലേ നടന്ന് പോകുന്നത് നിങ്ങൾ തിരിച്ചു പോന്നു കഴിഞ്ഞാൽ ഒരു ദിവസം അവിടെ താമസിക്കണം, കൂടാതെ തിരിച്ചു വരുമ്പോൾ കയ്യിൽ ആയുധവും വേണം എന്ന് മനസിലായി.

അതു മാത്രമല്ല അവിടെ അടിയന്തിര ഘട്ടത്തിൽ ആശുപത്രിയിൽ ആളിനെ എത്തിക്കണം എങ്കിൽ പടങ്ങ് കെട്ടിയാണ് കൊണ്ടുവരുന്നത്. കാലാവസ്ഥ പ്രതികൂലം ആണെങ്കിൽ അതും നടക്കില്ല.

സാക്ഷര കേരളം സുന്ദര കേരളം ആർക്കും ഒന്നും വരാതിരിക്കാൻ പ്രാർത്ഥിക്കാം. അങ്ങനെ ഇഡലിപ്പാറ കുടിയിൽ എത്തി. അവിടെ വരെയെ പോകാൻ കഴിഞ്ഞുള്ളൂ.

സ്കൂൾ ഏക അദ്ധ്യാപക വിദ്യാലയം, സ്കൂൾ എന്ന് പറയാൻ കഴിയില്ല. അവിടെ ഫോൺ ഇല്ല, കാരണം നെറ്റ് ലഭ്യമല്ല. കാട്ടിൽ കുറച്ച് യാത്ര ചെയ്താൽ ചിലപ്പോൾ കിട്ടും. പുറം ലോകവുമായി ഒരു ബന്ധവും ഇല്ല.

വ്യത്യസ്തമായ ആചാരങ്ങൾ ഭക്ഷണക്രമം അതൊന്നും വിശദമായി എഴുതുന്നില്ല. എന്നാൽ സർക്കാർ കൊടുത്ത വാഗ്ദാനങ്ങൾ മാത്രം നിലനിൽകുന്നു. പക്ഷെ അഭിമാനം തോന്നി അവിടെ ജൽ – ജീവൻ – പദ്ധതി നടപ്പാകുന്നു. പ്രധാനമന്ത്രി പ്രധാന സേവകനാകുന്നത് തിരിച്ചറിഞ്ഞ നിമിഷം. അവിടെയും എട്ടുകാലി മമ്മൂഞ്ഞുകൾ അതിന്റെ പിതൃത്വം ഏറ്റെടുക്കുന്നു.

ഈ പഞ്ചായത്തിന്റെ ഓഫീസ് മൂന്നാറിൽ ആണെന്നറിയുമ്പോൾ നമ്മൾ ഞെട്ടണ്ട, കാരണം ഉദ്യോഗസ്ഥർക്ക് വരാൻ കഴിയില്ല പോലും. സൊസൈറ്റി കുടിയിൽ കെട്ടിടം ഉണ്ട് പഞ്ചായത്ത് കമ്മിറ്റി അവിടെ നടക്കും, ഉടൻ പൂട്ടും. അടുത്ത കമ്മിറ്റിക്ക് തുറക്കും.

ഇനിയും പലതും എഴുതണം എന്ന് ഉണ്ട്, എഴുതിയാൽ തീരില്ല.

ട്രൈബൽ പഞ്ചായത്താണ് ഫണ്ട് ഉണ്ട് പക്ഷെ ഒന്നും ചെയ്യില്ല. ബാക്കി നിങ്ങൾ ഊഹിക്കുക. പ്രതികരിക്കാൻ അവർക്കറിയില്ല. കാരണം അവർക്ക് നിയമം അറിയില്ല.

തിരിച്ചറിയണം UP അല്ല കേരളത്തിലെ ദേവികുളം മണ്ഡലത്തിലെ ഇടമലക്കുടിയിലെ കാര്യം ആണ്.

ഒന്നുകൂടി പറയട്ടെ പെട്ടി മുടിയിൽ നിന്ന് ഇഡലിപ്പാറക്കുടിയിൽ എത്താൻ 10.5 കിലോമീറ്റർ സമയം 2.5 മണിക്കൂർ, മഴയില്ലായിരുന്നു. കാലാവസ്ഥ അനുകൂലം അല്ലെങ്കിൽ പകുതി ദൂരം കാട്ടിൽ കൂടി പാറക്കൂട്ടങ്ങളിൽ കൂടി നടക്കണം എന്നു കൂടി പറയട്ടെ.