ഇടുക്കി ഡാം നാളെ തുറക്കും;തീരുമാനം വിദഗ്ധ സമിതിയുടേത്; അതീവജാഗ്രത നിര്‍ദേശവുമായി അധികൃതര്‍

IDUKKI DAM OPENS TOMMOROW

0

 

തിരുവനന്തപുരം: ശക്തമായ മഴയില്‍ നീരൊഴുക്ക് കൂടിയതോടെ ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചു. നാളെ രാവിലെ 11 മണിക്കാകും ഡാം തുറക്കുക. ഇനിയും ജലം സംഭരിക്കുന്നത് സ്ഥിതി ഗുരുതമാക്കുമെന്ന വിദഗ്ധ സമിതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്. കക്കി, ഷോളയാര്‍ ഡാം തുറന്നിട്ടുണ്ട്. ഇടമലയാര്‍ ഡാമും തുറക്കാനുള്ള ആലോചന ശക്തമാണ്.

അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നതിനു വിദഗ്ധ സമിതി നിര്‍ദേശം വേണമെന്ന് ഇന്നു ചേര്‍ന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചിരുന്നു. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്ബ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം. പെട്ടെന്ന് തുറക്കുമ്ബോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിത്.

സംസ്ഥാനത്ത് ഇപ്പോള്‍ 184 ദുരിതാശ്വാസ ക്യാംപുകളാണുള്ളത്. ക്യാമ്ബുകളില്‍ ആവശ്യത്തിന് സജ്ജീകരണങ്ങളുണ്ടാകണം. ഭക്ഷണം, വസ്ത്രം, കിടക്കാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കണം. റവന്യൂ വകുപ്പിന് പുറമെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. പ്രാദേശിക കൂട്ടായ്മകളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ അടക്കം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികളും നാട്ടുകാരും യോജിച്ച്‌ നീങ്ങുന്നുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം. നിശ്ചിത അളവിലധികം വെള്ളത്തിലൂടെ വാഹനങ്ങളെ കയറ്റി വിടരുത്. ധനസഹായ വിതരണം ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കൃഷി നാശം സംബന്ധിച്ച വിശദ വിവരങ്ങള്‍ ജില്ലകളില്‍ നിന്ന് ലഭ്യമാക്കണം.

IDUKKI DAM OPENS TOMMOROW