സ്വര്‍ണ്ണ കടത്തുമായി ബി എം എസ് പ്രവർത്തകർക്ക് ബന്ധമില്ലായെന്നു സംസ്ഥാന പ്രസിഡന്റ്

0

സ്വര്‍ണ്ണ കടത്തുമായി ഉത്തരവാദിത്ത്വം വഹിക്കുന്ന പ്രവര്‍ത്തകനോ ഏതെങ്കിലും സാധാരണ പ്രവര്‍ത്തകനോ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലായെന്ന് ബോധ്യമായതായി ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ വിജയകുമാര്‍ അറിയിച്ചു.

കേരളത്തില്‍ നടന്ന വമ്ബന്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് സ്വാഭാവികമായും മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ചില മാധ്യമങ്ങളില്‍ ബി.എം.എസ്സിനെ ചര്‍ച്ചകളിലേയ്ക്ക് വലിച്ചിഴക്കാന്‍ തുടങ്ങി. തടഞ്ഞുവെച്ചിരിക്കുന്ന പാഴ്‌സല്‍ ഉടനടി വിട്ടു നല്‍കണമെന്ന് കസ്റ്റംസിനോട് ഉന്നത ട്രേഡ് യൂണിയന്‍ നേതാവ് ആവശ്യപ്പെട്ടു എന്നായിരുന്നു വാര്‍ത്ത. ചില ചാനലുകളില്‍ അത് ബി.എം.എസ്സ് നേതാവാണെന്നും വന്നു. വാര്‍ത്ത കണ്ടപ്പോള്‍ അമ്ബരപ്പും ആശ്ചര്യവുമുണ്ടായി. ബി.എം.എസ്സിന്റെ ഒരു പ്രവര്‍ത്തകനും ഇതുമായി ബന്ധമില്ലായെന്നറിയാന്‍ വാസ്തവത്തില്‍ അന്വേഷണത്തിന്റെ പോലും ആവശ്യമില്ല. കാരണം ബി.എം.എസ് സ്വീകരിച്ചിരിക്കുന്ന പ്രവര്‍ത്തന ശൈലി വാര്‍ത്തകളില്‍ പറയുന്നതു പോലെയല്ല. എന്നിട്ടും ജില്ലാ സെക്രട്ടറിമാര്‍ മുഖാന്തിരം അന്വേഷിച്ചു. ബി.എം.എസ്സിന്റെ പേരില്‍ നടക്കുന്ന തീര്‍ത്തും ചെറിയ കാര്യങ്ങള്‍ പോലും ജില്ലാ സംവിധാനത്തിന്റെ സ്‌കാനറിന്‍ കീഴില്‍ വരും. ഉത്തരവാദിത്ത്വം വഹിക്കുന്നതുമായ പ്രവര്‍ത്തകനോ സാധാരണ പ്രവര്‍ത്തകനോ പ്രത്യക്ഷമായോ പരോക്ഷമായോ സംഭവങ്ങളുമായി ബന്ധമില്ലായെന്ന് തീര്‍ത്തും ബോധ്യമായി. വസ്തു സ്ഥിതികള്‍ അന്വേഷിക്കാതെ ബി.എം.എസ്സിനെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും കെ.കെ വിജയകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.