കശ്മീരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ; യുവാവിനെ 24 മണിക്കൂറിനുള്ളിൽ കുടുക്കി പോലീസ്

0

 

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ യുവാവിനെ 24 മണിക്കൂറിനുള്ളിൽ കുടുക്കി കുൽഗാം പോലീസ് . ഈ മാസം 17 നാണ് മകളെ തട്ടിക്കൊണ്ടു പോയെന്ന് കാട്ടി ഖൈമോ പോലീസ് സ്റ്റേഷനിൽ ഒരു കുടുംബം പരാതി നൽകിയത് .

അതിൽ ഗൗഫാൽ ഖൈമോ സ്വദേശി മൊഹദ് ജലീൽ ഗാനിയുടെ മകൻ ഐജാസ് അഹ്മദ് ഗാനിയാണ് മകളെ തട്ടിക്കൊണ്ടു പോയതെന്നും സൂചിപ്പിച്ചിരുന്നു . ഇതനുസരിച്ച്, പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എസ്‌‌പി‌യുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം .

തുടർന്ന് ഐജാസ് അഹ്മദ് ഗാനിയെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ശേഖരിക്കുകയും , കൃത്യമായ ആസൂത്രണം നടത്തി അന്വേഷണം മുന്നോട്ട് കൊണ്ടു പോകുകയും ചെയ്തതോടെ 24 മണിക്കൂറിനുള്ളിൽ പെൺകുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞു . പിന്നാലെ പ്രതി ഐജാസ് അഹ്മദ് ഗാനിയെ യാരിപോറ പ്രദേശത്ത് നിന്ന് അറസ്റ്റുചെയ്യാനും ടീമിന് കഴിഞ്ഞു. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം മാതാപിതാക്കളെ ഏൽപ്പിച്ചു.ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

സാമൂഹ്യ വിരുദ്ധർക്കെതിരെ പോലീസ് നടത്തിയ വേഗത്തിലുള്ള നടപടികളെ അഭിനന്ദിച്ച് പ്രദേശവാസികൾ ഒന്നടങ്കം രംഗത്തെത്തി. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസുമായി പങ്കിടണമെന്നും , കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും പോലീസ് വ്യക്തമാക്കി.