സഹിൻ ആന്റണിയുടെ തട്ടിപ്പിന് അയ്യപ്പനും ഇരയായി !!!

0

സഹിൻ ആന്റണിയും 24 ഉം ഒക്കെ വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. ശബരിമലയിലെ ആചാര സംരക്ഷണ പ്രക്ഷോഭം കത്തിനിൽക്കെ മോൺസൺ മാവുങ്കലിനെ കൂട്ട് പിടിച്ച് 24 പടച്ച് വിട്ട വാർത്തയെക്കുറിച്ച് BJP നേതാവ് അഡ്വ. ശങ്കു.ടി. ദാസ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചതിങ്ങനെയാണ്.

“പന്തളം രാജാവിന്റെ ചെമ്പോല തിട്ടൂരം ഓർമയില്ലേ?

കൊല്ലവർഷം 843ൽ ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളും ആരാധനകളും നടപ്പാക്കാൻ അധികാരമുള്ള കുടുംബങ്ങളെയും സമുദായങ്ങളെയും തീർച്ചപ്പെടുത്തി പന്തളം രാജാവ് പുറപ്പെടുവിച്ച ചെമ്പ് തകിടിൽ പ്രാചീന കോലെഴുത്ത് മലയാള അക്ഷരങ്ങൾ കൊത്തിയെഴുതിയ രാജമുദ്രയുള്ള ചെമ്പോല തിട്ടൂരം!!

ശബരിമല സമരം കൊടുമ്പിരി കൊള്ളുന്ന കാലത്താണ് 24 ന്യൂസിലെ സഹിൻ ആന്റണി ഈ പുരാതന ചെമ്പോല തിട്ടൂരം കഷ്ടപ്പെട്ട് കണ്ടെടുക്കുന്നത്.

ശബരിമല ക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് യാതൊരു അധികാര അവകാശങ്ങളും ഇല്ലെന്ന് പറയുന്ന ഈ തിട്ടൂരം അക്കാലത്ത് വലിയ വാർത്ത ആയിരുന്നതാണ്.

ശബരിമല ക്ഷേത്രത്തെ സംബന്ധിക്കുന്ന ഏറ്റവും ആധികാരികവും ഏറ്റവും പഴക്കമുള്ളതുമായ രേഖയാണത് എന്നാണ് 24 ന്യൂസ് റിപ്പോർട്ടിൽ സഹിൻ ആന്റണി അവകാശപ്പെട്ടത്.

തുടർന്ന് സഹിൻ ആന്റണി തന്നെ രാഘവ വാര്യർ എന്നൊരു കോലെഴുത്ത് പണ്ഡിതനെ കണ്ടു പിടിച്ച് അദ്ദേഹത്തെ കൊണ്ട് ചെമ്പ് തിട്ടൂരം വായിപ്പിക്കുന്നു.
തിട്ടൂര പ്രകാരം മകരവിളക്ക് ആഘോഷം നടത്താൻ പന്തളം രാജാവ് അധികാരം കൊടുത്തിരിക്കുന്നത് മലയരയ വിഭാഗക്കാർക്ക് ആണെന്നും പൂജയും വെടി വഴിപാടും ഉൾപ്പെടെയുള്ള മറ്റ് ആചരണങ്ങൾ നടത്താൻ അധികാരപ്പെടുത്തിയിരിക്കുന്നത് ഈഴവ സമുദായക്കാരായ ചീരപ്പഞ്ചിറ കുടുംബത്തെ ആണെന്നും ക്ഷേത്രത്തിൽ ബ്രാഹ്മണ സമുദായത്തിന് യാതൊരു വിധ അധികാരാവകാശങ്ങളും ഇല്ലെന്നും വാര്യർ വ്യക്തമാക്കുന്നു.
രാജ തിട്ടൂരം ഇങ്ങനെയാണെന്നിരിക്കെ താഴ്മൺ മഠം എന്ന തന്ത്രി കുടുംബം എങ്ങനെയാണ് ശബരിമലയിൽ സുപ്രധാന സ്ഥാനത്ത് എത്തിയത് എന്നത് തീർത്തും ദുരൂഹം ആണെന്ന് സഹിൻ ആന്റണി റിപ്പോർട്ട് ചെയ്യുന്നു.
തുടർന്ന് ദേശാഭിമാനിയും റിപ്പോർട്ടരും ഡൂൾ ന്യൂസും നാരദയും അഴിമുഖവും ഒക്കെ ഈ വിഷയം ഏറ്റെടുക്കുന്നു.

‘ശബരിമല ദ്രാവിഡ ആരാധനാ കേന്ദ്രം; 350 വർഷം പഴക്കമുള്ള രേഖ തെളിവ്’ എന്നാണ് ദേശാഭിമാനി വാർത്ത കൊടുത്തത്.

ദ്രാവിഡ ആരാധനാ പദ്ധതികളെ ബലമായി പിടിച്ചെടുത്ത് സ്വന്തമാക്കിയ ബ്രാഹ്മണാധിനിവേശത്തെ പറ്റി അഴിമുഖവും നാരദയും നീണ്ട പ്രബന്ധങ്ങൾ രചിച്ചിരുന്നു.

ചാനൽ ചർച്ചകളിലും സംവാദങ്ങളിലും ഒക്കെ സജീവനും ലക്ഷ്മി രാജീവും ഇളയിടവും സണ്ണി കപിക്കാടും ഒക്കെ ആധികാരിക രേഖയായി ആ ചെമ്പോല തിട്ടൂരമാണ് ഉയർത്തി കാട്ടിയിരുന്നത്.

ജാതി വർഗ്ഗ വർണ്ണ ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാനായി ഒറ്റക്കെട്ടായി സംഘടിച്ച ഹിന്ദുവിനെ ജാതീയമായി ഭിന്നിപ്പിക്കാനും,
അയ്യപ്പൻറെ പേരിൽ കേരളത്തിൽ സംഭവിച്ച ഹിന്ദു ഐക്യത്തെയും ജാഗരണത്തെയും തകർത്തു കളയാനും,
ഒരേ ലക്ഷ്യത്തിനായി ഒന്നിച്ച് മുന്നേറാൻ തയ്യാറായ ഒരു സമാജത്തെ തമ്മിലടിപ്പിച്ചു വിഘടിപ്പിക്കാനും,
ഹിന്ദുവിനെ ഈഴവനെന്നും ബ്രാഹ്മണനെന്നും മലയരയനെന്നും നായരെന്നും പറഞ്ഞ് പരസ്പരം പിരിച്ച് അവർക്കിടയിൽ സ്പർദ്ധ പടർത്താനുമായി ബോധപൂർവ്വം കൃത്രിമമായി നിർമിച്ചെടുത്ത ഒരു വ്യാജ രേഖയായിരുന്നു അത് എന്ന് ഇന്നിപ്പോൾ തെളിഞ്ഞിരിക്കുന്നു.

ഇന്ന് സഹിൻ ആന്റണിയുടെ ആ പഴയ റിപ്പോർട്ട് ഒന്നെടുത്തു കണ്ടു നോക്കണം.
അതിന് ശേഷം ദേശാഭിമാനി മുതൽ അഴിമുഖം വരെയുള്ളവരുടെ ലേഖനങ്ങളും വായിക്കണം.

ഇതിലെല്ലാം ഒരു പോലെ ആവർത്തിച്ചു പറയുന്ന ഒരു പൊതു വാചകമുണ്ട്.

“കലൂർ സ്വദേശി ഡോ. മോൻസൺ മാവുങ്കലിന്റെ സ്വകാര്യ പുരാവസ്തു ശേഖരത്തിലാണ് ഈ രേഖയുള്ളത്.”

അതെ. ശ്രീകൃഷ്ണൻ വെണ്ണ കട്ട് കുടിച്ച കുടവും, ഗണപതി മഹാഭാരതം എഴുതിയ താളിയോലയും, മോശയുടെ അംശവടിയും, യേശുവിന്റെ കാൽപ്പാദം പതിഞ്ഞ മണ്ണ് കുഴച്ചുണ്ടാക്കിയ കുരിശും, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലീവെണ്ണ വിളക്കും, ടിപ്പുവിന്റെ സിംഹാസനവും ഒക്കെ സൂക്ഷിച്ചിരിക്കുന്ന മോൻസൺ മാവുങ്കലിന്റെ സ്വകാര്യ പുരാവസ്തു ശേഖരത്തിൽ മുങ്ങി തപ്പിയാണ് ശ്രീമാൻ സഹിൻ ആന്റണി ഈ ചെമ്പോല തിട്ടൂരവും കണ്ടെടുത്തത് എന്ന്.
അത് വെച്ചാണ് അയാൾ പ്രബുദ്ധ മലയാളികളെ മുഴുവൻ പമ്പര വിഡ്ഢികൾ ആക്കിയത്.

ഇനി സഹിൻ ആന്റണി പറയണം.

സഹിൻ ആന്റണിയെ വ്യാജ ചെമ്പ് തിട്ടൂരം കാണിച്ചു മോൻസൺ മാവുങ്കൽ കബളിപ്പിച്ചതാണോ അതോ സഹിൻ ആന്റണിയുടെ ആവശ്യപ്രകാരം മോൻസൺ മാവുങ്കൽ ഒരു വ്യാജ ചെമ്പ് തിട്ടൂരം നിർമ്മിച്ചു കൊടുത്തതാണോ എന്ന്.

ആണെങ്കിൽ എന്തായിരുന്നു സഹിൻ ആന്റണിയുടെ ഈ വിഷയത്തിലെ പ്രത്യേക താല്പര്യം?
ആരുടെ കൊട്ടേഷൻ ആണ് അയാൾ ശബരിമല സമരകാലത്ത് ഏറ്റെടുത്തത്?

ചാനൽ റിപ്പോർട്ടർമാർ തെറ്റായ വാർത്തകൾ കൊടുക്കുന്നത് കേരളത്തിൽ ആദ്യമൊന്നുമല്ല.
പക്ഷെ തെറ്റായ വാർത്ത കൊടുക്കാൻ വേണ്ടി ചാനൽ റിപ്പോർട്ടർമാർ സ്വന്തമായി വ്യാജ പുരാതന രേഖകൾ നിർമ്മിക്കുന്നത് കേട്ട് കേൾവി പോലുമില്ലാത്തതാണ്.

ചെമ്പോല തിട്ടൂരത്തിന്റെ യഥാർത്ഥ സത്യം പറയാതെ സഹിൻ ആന്റണിക്ക് ഇത്തവണ ഒഴിയാനാവില്ല. ” ഇങ്ങനെ പറഞ്ഞ് തന്റെ ഫേസ് ബുക്ക് പോസ്റ്റ് ശങ്കു.ടി. ദാസ് അവസാനിപ്പിക്കുമ്പോൾ അത് സഹിൻ ആന്റണിക്കുള്ള വെല്ലുവിളി തന്നെയാണ്.

 

FB Post of Sanku T Das