വിനു വി ജോണിനെ ഭീഷണിപ്പെടുത്തിയത് ഗുണ്ടായിസമെന്ന് അനിൽ നമ്പ്യാർ !

FB post of Anil Nambiar

0

നിയമസഭാ കയ്യാങ്കളി കേസ് ചർച്ച ചെയ്യുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി ജോണിനെ ഭീഷണിപ്പെടുത്തി ദേശാഭിമാനി റിപ്പോർട്ടർ രംഗത്ത് വന്നത് വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം രാത്രി എട്ടിന് നടന്ന ന്യൂസ് അവർ ചർച്ചക്കിടെയാണ് ദേശാഭിമാനിയുടെ തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകനായ കെ ശ്രീകണ്ഠൻ വിനുവിനെതിരെയും ഏഷ്യാനെറ്റ് ന്യൂസിനെതിരെയും ഭീഷണി മുഴക്കിയത്.
നിയമസഭയിലെ തെമ്മാടികൾ’ എന്നപേരിൽ കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ നിയമസഭയിൽ എൽഡിഎഫ് നടത്തിയ സമരമായിരുന്നു ചർച്ച.

അഭിഭാഷകനായ എം ആർ അഭിലാഷ്, നിരീക്ഷകരായ ജോസഫ് സി മാത്യു, ശ്രീജിത്ത് പണിക്കർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഇതിനിടെയാണ് ദേശാഭിമാനിയിൽ നിന്ന് ഭീഷണി സന്ദേശം വിനു വി ജോണിന്റെ  ഫോണിൽ എത്തിയത്.

ഈ ഭീഷണി സന്ദേശം  ചർച്ചയ്ക്കിടയിൽ ലൈവായി തന്നെ  വിനു വി ജോൺ വായിക്കുകയായിരുന്നു. ‘മന്ത്രി വി ശിവൻകുട്ടിയെ ചോദ്യം ചെയ്യാൻ താനാരാണ്. ഇതു പോലെ ചാനലിൽ നെഗളിച്ചവരുടെ വിധി ഓർക്കുക.’ എന്നായിരുന്നു ഭീഷണി.എന്നാൽ, താൻ പറയാനുള്ളത് പറയുമെന്നും ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും വിനു ചർച്ചയിൽ വ്യക്തമാക്കി.

താൻ വേണു ബാലകൃഷ്ണനെപ്പോലെ ഒരാൾക്ക് പോലും അശ്ലീല മെസേജ് അയച്ചിട്ടില്ല. ഒരു സ്ത്രീകളോട് പോലും മോശമായി പെരുമാറിയിട്ടില്ല.നാളെ ഇത്തരം കേസുകളിൽ തന്നെയും കുടുക്കാനായാണ് ദേശാഭിമാനി ശ്രമിക്കുന്നത്. ഇതിൽ താൻ പോലീസിൽ പരാതിപ്പെടും.

ഭീഷണികൾക്ക് വഴങ്ങില്ലെന്നും വിനു പറഞ്ഞു.

ദേശാഭിമാനി എഡിറ്റർ കോടിയേരി ബാലകൃഷ്ണൻ ഈ ഭീഷണിയിൽ നയം വ്യക്തമാക്കണം. താൻ രണ്ടു പെൺമക്കളുടെ അപ്പനാണ്. മാന്യമായി തൊഴിൽ ചെയ്താണ് കുടുംബം പുലർത്തുന്നത്.

ഒരാളുടെയും അനുകൂല്യം സ്വീകരിച്ചിട്ടില്ല. അതിനാൽ, ഭീഷണി മുഴക്കിയ ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠനെതിരെ നടപടിയെടുക്കണമെന്നും വിനു വി ജോൺ പറഞ്ഞു. പോലീസ് മേധാവിക്കും പരാതി നൽകാനാണ് വിനുവിൻ്റെ തീരുമാനം. താൻ പരാതി നൽകിയാൽ പോലീസ് കേസെടുക്കുമോയെന്ന് അറിയില്ലെന്നും വിനു ചർച്ചയിൽ വ്യക്തമാക്കി.

എന്തായലും ഈ ഭീഷണിയിൽ വിനു വി ജോൺ പരാതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിനു വി ജോണിനെ ഭീഷണി പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർ രംഗത്ത് വന്നു.

അനിൽ നമ്പ്യാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചതിങ്ങനെയാണ്, ”ഇത് ജേർണലിസമല്ല.ഗുണ്ടായിസമാണ്. വിമർശിക്കുന്നവരുടെ വായടപ്പിക്കാൻ ഭീഷണി.മന്ത്രിയെ പരിഹസിക്കുന്നത് നിർത്തിയില്ലെങ്കിൽ ‘പെണ്ണ് കേസി’ൽ പെടുത്തുമത്രെ.

ഏഷ്യാനെറ്റിലെ വിനുവിന് മെസ്സേജയച്ച വിരുതനാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഒളിസങ്കേതമൊരുക്കിയതും അതിർത്തി കടത്തി വിട്ടതും ഞാനാണെന്ന് വെണ്ടക്ക അക്ഷരത്തിൽ എഴുതിവിട്ടത്.എൻ്റെ സുഹൃത്തുക്കളെപ്പോലും വെറുതെ വിട്ടില്ല.

ചീഫ് എഡിറ്റർ കോടിയേരി ബാലകൃഷ്ണനോട് പരാതി പറഞ്ഞപ്പോൾ അദ്ദേഹം നൽകിയ മറുപടി കേട്ട് ഞാൻ കമിഴ്ന്ന് കിടന്ന് കുടുകുടെ  ചിരിക്കുകയായിരുന്നു.പാർട്ടി പത്രത്തിലുള്ളവരുടെ യോഗ്യതയെ കുറിച്ച് ചീഫ് എഡിറ്റർക്കെന്തായാലും ബോധ്യമുണ്ട്,വാ പോയ കോടാലികളോട് വേദമോതിയിട്ട്
ഒരു കാര്യവുമില്ല.വിനു വി ജോണിനെ ഭീഷണിപ്പെടുത്തിയവർക്കെതിരെ ശക്തമായ നടപടിയുണ്ടാവണം.

പോലീസ് കേസെടുക്കണം.ഇതിൽ കേരള പത്രപ്രവർത്തക യൂണിയൻ്റെ നിലപാട് കൂടി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള ഈ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് നമുക്കൊരു ‘ദേശാഭിമാനി മാർച്ച്’ നടത്തണ്ടേ?

#വിനുവിനൊപ്പം
#stophooliganism ”

ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അനിൽ നമ്പ്യാർ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇത് ജേർണലിസമല്ല.ഗുണ്ടായിസമാണ്. വിമർശിക്കുന്നവരുടെ വായടപ്പിക്കാൻ ഭീഷണി എന്ന് അനിൽ നമ്പ്യാർ കുറിക്കുമ്പോൾ അത് ദേശാഭിമാനിയിലെ മാധ്യമ പ്രവർത്തകനുള്ള കൃത്യമായ മറുപടി തന്നെയാണ്.

FB post of Anil Nambiar