ഇന്ന് ദീപാവലി; തിൻമയ്‌ക്ക് മേൽ നൻമ നേടിയ വിജയത്തെ ആണ് ദീപാവലിയായി ആഘോഷിക്കുന്നത്

Diwali celebrates the victory of good over evil

0

ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ദീപാവലി ദീപങ്ങളുടെ ഉത്സവം എന്നാണ് അറിയപ്പെടുന്നത്. തിൻമയ്‌ക്ക് മേൽ നൻമ നേടിയ വിജയത്തെ ദീപാവലിയായി ആഘോഷിക്കുന്നു. മനുഷ്യമനസ്സുകളിലെ അന്ധകാരത്തെ അകറ്റി വെളിച്ചം കൊണ്ടുവരുക എന്നതാണ് ഈ ദിവസം നമുക്ക് നൽകുന്ന സന്ദേശം.

ശ്രീരാമൻ തന്റെ പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോധ്യാപുരിയിലേക്ക് വന്ന പുണ്യദിനം എന്നതാണ് ദീപാവലിയുമായി ബന്ധപ്പെട്ട ഐതിഹ്യം. ധർമ്മവിജയം നേടിയ ശ്രീരാമചന്ദ്രൻ അയോധ്യാവാസിയായി വീണ്ടും മനസ്സിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട ദിവസം.

അഹങ്കാരിയും ക്രൂരനുമായ നരകാസുരനെ ഭഗവാൻ ശ്രീകൃഷ്ണൻ നിഗ്രഹിച്ചു എന്നതാണ് ദീപാവലിയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വിശ്വാസം. എല്ലാം ധാർമ്മികവിജയത്തിന്റെ സന്ദേശമാണ് ഈ ദിവസം നൽകുന്നത്. ദീപാവലി ദിനത്തിൽ വൈകുന്നേരം യമധർമ രാജന് വേണ്ടി ദീപദാനം നടത്തുന്ന പതിവും ഭാരതത്തിൽ ചിലയിടത്തും നിലവിലുണ്ട്.

രാത്രിയെ പകലാക്കി ആകാശത്ത് വർണ്ണങ്ങൾ നിറയുന്ന ദീപാവലി ഉത്സവം തലേദിവസം രാത്രി മുതൽ ആരംഭിക്കും. ഉത്തരേന്ത്യയിലാണ് ദീപാവലി ആഘോഷങ്ങൾ പ്രധാനമായും കൊണ്ടാടാറുള്ളത്. ഇന്ന് ആഗോളതലത്തിൽ ആഘോഷങ്ങളെല്ലാം സ്വീകരിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഒത്തുകൂടാൻ കിട്ടുന്ന അവസരങ്ങൾ മനോഹരമാക്കുന്നതിൽ ദീപാവലിക്കുള്ളത് നക്ഷത്രശോഭയാണ്. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന നേപ്പാളും ശ്രീലങ്കയും രാമായണത്തിന്റെ ഭാഗമായിത്തന്നെ ദീപാവലിയെ കാണുന്നു എന്ന പ്രത്യേകതയുമുണ്ട്.

Diwali celebrates the victory of good over evil