ദേവസ്വം മെസ് തട്ടിപ്പ്; അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി;മൂന്നു പേര്‍ക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്കി

Devaswom mess scam; The anticipatory bail application of the Administrative Officer was rejected

0

കൊല്ലം: നിലയ്ക്കല്‍ ദേവസ്വം മെസ്സിലേക്ക് 2018-19ല്‍ പച്ചക്കറിയും പലചരക്കും വിതരണം ചെയ്ത കമ്ബനിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ വിജിലന്‍സ് കുറ്റക്കാരെന്ന് കണ്ടെത്തിയ നാല് ദേവസ്വം ഉദ്യോഗസ്ഥരില്‍ ഒരാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

മൂന്നു പേര്‍ക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്കി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍. നാരായണ പിഷാരടി ഉത്തരവിട്ടു.

രണ്ടു മുതല്‍ നാലു വരെ കുറ്റാരോപിതര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിനു ഹാജരാകണം. ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്താല്‍ 50,000 രൂപയുടെ ജാമ്യത്തില്‍ വിട്ടയ്ക്കണം.

ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജയപകാശ്.ജെ, എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ ഡി. സുധീഷ്‌കുമാര്‍, വി.എസ്. രാജേന്ദ്രപ്രസാദ്, ജൂനിയര്‍ സൂപ്രണ്ട് എന്‍. വാസുദേവന്‍ നമ്ബൂതിരി എന്നിവരാണ് ഒന്നു മുതല്‍ നാലു വരെ പ്രതികള്‍. സംഭവം നടക്കുമ്ബോള്‍ നിലയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശിന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

മെസ്സിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്ത കൊല്ലം ജെപി ട്രേഡേഴ്‌സ് ഉടമ ജയപ്രകാശിന്റെ പരാതിയില്‍ പത്തനംതിട്ട വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. വ്യാജബില്ലും വൗച്ചറും ഉപയോഗിച്ച്‌ ജെപി ട്രേഡേഴ്‌സിന്റെ പേരില്‍ 59,98,029 രൂപ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന ജയപ്രകാശ് അനുവദിച്ചതില്‍ 8,20,935 രൂപ മാത്രമാണ് കരാറുകാരനു ലഭിച്ചത്. നാല് ദേവസ്വം ഉദ്യോഗസ്ഥരും ചേര്‍ന്ന് 51,77,094 ലക്ഷം രൂപ തട്ടിയെടുത്തതായി വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

കെട്ടിച്ചമച്ച രേഖകള്‍ നല്കി ഉദ്യോഗസ്ഥര്‍ പണം തട്ടിയെടുത്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി ഉത്തരവിലുണ്ട്. ഒന്നാം പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് ഫലപ്രദമായ അന്വേഷണം നടത്തുന്നതിന് അത്യന്താപേക്ഷിതമാണ്, അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്കാനാവില്ലെന്നും കോടതി ഉത്തരവിട്ടു. രണ്ടു മുതല്‍ നാലു വരെ ഉദ്യോഗസ്ഥര്‍ ചെക്കുകള്‍ പാസാക്കി നല്കിയതില്‍ സംശയത്തിന്റെ സൂചനയുണ്ട്. എന്നിരുന്നാലും മുന്‍കൂര്‍ ജാമ്യം നല്കുന്നതായും കോടതി പറഞ്ഞു.

Devaswom mess scam; The anticipatory bail application of the Administrative Officer was rejected