ക്യൂബയിൽ കമ്മ്യുണിസ്റ്റ് സർക്കാരിനെതിരെ ജനങ്ങളുടെ പ്രതിഷേധം! 

Cuba sees biggest anti government protests

0

ക്യൂബയിൽ കമ്യൂണിസ്റ്റ് സർക്കാരിനെതിരേ ജനങ്ങൾ തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. ജനങൾക്ക് ജീവിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ ക്യൂബയിലെ ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണ് എന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങൾ പറയുന്നു.

രാജ്യത്ത് ഏകാധിപത്യമാണ് അരങ്ങേറുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു.പതിനായിരക്കണക്കിന് പേരാണ് സർക്കാർ വിരുദ്ധ മുദ്രാവാക്യവുമായി തെരുവുകൾ കീഴടക്കിയത്.രാജ്യത്ത് ഭക്ഷണത്തിനും വൈദ്യുതിക്കും കടുത്ത ക്ഷാമം ആരംഭിച്ചതോടെയാണ് ജനങ്ങൾ കോവിഡ് കാലത്തും ഗതികെട്ട് തെരുവിലിറങ്ങിയത്.

ഏകാധിപത്യം അവസാനിപ്പിക്കുക, സ്വാതന്ത്ര്യം നൽകുക എന്ന മുദ്രാവാക്യത്തോടെയായിരുന്നു ക്യാപിറ്റൽ കെട്ടിടത്തിനു മുന്നിൽ പ്രക്ഷോഭം അരങ്ങേറിയത്. 30 വർഷത്തിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് നിലനിൽക്കുന്നതിനിടെ നിരവധി നഗരങ്ങളിൽ ജനങ്ങൾ സ്വയം തെരുവിലിറങ്ങുകയായിരുന്നു.

കോവിഡ് പ്രതിരോധത്തിൽ സർക്കാർ സമ്പൂർണ്ണ പരാജയം ആണെന്നും സമരക്കാർ പറയുന്നു.പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതിനിടെ  പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ പ്രകടനക്കാരെ നേരിടാൻ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തു. ഇതിനു പിന്നാലെ പോലീസ് സഹായത്തോടെ പ്രസിഡന്റിന്റെ അനുകൂലികൾ  നടത്തിയ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. മാധ്യമപ്രവർത്തകർക്കും സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്.

കോവിഡ് -19 പകർച്ചവ്യാധി ആരംഭിച്ചതുമുതൽ ഭക്ഷണത്തിനും വൈദ്യുതിക്കും മരുന്നുകൾക്കും കടുത്ത ക്ഷാമം ആണ് ക്യൂബയിൽ. ഈ സാഹചര്യത്തിലാണ് ജനം തെരുവിലിറങ്ങിയത് .തലസ്ഥാനമായ ഹവാനയിൽ  മാത്രമല്ല ചെറുപട്ടണങ്ങളിൽ പോലും ജനങ്ങൾ കമ്മ്യുണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിഷേധത്തിലാണ്.

ക്യൂബയ്ക്ക് എല്ലാ സഹായവുമായി രംഗത്തുണ്ടായിരുന്ന കമ്മ്യുണിസ്റ്റ് രാഷ്ട്രം സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ക്യൂബ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കും കൊറോണ വൈറസ് അണുബാധയുടെ റെക്കോഡ് വർദ്ധനവിനുമിടയിലാണ് രാജ്യത്ത് ജനം ഭരണകൂടത്തിനെതിരെ കലാപവുമായി തെരുവിൽ ഇറങ്ങിയിരിക്കുന്നത്.

മഹാമാരി തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും കോവിഡ് വാക്സിൻ ലഭ്യമാക്കാൻ സർക്കാരിന് കഴിഞ്ഞില്ല എന്നും പ്രതിഷേധക്കാർ പറയുമ്പോൾ അത് ക്യൂബയിലെ കമ്മ്യുണിസ്റ്റ് സർക്കാരിന്റെ പരാജയം തന്നെയാണ് തുറന്നു കാട്ടുന്നത്.പ്രസിഡന്റ് മിഗുവൽ ഡയസ് – കാനൽ രാജി വയ്ക്കണമെന്ന്

പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. ഹവാനയിൽ നിന്ന് സാന്റിയാഗോ വരെ അരങ്ങേറിയ പ്രതിഷേധ പ്രകടനം പതിറ്റാണ്ടുകളായി കമ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന രാജ്യത്ത് അരങ്ങേറിയ ശക്തമായ പ്രതിഷേധങ്ങളിൽ ഒന്നാണ്.തലസ്ഥാന നഗരത്തിൽ  വിവിധ സ്ഥലങ്ങളിൽ  ‘ഡയസ്-കാനൽ രാജി വയ്ക്കുക’ എന്ന മുദ്രാവാക്യം മുഴങ്ങി.

അതേസമയം  പ്രക്ഷോഭത്തിന് കാരണം അമേരിക്കയാണെന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ തലവനായ ഡയസ് – കാനൽ കുറ്റപ്പെടുത്തി. നിരവധി പ്രതിഷേധക്കാർ യുഎസ് സംഘടിപ്പിച്ച സോഷ്യൽ മീഡിയ കാമ്പെയ്‌നുകളിൽ വീണുപോയവരും ‘കൂലിപ്പടയാളികളുമാണെന്നും’ ഡയസ്-കാനൽ കൂട്ടിച്ചേർത്തു. ‘പ്രകോപനങ്ങൾ’ അനുവദിക്കില്ലെന്നും കാനൽ വ്യക്തമാക്കി.

ഹവാനയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ക്യൂബയിൽ പൊതുജനങ്ങളുടെ പ്രതിഷേധവും പ്രക്ഷോഭവും ഒന്നും പുറത്ത് വരാറില്ലായിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങൾ വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്.

1994ന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രക്ഷോഭമാണ് ഇപ്പോഴത്തേത്.ക്യൂബയിലെ പ്രക്ഷോഭങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. കോവിഡിനെ പ്രതിരോധിക്കാൻ ക്യൂബ മോഡൽ പ്രതിരോധം വേണമെന്ന് പറഞ്ഞവർ പോലും ക്യൂബയുടെ ഇപ്പോഴത്തെ സ്ഥിതിയിൽ ഞെട്ടിയിരിക്കുകയാണ്.

ജനങ്ങളെ അടിച്ചമർത്തി മുന്നോട്ട് പോകാമെന്ന കമ്മ്യുണിസ്റ്റ് ഭരണകൂടത്തിന്റെ നീക്കമാണ് ക്യൂബയിലെ ജനങ്ങൾ ചോദ്യം ചെയ്യുന്നത്.ക്യൂബ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തെ ജനകീയ പ്രക്ഷോഭം.

 

 

Cuba sees biggest anti government protests