കരുവന്നൂർ തട്ടിപ്പിൽ സി പി എം കടുത്ത പ്രതിസന്ധിയിൽ!

0

 

 

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമ്പോൾ സി പി എം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പിനെച്ചൊല്ലി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. ഏരിയ കമ്മിറ്റിയെയും ലോക്കല്‍ കമ്മിറ്റിയെയും ബലികഴിച്ച് നേതാക്കള്‍ രക്ഷപെടാനാണ് ശ്രമിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നാല് ജില്ലാ സെക്രട്ടറിമാര്‍ക്ക് തട്ടിപ്പിനെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് ആരോപണമുയര്‍ന്നത്. 2016 മുതല്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലുണ്ടായിരുന്ന ബേബി ജോണ്‍, എ.സി. മൊയ്തീന്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ക്കും ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനും എതിരെയാണ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തില്‍ വിമര്‍ശനമുയര്‍ന്നത്.  

വിഷയം സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യുമെന്നായിരുന്നു വിജയരാഘവന്റെ മറുപടി. കെ. രാധാകൃഷ്ണന്‍ കേന്ദ്രക്കമ്മിറ്റിയംഗമാണ്. ബേബി ജോണ്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗവും മൊയ്തീന്‍ സംസ്ഥാന സമിതിയംഗവുമാണ്. ഇവര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യാന്‍ ജില്ലാ സെക്രട്ടേറിയറ്റിനാവില്ല. തട്ടിപ്പ് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന ഏരിയ കമ്മിറ്റിക്കും ലോക്കല്‍ കമ്മിറ്റിക്കും എതിരെയുള്ള ആരോപണം തന്നെയാണ് നേതാക്കള്‍ക്കെതിരെയും ഉയരുന്നത്. അപ്പോള്‍ ഇവര്‍ക്കെതിരെയും നടപടി വേണ്ടേയെന്നായിരുന്നു അംഗങ്ങളുടെ ചോദ്യം. വിഷയം കേന്ദ്ര നേതൃത്വത്തിനും ചര്‍ച്ച ചെയ്യേണ്ടിവരുമെന്നുറപ്പാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റ് നടപടികള്‍ക്ക് സാധ്യതയില്ല. അതേസമയം, തട്ടിപ്പിന്റെ ഉത്തരവാദിത്വം ആരോപിച്ച് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയും കരുവന്നൂര്‍, പൊറത്തിശ്ശേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികളും പിരിച്ചുവിടാനാണ് ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ.

ഉടനെ  ചേരുന്ന ജില്ലാ കമ്മിറ്റി ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. അടിയന്തരമായി ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റിൽ കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് രൂക്ഷമായ വാഗ്വാദം ഉണ്ടായി എന്ന വിവരമാണ് പുറത്ത് വരുന്നത്. ചർച്ചകളും അഭിപ്രായ ഭിന്നതയും ഒന്നും പരസ്യമായി സമ്മതിക്കില്ലെങ്കിലും പാർട്ടി പ്രശ്നത്തിൽ പരിഹാരം കണ്ടെത്താനുള്ള വഴി തേടുകയാണ്. അതിനിടെ,

 കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ നാല് പ്രധാന പ്രതികള്‍ അറസ്റ്റില്‍. ബാങ്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരായിരുന്ന ബിജു കരീം, ബിജോയ്, സുനില്‍ കുമാര്‍ ജില്‍സ് എന്നിവരെ തൃശൂരില്‍ നിന്നാണ് അന്വേഷണ സംഘം പിടിച്ചത്. കരുവന്നൂര്‍ ബാങ്ക് മാനേജരായിരുന്നു ബിജു കരീം, സുനില്‍ കുമാര്‍ സെക്രട്ടറിയും, ജില്‍സ് ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റും, ബിജോയ് കമ്മീഷന്‍ ഏജന്റുമാണ്.  

 അതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസിലെ ആറ് പ്രതികളുടെ വീടുകളില്‍ ക്രൈം ബ്രാഞ്ച് തെരച്ചിലില്‍ നടത്തി.  റെജി അനില്‍ കുമാര്‍, കിരണ്‍, ബിജു, കരീം, ബിജോയ് എ.കെ., ടി.ആര്‍. സുനില്‍ കുമാര്‍, സി.കെ. ജില്‍സ് എന്നിവരുടെ ഇരിങ്ങാലക്കുട, പൊറത്തിശേരി, കൊരുമ്പിശേരി എന്നിവിടങ്ങളില്‍ വീടുകളിലാണ് പരിശോധന നടത്തിയത്. ഭൂമിയുടെയും നിക്ഷേപത്തിന്റേയും രേഖകള്‍ക്കായാണ് അന്വേഷണ സംഘം പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തിയത്.  

 ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി ടി.ആര്‍. സുനില്‍കുമാറും ബാങ്ക് മാനേജര്‍ ബിജു കരീമും ഉള്‍പ്പെടെ ആറു പേരാണ് കേസിലെ പ്രതികള്‍. ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സും പാര്‍ട്ടി അംഗമാണ്. ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.