സ്ഥിതിഗതികൾ അതീവ ഗുരുതരം; ലോക്ക് ഡൗൺ അനിവാര്യം

0

 

സംസ്ഥാനത്ത് ഉടൻ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വൈകുന്തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളില്‍ ഓക്സിജൻ കിടക്കകൾപോലും കിട്ടാത്ത അവസ്ഥയാണ്. ആദ്യ ഡോസ് വാക്സീൻ ഭൂരിഭാഗം പേര്‍ക്കും ഉറപ്പാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.

 

തുടര്‍ച്ചയായ ആറാം ദിനവും രോഗികളുടെ എണ്ണം 30000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതലാണ്. 28. 37 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3,39,441 ആയി. എറണാകുളത്ത് മാത്രം 54053 പേര്‍ രോഗികളായുണ്ട്. കോഴിക്കോട് 48019 രോഗികള്‍. മലപ്പുറം, തൃശൂര്‍ ജില്ലകളിൽ 35000ല്‍ അധികം രോഗികള്‍. ആശുപത്രികളിൽ മാത്രം 26169 പേര്‍ ചികില്‍സയിലുണ്ട്. ഐസിയുകളില്‍ 1907 രോഗികള്‍, വെന്‍റിലേറ്ററുകളില്‍ 672 പേര്‍. ഓക്സിജൻ പിന്തുണ വേണ്ട രോഗികളുടെ എണ്ണം ഈ കണക്കിലുമൊക്കെ ഇരട്ടിയിലേറെയാണ്. ഓക്സിജൻ കിടക്കകൾ വേണമെങ്കില്‍ മണിക്കൂറുകളോ ഒരു ദിവസമോ ഒക്കെ കാത്തിരിക്കേണ്ട അവസ്ഥ. സ്ഥിതി അതീവ ഗുരുതരമാവുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ വിദഗ്ധ സമിതിയേയും സര്‍ക്കാര്‍ വൃത്തങ്ങളേയും നേരിട്ടറിയിച്ചിട്ടുണ്ട്.

 

നാലാം തിയതി മുതല്‍ 9-ാം തിയതി വരെയുള്ള കര്‍ശന നിയന്ത്രങ്ങള്‍ മാത്രമല്ല ഒരു സമ്പൂര്‍ണ അടച്ചിടല്‍ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണമെന്നാണ് ആവശ്യം. ഇപ്പോൾ ചെയ്തില്ലെങ്കില്‍ പിന്നെ ചെയ്തിട്ട് കാര്യമില്ലെന്ന മുന്നറിയിപ്പുമുണ്ട്. രണ്ടാം ഡോസ് വാക്സിന് മുൻഗണന നല്‍കുന്നതിന് പകരം ആദ്യ ഡോസ് കൂടുതല്‍ പേരില്‍ എത്തിക്കാനുളള നടപടികള്‍ വേണമെന്നാണ് മറ്റൊരു ആവശ്യം.

 

ഒരു ഡോസില്‍ തന്നെ പ്രതിരോധം ഉറപ്പാക്കാനാകുമെന്നതിനാല്‍ രോഗ വ്യാപന തീവ്രത കുറയ്ക്കാൻ ഒരു ഡോസ് വാക്സീനെങ്കിലും പരമാവധിപേര്‍ എത്രയും വേഗം എടുക്കണമെന്നാണ് നിര്‍ദേശം. ഉല്‍പാദകരില്‍ നിന്ന് വാക്സീൻ എത്തിക്കാനാകാത്ത സാഹചര്യത്തില്‍ 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ എന്ന് തുടങ്ങുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

 

അതേസമയം ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയെന്നും ലോക്‌ഡൗൺ ഏർപ്പെടുത്തണമെന്നുമാണ് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ പറയുന്നത്. കോവി‍ഡ് രണ്ടാം തരംഗം നിയന്ത്രിക്കാൻ പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിലുള്ള സ്ഥലങ്ങളിലെല്ലാം ലോക്ഡൗൺ ഏർപ്പെടുത്തണമെന്നു ഗുലേറിയ ദേശീയ മാധ്യമങ്ങളോടെ പ്രതികരിച്ചു.

 

വാരാന്ത്യ ലോക്‌ഡൗണുകളും രാത്രി കർഫ്യൂകളും കൊണ്ടുമാത്രം കോവിഡിനെ പിടിച്ചുകെട്ടാൻ കഴിയില്ലെന്നും കഴിഞ്ഞ വർഷം മാർച്ചിൽ ഏർപ്പെടുത്തിയതു പോലെ സമ്പൂർണ ലോക്ഡൗൺ ചിലയിടങ്ങളിൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിലെ ബത്ര ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ ഡോ. ആർ.കെ. ഹിംതാനി ഉൾപ്പെടെ 12 പേർ മരിച്ചതുതന്നെ നമ്മുടെ ആരോഗ്യസംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറയുന്നു.

 

കേസുകൾ ഉയരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.‌ ഇത്രയും വലിയതോതിൽ കാര്യങ്ങൾ ചെയ്യാൻ ലോകത്ത് ഒരു ആരോഗ്യ സംവിധാനത്തിനും കഴിയില്ല. കേസുകളുടെ എണ്ണം കുറയ്ക്കണം. കണ്ടെയ്‌ൻമെന്റ് സോണുകൾ ഏർപ്പെടുത്തണം. ലോക്‌‍ഡൗൺ പ്രഖ്യാപിക്കണം. പ്രധാനപ്പെട്ടത് എന്തെങ്കിലും ചെയ്യണം, അദ്ദേഹം കൂട്ടിച്ചേർത്തു.

 

അതേസമയം കൊറോണയുടെ രണ്ടാം തരംഗം രാജ്യത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ ഒരു ലോക്ഡൗൺ കൂടി പരിഗണിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. സമ്പൂർണ ലോക്ഡൗണിലൂടെ കൊറോണ വ്യാപനം കുറയ്ക്കാൻ സാധിക്കുമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരുകളോടുമാണ് കോടതി ഇക്കാര്യം പരിഗണിക്കാൻ ആവശ്യപ്പെട്ടത്.