കോവിഡ് പരിരക്ഷാ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം; ജൂലൈ 31-ന് ന്യൂയോർക്കിൽ നടക്കുന്ന കലാസന്ധ്യയിൽ അംഗീകാരപത്രങ്ങൾ നൽകും

0

ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ജൂലൈ 31-ന് ന്യൂയോർക്കിൽ നടക്കുന്ന ഏകദിന കൺവൻഷനിൽ വച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ആരോഗ്യപരിപാലകർ, പ്രഥമശുശ്രൂഷകർ, നിയമപാലകർ തുടങ്ങിയവർക്ക് ആദരവ് സംഘടിപ്പിക്കുന്നു.

വൈകിട്ട് അഞ്ചിന് തുടങ്ങുന്ന ഫൊക്കാന കലാസന്ധ്യയിലായിരിക്കും ഈ പരിപാടി ഉൾപ്പെടുത്തുക. കലാസ്വാദനവും സംഗീതസാന്ദ്രവുമായി നിരവധി ജനകീയ പരിപാടികളാണ് വൈകിട്ട് 5-ന് തുടങ്ങി രാത്രി 11-ന് അവസാനിക്കുന്ന ഫൊക്കാന കലാസന്ധ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ നൂറ്റാണ്ടിൽ മനുഷ്യരാശിക്കുനേരേ ഉയർന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് സൃഷ്ടിച്ചത്. സമാനതകളില്ലാത്ത ഭയാശങ്കകൾ മനുഷ്യമനസ്സിനെ മഥനം ചെയ്ത ഒരു കാലഘട്ടമാണിത്. ഏവരുടേയും ജീവിതചര്യ സമ്പൂർണ്ണമായി ഇളക്കിമറിച്ചു. മനുഷ്യസമൂഹം പകച്ചുനിന്ന ഈ കാലഘട്ടത്തിൽ സ്വയരക്ഷ പോലും ബലികഴിച്ച് സേവനത്തിൽ മുഴുകിയ ഡോക്ടർമാർ, നേഴ്‌സുമാർ, മറ്റു ആരോഗ്യപരിപാലന പ്രവർത്തകർ, ഫയർഫോഴ്‌സ്, പോലീസ് തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തകരുടെ ത്യാഗമനസ്ഥിതിക്ക് ഫൊക്കാന കൺവൻഷൻ വേളയിൽ അംഗീകാരപത്രങ്ങൾ വിതരണം ചെയ്യും.

മൂന്നു നൂറ്റാണ്ടിലേറെ സേവന ചരിത്രമുള്ള ഫൊക്കാന എന്നും പ്രവാസി മലയാളികൾക്കൊപ്പമാണ്. അടിന്തര ഘട്ടങ്ങളിലെല്ലാം ആശ്വാസമായി, മാർഗ്ഗദർശകരായി ഫൊക്കാന നേതൃത്വം സമൂഹനേതൃത്വത്തിലുണ്ടായിട്ടുണ്ട്.

കോൺഗ്രസ് അംഗങ്ങൾ, ന്യൂയോർക്ക് സെനറ്റ് അംഗങ്ങൾ, സിറ്റി കൗൺസിലർ, ഇന്ത്യൻ എംബസി പ്രതിനിധികളടക്കം നിരവധി പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങുകൾ ഫൊക്കാനയുടെ ഈ ഏകദിന കൺവൻഷന്റെ തിളക്കംകൂട്ടും.

ഈ അംഗീകാര ചടങ്ങിൽ പങ്കെടുക്കാവാനാഗ്രഹിക്കുന്നവർ മുഴുവൻ പേര്, പ്രവർത്തിക്കുന്ന ആതുരാലയം അഥവാ സംഘടന, ബന്ധപ്പെടുവാനുള്ള സെൽഫോൺ നമ്പർ, ഇമെയിൽ സഹിതം [email protected]ലേക്ക് അയയ്ക്കുവാൻ താത്പര്യപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്: സുധാ കർത്താ (267 575 7333), വിനോദ് കെയാർകെ (516 633 5208), സുജാ ജോസ് (973 632 1172), അലക്‌സ് തോമസ് (914 473 0143), രാജൻ പടവത്തിൽ (954 701 3200).