സോഫ്റ്റ്‌വെയർ കാറുകളുടെ നിർമാണം; ബേസ്മാർക്കുമായി സഹകരിക്കാൻ കേരളത്തിന്റെ ആക്‌സിയ ടെക്‌നോളജി

0

 

 

നിരത്തുകളിൽ സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനങ്ങൾ എത്തിക്കുന്നത് ലക്ഷ്യമിട്ട് ഫിൻലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബേസ്മാർക്ക് എന്ന കമ്പനിയുമായി സഹകരിക്കാൻ തിരുവനന്തപുരം ടെക്‌നോ പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആക്‌സിയ ടെക്‌നോളജീസ്. ബേസ്മാർക്കിന് പുറമെ, മറ്റ് പത്തോളം വാഹന വ്യവസായ മേഖലയിലെ കമ്പനികളുമായി ചേർന്നായിരിക്കും സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനങ്ങൾക്കായി ആക്‌സിയ ടെക്‌നോളജി പ്രവർത്തിക്കുന്നത്.

സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനങ്ങൾ നിർമിക്കുന്നതിനുള്ള കമ്പനികളുടെ ശൃംഖല രൂപീകരിക്കുന്നതിനും ഇത്തരം വാഹനങ്ങളുടെ നിർമാണത്തിന് സോഫ്റ്റ്‌വെയർ പ്രൊഫഷണലുകളുടെ സേവനം ഉറപ്പാക്കുന്നതിനുമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ബേസ്മാർക്ക്. 2014-ലാണ് ബേസ്മാർക്ക് പ്രവർത്തനം ആരംഭിക്കുന്നത്. സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനങ്ങൾ നിർമിക്കുന്നതിനുള്ള പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ആക്‌സിയ-ബേസ്മാർക്ക് സഹകരണം.

വാഹന വ്യവസായ മേഖലയുടെ ഭാവി ഓട്ടോണമസ് കാറുകളെ ആശ്രയിച്ചുള്ളതാണ്. ഇത്തരം കാറുകൾക്കായി സോഫ്റ്റ്‌വെയർ വികസിപ്പിക്കുകയാണ് ബേസ്മാർക്കുമായി സഹകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. കണക്ടഡ് കാറുകളുടെ വിഭാഗത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ആക്‌സിയയും ലക്ഷ്യമാക്കുന്നത്. റോക്ക്‌സോളിഡ് എക്കോസിസ്റ്റവുമായി സഹകരിക്കുന്നതിലും അതിയായ സന്തോഷമുണ്ടെന്നും ആക്‌സിയ ടെക്‌നോളജി മേധാവി ജിജിമോൻ ചന്ദ്രൻ പറഞ്ഞു.

ഓട്ടോണമസ് വെഹിക്കിൾ, കണക്ടഡ് കാറുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്കുള്ള സാങ്കേതികവിദ്യ ഒരുക്കുന്നതിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളതിനാൽ തന്നെ ആക്‌സിയ ബേസ്മാർക്കിന് ഉത്തമപങ്കാളിയായിരിക്കുമെന്നാണ് ആക്‌സിയ അവകാശപ്പെടുന്നത്. സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനങ്ങളാണ് ഈ മേഖലയുടെ ഭാവി നിർണയിക്കുന്നത്. ഇത്തരം വാഹനങ്ങൾ സാങ്കേതിക മേഖലയിൽ വലിയ പദ്ധതികൾ ഒരുക്കുന്നതിനൊപ്പം നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹനങ്ങൾ വാഹനങ്ങൾ നിർമിക്കുന്നതിൽ ഏറെ മുൻപന്തിയിലുള്ള കമ്പനിയാണ് ബേസ്മാർക്ക്. ഈ മേഖലയിൽ ലഭിക്കുന്ന പിന്തുണയിൽ നിന്ന് കമ്പനിയുടെ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആക്‌സിയയുമായുള്ള സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും കൂട്ടുകെട്ടിൽ സോഫ്റ്റ്‌വെയർ വാഹനങ്ങളിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നും ബേസ്മാർക്ക് മേധാവി അഭിപ്രായപ്പെട്ടു.