മുഖ്യമന്ത്രിയെ ട്രോളുന്ന വി മുരളീധരന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു

0

മുഖ്യമന്ത്രിയെ ട്രോളുന്ന വി മുരളീധരന്റെ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു

ന്യുഡല്‍ഹി: കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സമൂഹ മാധ്യമത്തിൽ പങ്കു വെച്ച ഒരു കുറിപ്പ് മുഖ്യമന്ത്രിയെ നന്നായി ട്രോളിക്കൊണ്ടായിരുന്നു. .സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു കൊണ്ടായിരുന്നു വി.മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്നും സോളാറില്‍ യു.ഡി.എഫിന് സംഭവിച്ചതിന്റെ തനിയാവര്‍ത്തനമാണ് സ്വര്‍ണക്കടത്തില്‍ എല്‍.ഡി.എഫിനും സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കളളക്കടത്തിലെ ഇടനിലക്കാരിയായ വിവാദ സ്ത്രീയുമായി ശിവശങ്കരന് അടുപ്പമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രിതന്നെയാണ് വാര്‍ത്താ സമ്മേളനത്തില്‍ കുമ്ബസാരിച്ചത്. എന്നിട്ടും ദീര്‍ഘാവധിയില്‍പ്പോയ മുന്‍ ഐ ടി സെക്രട്ടറിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ പിണറായി വിജയന് എന്താണ് വിമുഖതയെന്നും അദ്ദേഹം ചോദിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. പിണറായി സര്‍ക്കാരിന്റെ ഭരണം തീരാന്‍ ഏതാനും മാസങ്ങള്‍ ശേഷിക്കെ, വഴിവിട്ട ഇടപാടുകള്‍ ഒന്നൊന്നായി മറനീക്കി പുറത്തുവരികയാണ്. സോളാറില്‍ യുഡിഎഫിന് സംഭവിച്ചതിന്റെ തനിയാവര്‍ത്തനമാണ് സ്വര്‍ണക്കടത്തില്‍ എല്‍ഡിഎഫിനും സംഭവിക്കുന്നത്. അഴിമതിയുടെയും നിയമലംഘനത്തിന്റെയും കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ അച്ചില്‍വാര്‍ത്തവരാണെന്ന് കൂടി തെളിയുകയാണ്.
സ്വര്‍ണക്കടത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സംശയനിഴലിലായിട്ടും മുഖ്യമന്ത്രി കണ്ട മട്ടില്ല. കസ്റ്റംസ് എട്ടുമണിക്കൂറാണ് ചോദ്യം ചെയ്തത്. എം ശിവശങ്കരന് കസ്റ്റംസ് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നാണ് മാധ്യമറിപ്പോര്‍ട്ട്. കളളക്കടത്തിലെ ഇടനിലക്കാരിയായ വിവാദ സ്ത്രീയുമായി ശിവശങ്കരന് അടുപ്പമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രിതന്നെയാണ് വാര്‍ത്താ സമ്മേളനത്തില്‍ കുമ്ബസാരിച്ചത്. എന്നിട്ടും ദീര്‍ഘാവധിയില്‍പ്പോയ മുന്‍ ഐ ടി സെക്രട്ടറിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ പിണറായി വിജയന് എന്താണ് വിമുഖത ?
ഭരണത്തിന്റെ ഇടനാഴികളിലെ വന്‍ സ്രാവുകളെക്കുറിച്ച്‌ മുന്‍ ഡിജിപി ജേക്കബ് തോമസ് പുസ്തകമെഴുതിയപ്പോള്‍ എത്ര വേഗമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടപടിയെടുത്തത് ? എന്നാല്‍ സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജ്യത്തെതന്നെ ഏറ്റവും വലിയ കളളക്കടത്തുകേസില്‍ ഉള്‍പ്പെട്ടിട്ട് നടപടിയ്ക്ക് മുതിരാത്ത മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് സംശയമുണര്‍ത്തുന്നത്.
ഉമ്മന്‍ചാണ്ടിയുടെ സോളാര്‍ കാലത്തേതുപോലെ അവതാരങ്ങള്‍ തന്റെ ഓഫീസില്‍ ഉണ്ടാകില്ലെന്നല്ലേ പിണറായി വിജയന്‍ ഭരണമേല്‍ക്കും മുമ്ബ് പറഞ്ഞത് ? എന്നിട്ട് സ്വപ്ന സുരേഷെന്ന അവതാരപ്പിറവി എന്തേ മുഖ്യമന്ത്രി അറിഞ്ഞില്ല ?അതും സ്വന്തം വകുപ്പില്‍ സര്‍ക്കാര്‍ മുദ്രയുളള വിസിറ്റിങ് കാര്‍ഡുമായി കറങ്ങി നടന്നിട്ടും!ധൈര്യമുണ്ടെങ്കില്‍, ശിവശങ്കരനില്‍നിന്ന് മറ്റൊരൗദാര്യവും മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍, നടപടിയെടുക്കാനുളള ആര്‍ജവം അങ്ങ് കാണിക്കണം. അല്ലെങ്കില്‍ ഇരട്ടച്ചങ്കുളള പിണറായി പൊതുജനത്തിനുമുന്നില്‍ എന്നും സംശയനിഴലിലായിരിക്കും.