നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യത;നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്; വ്യാഴാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

Chance of heavy rain for two days

0

 

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസങ്ങള്‍ ശക്തമായ വ്യാപക മഴയ്ക്കു സാധ്യതയെന്ന് വ്യക്തമാക്കി കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ ജില്ലാതല പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ടുണ്ട്. നാളെ കാസര്‍ഗോഡ്,കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും മറ്റു എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്നു. 21 ഒക്ടോബര് വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ പ്രഖ്യാപിച്ചിരിക്കുയാണ്

20-10-2021 മുതൽ 22-10-2021 വരെ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്തെ അണക്കെട്ടുകൾ തുറന്ന് തുടങ്ങി. ഇടുക്കി ചെറുതോണി അണക്കെട്ടും പമ്പ അണക്കെട്ടും ഇടമലയാറും ഇന്ന് തുറന്നു. മൂന്ന് വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം തുറന്നത്. മൂന്ന് തവണ മുന്നറിയിപ്പ് സൈറണ്‍ മുഴക്കിയ ശേഷമാണ് മൂന്ന് ഷട്ടറുകളും തുറന്നത്. മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നത്. പിന്നാലെ നീരൊഴുക്ക് പരിഗണിച്ച് ഒരുമണിക്കൂറോളം പിന്നിട്ട ശേഷം നാലാമത്തെ ഷട്ടര്‍ തുറന്നു. ഇതിനെ പിന്നാലെ രണ്ടാം നമ്പര്‍ ഷട്ടറും തുറന്നത്. ഒരു സെക്കന്‍റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

ഇടുക്കി ഡാം തുറക്കുന്നതിനു മുൻപ് മുൻകരുതലായാണ് ഇടമലയാർ ഡാം തുറന്നത്. ഡാമിന്റെ രണ്ടു ഷട്ടറുകൾ 80 സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയത്. ആശങ്കയുടെ സാഹചര്യം ഇല്ലെങ്കിലും നദി തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Chance of heavy rain for two days