രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത കേസ് : പുതിയ സംഘം അന്വേഷിക്കണം, അറസ്റ്റിൽ പ്രതിഷേധത്തിന് കോൺഗ്രസ്

0

വയനാട് : രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്ന് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും. മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുതിയ സംഘത്തെ രൂപീകരിച്ച് വീണ്ടും അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കിൽ നിയമ നടപടികളിലേക്കും എസ്പി ഓഫീസിലേക്ക് മാർച്ച് നടത്താനുമാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് എസ്എഫ്ഐ പ്രതിഷേധത്തിനിടെ ഗാന്ധി ചിത്രം തകർന്ന കേസിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് ഉൾപ്പടെ അറസ്റ്റിലായത്. ഇതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് വയനാട്ടിലെത്തും. ജില്ലാ നേതൃയോഗത്തിൽ വിഷയം ചർച്ചയാകും.

വയനാട് കൽപറ്റയിലെ രാഹുൽഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ എംപിയുടെ പിഎ ഉൾപ്പടെ നാല് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്. രാഹുൽ ഗാന്ധി എം പിയുടെ ഓഫിസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫിസ് സ്റ്റാഫ് രാഹുൽ എസ്ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് തന്നെ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.