കേരളത്തില്‍ ഒമിക്രോണ്‍ സമൂഹ വ്യാപനമില്ല, ബൂസ്റ്റര്‍ ഡോസ് വിതരണം ജനുവരി 10 മുതല്‍: ആരോഗ്യമന്ത്രി

Booster dose distribution from January 10: Minister of Health

0

പത്തനംതിട്ട: സംസ്ഥാനത്ത് നിലവില്‍ ഒമിക്രോണ്‍ സമൂഹ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് എല്ലാവരും കടുത്ത ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

മുതിര്‍ന്നവര്‍ക്കുള്ള കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം ജനുവരി 10 മുതല്‍ ആരംഭിക്കും. 15 വയസിന് മുകളില്‍ പ്രായമായ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ നാളെ മുതല്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി കൊവിന്‍ പോര്‍ട്ടല്‍ വഴി ഇന്നലെ വൈകിട്ട് മൂന്ന് മണി മുതല്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. രജിസ്ട്രേഷന്‍ നടത്താന്‍ കഴിയാത്തവര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സ്പോര്‍ട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹായത്തോടെ നേരിട്ടെത്തിയും വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിനെടുക്കാനുള്ള അവസരം ഒരുക്കും. കൗമാരക്കാര്‍ക്ക് വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ തിരിച്ചറിയാന്‍ കവാടത്തില്‍ പിങ്ക് ബോര്‍ഡ് പ്രദര്‍ശിപ്പിക്കും.

എന്തെങ്കിലും കാരണത്താല്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അത് വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

വാക്സിനായുള്ള രജിസ്ട്രേഷനില്‍ ഉള്‍പ്പെടാത്ത കുട്ടികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടുവെന്നും ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Booster dose distribution from January 10: Minister of Health