പരാതികൾ കൂടുന്നു ;ക്രമസമാധാന ചുമതലയുള്ള ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ബോഡി ക്യാമറ വരുന്നു

Body camera for field officers

0

തിരുവനന്തപുരം:കേരള പൊലീസിനെതിരെ അനുദിനം പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാന ചുമതലയുള്ള ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ബോഡി ക്യാമറ നല്‍കാനൊരുങ്ങുന്നു.

ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ തത്സമയം അവ കാണാനും റെകോര്‍ഡ് ചെയ്യാനും ഇത് വഴി സാധിക്കും. കുറ്റക്കാരെ കണ്ടെത്താനും കഴിയും. മാത്രമല്ല, ഇതുകൊണ്ട് പല ഗുണങ്ങളും ഉണ്ട്.

കുറ്റക്കാരെ സംരക്ഷിക്കാന്‍ സംഘടനാ നേതാക്കള്‍ തന്നെ കത്തും ശുപാര്‍ശകളുമായി മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും ഈ ക്യാമറ സഹായിക്കും.

നിലവില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 125 ബോഡി ക്യാമറ നല്‍കിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും, പട്രോളിങ് ഡ്യൂടി ചെയ്യുന്നവര്‍ക്കും, വനിത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സമാനമായ രീതിയില്‍ കാമറ നല്‍കാനാണ് നീക്കം.

ഇതിനായി 5000ത്തോളം ക്യാമറകള്‍ വേണ്ടി വന്നേക്കും. 6000 രൂപയാണ് ഒരെണ്ണത്തിന്റെ വില. പൊലീസ് നവീകരണ ഫന്‍ഡില്‍ നിന്നും ഇതിനുള്ള തുക കണ്ടെത്താനാണ് നീക്കം.

ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങളും ശബ്ദവും 4ജി സിം ഉപയോഗിച്ച്‌ ജിഎസ്‌എം സംവിധാനം വഴി കണ്‍ട്രോള്‍ റൂമിലേക്കോ മറ്റ് കേന്ദ്രത്തിലേക്കോ അയക്കാം. കൂടാതെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണിലൂടെയോ നെറ്റ് വര്‍ക്ക് കണക്ഷനുള്ള ടിവിയിലൂടെ ദൃശ്യങ്ങള്‍ കാണാനാകും.

ക്യാമറയോട് ചേര്‍ത്ത് ഘടിപ്പിച്ചിട്ടുള്ള ‘പുഷ് ടു ടോക്’ സംവിധാനം വഴി സീനിയര്‍ ഓഫിസര്‍ക്ക് ക്യാമറ ഘടിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനോട് സംസാരിക്കാനും സാധിക്കും.

ക്യാമറ സംവിധാനം ചേര്‍ന്ന ഗ്രൂപിനുള്ളില്‍ അംഗങ്ങള്‍ക്ക് പരസ്പരം സംസാരിക്കാം. ഓഡിയോ റെകോര്‍ഡിങ് സൗകര്യവും ഇതിനുള്ളില്‍ ഉണ്ടാകും.

Body camera for field officers