പിണറായിക്ക് താക്കീതായി പ്രതിഷേധ ജ്വാല

0

 

 

 

 

ബിജെപി നേതാക്കളെയും കുടുംബത്തെയും അതുവഴി പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിൻ്റെയും നീക്കങ്ങൾക്ക് എതിരെ ബിജെപി നടത്തിയ പ്രതിഷേധ ജ്വാലയിൽ വൻജനപങ്കാളിത്തം. സംസ്ഥാനത്തെ 10,000ൽ അധികം കേന്ദ്രങ്ങളിൽ രാവിലെ 11 മണിക്കാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരജ്വാല നടത്തിയത്. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പന്തംകൊളുത്തിയും പ്ലക്കാർഡുകൾ ഏന്തിയും ആയിരക്കണക്കിന് പ്രവർത്തകർ സംസ്ഥാനമാകെ പ്രതിഷേധത്തിൽ പങ്കാളികളായി. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഓൺലൈനിൽ തൃശ്ശൂരിലെ പ്രതിഷേധത്തെ അഭിസംബോധന ചെയ്തു. അഴിമതിക്കെതിരെ പോരാടാൻ ബിജെപിക്ക് മാത്രമേ ശേഷിയുള്ളൂവെന്നതു കൊണ്ടാണ് രണ്ടാം പിണറായി സർക്കാരിന്റെ ആരംഭത്തിൽ തന്നെ ബിജെപിക്കെതിരെ ആക്രമണം നടത്തുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കുന്ന കാര്യത്തിൽ പിണറായി വിജയൻ മമത ബാനർജിയുമായി മത്സരിക്കുകയാണ്. കള്ളക്കേസെടുത്ത് ബിജെപിയെ തകർക്കാമെന്നാണ് പിണറായി കരുതുന്നത്. പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രസീദ ആരോപണം ഉന്നയിച്ചതെന്ന തന്റെ ആരോപണം നിഷേധിക്കാൻ ജയരാജൻ തയ്യാറായിട്ടില്ല. എല്ലാം ഒരു തിരക്കഥയാണ്. കേസ് തെളിയിക്കാനാണെങ്കിൽ അതിന് അധികാരമുള്ള ഏജൻസിയെ ഏൽപ്പിക്കണ്ടെയെന്നും അദ്ദേഹം ചോദിച്ചു. വനംകൊള്ളകാർക്ക് മരംവെട്ടാൻ ഒത്താശ ചെയ്തു കൊടുത്തത് ഈ സർക്കാരാണ്. ബിജെപിയെ തകർക്കാൻ ശ്രമിക്കുന്ന ചിലരാണ് ഇതിന് പിന്നിൽ. കഴിഞ്ഞ വനംമന്ത്രി അറിയാതെ ഈ കൊള്ള നടക്കില്ല. അടുത്ത അഞ്ചുവര്ഷത്തേക്ക് കോൺ​ഗ്രസിനെ കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് പിണറായിക്കറിയാം. തിരഞ്ഞെടുപ്പിൽ കള്ളപ്പണമൊഴുക്കിയത് സിപിഎമ്മും കോൺ​ഗ്രസും മുസ്ലിംലീ​ഗുമാണ്. കൊടകര കവർച്ചാക്കേസിൽ ചില പൊലീസുകാർക്കും ബന്ധമുണ്ടെന്ന വിവരം പുറത്ത് വരുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്രമന്ത്രി വി.മുരളീധരൻ കോഴിക്കോട് പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ബം​ഗാൾ മോഡൽ ഉന്മൂലന രാഷ്ട്രീയം കേരളത്തിൽ നടപ്പിലാക്കാനാണ് പിണറായി ശ്രമിക്കുന്നത്. തനിക്ക് ശേഷം തന്റെ മരുമോൻ എന്ന നയമാണ് അദ്ദേഹത്തിന്.
മാഫിയകളെ സഹായിക്കാൻ ഉത്തരവിറക്കുന്ന ആദ്യ സർക്കാരാണ് പിണറായി വിജയന്റേത്. കോടിക്കണക്കിന് മരം മുറിച്ച് കടത്തിയതിന്റെ ചെറിയ ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കേണ്ട സർക്കാർ നിയമലംഘനം കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു.

മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ എംഎ.എ ഒ.രാജഗോപാൽ,സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്,ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവർ സെക്രട്ടറിയേറ്റ് നടയ്ക്കൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിമാരായ സി.ശിവൻകുട്ടിയും കരമന ജയനും ജില്ലയിലെ മറ്റു പരിപാടികളിൽ പങ്കെടുത്തു. സെക്രട്ടറിയേറ്റിന് മുമ്പിൽ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കൊല്ലത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, പത്തനംത്തിട്ടയിൽ സംസ്ഥാന വൈസ്പ്രസിഡൻ്റ് ഡോ. പ്രമീള ദേവി, ആലപ്പുഴയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ഇടുക്കി വക്താവ് നാരായണൻ നമ്പൂതിരി, കോട്ടയത് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, വൈസ്പ്രസിഡൻ്റ് ജി.രാമൻ നായർ, എറണാകുളത്ത് സംസ്ഥാന വൈസ്പ്രസിഡൻറുമാരായ എ.എൻ രാധാകൃഷ്ണൻ, ഡോ.കെ.എസ് രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ടിപി സിന്ധുമോൾ പാലക്കാട് സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ഷൊർണ്ണൂരിൽ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, തൃശ്ശൂരിൽ സംസ്ഥാന വൈസ്പ്രസിഡൻ്റ് ശോഭാസുരേന്ദ്രൻ, വക്താവ് ബി.ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി സദാനന്ദൻ മാസ്റ്റർ, മലപ്പുറത്ത് സംസ്ഥാന വൈസ്പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ, കോഴിക്കോട് വൈസ്പ്രസിഡൻ്റ് വി.വി രാജൻ, സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, വയനാട് സംസ്ഥാന സെക്രട്ടറി കെ.പി പ്രകാശ്ബാബു, കണ്ണൂരിൽ ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി, കാസർഗോഡ് ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.