അമിത് ഷാ യുടെ ചാണക്യ തന്ത്രംതമിഴകം കാണാനിരിക്കുന്നതേയുള്ളൂ!!

0

 

 തമിഴ്നാട് രാഷ്ട്രീയത്തിൽ BJP നിർണ്ണായക ശക്തിയായി മാറുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ വിജയം നേടിയ BJP തമിഴ് നാട്ടിൽ ആസൂത്രിതമായ നീക്കത്തിലൂടെ വലിയ ലക്ഷ്യങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. ജയലളിതയുടെ മരണത്തോടെ ജനകീയ നേതാവില്ല എന്ന പ്രതിസന്ധിയാണ് BJP യുടെ സഖ്യകക്ഷിയായ AIADMK അഭിമുഖീകരിക്കുന്നത്.

ജയലളിതയുടെ തോഴി ശശികലയെ AIADMK യിലേക്ക് തിരിച്ചെടുക്കണമോ എന്ന ചർച്ചകൾ ആ പാർട്ടിയിൽ നടക്കുമ്പോൾ ആ ചർച്ചകളിലും നിർണ്ണായക ഇടപെടൽ നടത്തുന്നത് BJP തന്നെയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെയാകും ഈ ചർച്ചകളിൽ സുപ്രധാന പങ്ക് വഹിക്കുക എന്ന് വ്യക്തമാണ്.

ശശികലയെ എഐഎഡിഎംകെയിൽ എടുക്കണോ വേണ്ടയോ എന്ന പ്രശ്‌നത്തിൽ അമിത് ഷായുമായി AIADMK നേതാക്കളായ എടപ്പാടി പളനിസ്വാമിയും  ഒ. പനീർ സെൽവ്വവും ചർച്ച നടത്തണമെന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ചതായാണ് വിവരം.

വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായി ന്യൂദൽഹിയിൽ 20 മിനിറ്റോളം കഴിഞ്ഞ ദിവസം ഇപിഎസും ഒപിഎസും  ചർച്ച നടത്തിയിരുന്നു. ശശികലയെ  എഐഎഡിഎംകെയിൽ എടുക്കണോ വേണ്ടയോ എന്ന വിഷയം ഈ കൂടിക്കാഴ്ച്ചയിൽ  ചർച്ചയായി എന്നാണ് സൂചന.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ AIADMK യുടെയും സഖ്യകക്ഷികളുടേയും പരാജയത്തിന്  ശേഷം ഇരുനേതാക്കളും പ്രധാനമന്ത്രിയെ കാണുന്നത് ഇതാദ്യമായാണ്.

പ്രധാനമന്ത്രിയുമായുള്ള ആദ്യ പത്ത് മിനിറ്റ് ചർച്ചയിൽ ഒപിഎസ്, ഇപിഎസ്, പാർട്ടി നേതാക്കളായ എം. തമ്പിദുരൈ, എ. നവനീതകൃഷ്ണൻ, പി. രവീന്ദ്രനാഥ്, എസ്.പി. വേലുമണി, മനോജ് പാണ്ഡൻ, തലവൈ സുന്ദരം എന്നിവരും പങ്കെടുത്തു.  ചർച്ചക്കിടയിലാണ് അമിത് ഷായുമായി ശശികല പ്രശ്‌നം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നിർദേശിച്ചത്.

അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിൽ ശശികലെയക്കൂടി കൂടെ നിർത്തിക്കൊണ്ട് ഒറ്റക്കെട്ടായി എ ഐഎഡിഎംകെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന അഭിപ്രായമാണ് ഇക്കാര്യത്തിൽ മോദിക്കും ബിജെപിക്കും ഉള്ളത്.

ഈ വിഷയത്തിൽ അമിത് ഷാ ഇരു നേതാക്കൾക്കും വേണ്ട ഉപദേശം നൽകുമെന്നാണ് പറയപ്പെടുന്നത്. ഇതിൽ ശശികല എ ഐഎഡിഎംകെയിലേക്ക് വരുന്നതിൽ ഒപിഎസിന് എതിർപ്പില്ല. എന്നാൽ ഇതേക്കുറിച്ച് തീരുമാനിക്കാൻ കൂടുതൽ സമയം വേണമെന്ന അഭിപ്രായമാണ് ഇപിഎസിനുള്ളത്. വരും ദിവസങ്ങളിൽ ഇപിഎസും ഒപിസും അമിത് ഷായുമായി ശശികല പ്രശ്നം ചർച്ച ചെയ്യും.  

 

ഇതിനിടെ ദൽഹിയിൽ തമിഴ്നാട്ടിൽ നിന്നുള്ള ബിജെപിയുടെ കേന്ദ്രമന്ത്രി എൽ. മുരുഗൻ ഒപിഎസുമായും ഇപിഎസുമായും ചർച്ച നടത്തി. അതുപോലെ ബിജെപി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈയും ഒപിഎസുമായും ഇപിഎസുമായും ചർച്ച നടത്തി.

ഈ ചർച്ചകളിലും ശശികലയെ എ ഐഎഡിഎംകെയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നിർദേശമുണ്ടായതായി അറിയുന്നു. എന്തായാലും ചർച്ചകളുടെ കടിഞ്ഞാൺ അമിത് ഷാ കയ്യിലെടുക്കുന്നതോടെ AIADMK യിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പാർട്ടി നേതാക്കളുടെ പ്രതീക്ഷ