ബംഗാൾ ബി ജെ പി പിടിക്കും

BJP in Bengal

0

അരയും തലയും മുറുക്കി തന്നെയാണ് ബിജെപി ബംഗാളിൽ അങ്കത്തിനിറങ്ങുന്നത്.ബംഗാൾ പിടിക്കാൻ ഒരുങ്ങി തന്നെയാണ് ബിജെപി.ഇതിനു തുടക്കമിട്ട് ബംഗാളില്‍ അമിത് ഷായുടെ രണ്ടുദിവസത്തെ സന്ദര്‍ശനം നാളെ തുടങ്ങും.

ബിര്‍ഭൂമില്‍ അമിത് ഷായുടെ റോഡ് ഷോയും മിഡ്‌നാപുരില്‍ പൊതുറാലിയും സംഘടിപ്പിക്കും. ബിര്‍ഭൂമില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോ ഞായറാഴ്ച നടക്കും. വിശ്വഭാരതി സര്‍വകലാശാല സന്ദര്‍ശനത്തിന് ശേഷമായിരിക്കും റോഡ് ഷോ

തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഏഴ് മുതിര്‍ന്ന നേതാക്കളെയാണ് ബിജെപി സംസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ബംഗാളില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഇവരെ സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ആള്‍ക്കും ആറു ലോക്‌സഭാ മണ്ഡലങ്ങള്‍ വീതം വീതിച്ചുനല്‍കുകയും ചെയ്യും.

ഓരോരുത്തരോടും പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ള പ്രദേശങ്ങളില്‍ ഏഴു നേതാക്കളും തങ്ങി തെരഞ്ഞെടുപ്പ് ചുമതലകള്‍ ഏകോപിപ്പിക്കും. വോട്ടെടുപ്പിന് രണ്ടാഴ്ച മുമ്പുവരെ ഇവര്‍ ബംഗാളില്‍ തുടരും. താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതും ഇവരുടെ ഉത്തരവാദിത്വമായിരിക്കും.

ഇതിനൊപ്പം കേന്ദ്രനേതൃത്വവുമായുള്ള ഏകോപനവും ഈ നേതാക്കള്‍ നിര്‍വഹിക്കും.കെ പി മൗര്യ, ഗജേന്ദ്ര സിംഗ് ശഖാവത്ത്, പ്രഹ്‌ളാദ് പട്ടേല്‍, സഞ്ജീവ് ബലിയന്‍, അര്‍ജുന്‍ മുണ്ട, മന്‍സുഖ് മാണ്ടവ്യ, നരോത്തം മിശ്ര എന്നീ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയാണ് ബിജെപി ബംഗാളിലേക്ക് അയയ്ക്കുന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുതിര്‍ന്ന ബിജെപി നേതാവ് ബി എല്‍ സന്തോഷ് എന്നിവരോടായിരിക്കും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്നാണ് പാർട്ടി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 200 സീറ്റുകളാണ് ബിജെപിയുടെ ലക്ഷ്യം. അതിനായി കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങളിലാണ് പ്രവർത്തകരെല്ലാം.

നിരവധി കേന്ദ്ര നേതാക്കളാണ് ബംഗാളില്‍ ബിജെപി പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നത്. അടുത്തയാഴ്ച കേന്ദ്ര നേതാക്കളുടെ വൻ നിര  തന്നെ ബംഗാളില്‍ എത്തുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടി ബിജെപി തൃണമൂലിനെ ഞെട്ടിച്ചിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലെത്തിച്ച് സംസ്ഥാന ഭരണം പിടിക്കാമെന്ന കണക്കുകൂട്ടലുകളോടെയാണ് കേന്ദ്ര നേതൃത്വം.തൃണമൂൽ നേതാവ് മുകുള്‍ റോയിക്ക് പിന്നാലെ  തൃണമൂലിന്റെ  ശക്തനായ നേതാവായിരുന്ന സുവേന്ദു അധികാരിയെയും കൂടെ കൂട്ടുമ്പോൾ പാർട്ടിയുടെ കരുത്ത് വർധിക്കുമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് നേതൃത്വവും.

അതേ സമയം ബംഗാളിൽ നിലനിൽക്കുന്ന പ്രതിസന്ധിയിൽ മമത ബാനർജി തൃണമൂൽ നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. രാജി വച്ച സുവേന്ദു അധികാരി കൂടുതൽ നേതാക്കളെ ഒപ്പം കൂട്ടി ബിജെപിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് മമതയുടെ അടിയന്തിര യോഗം.

സുവേന്ദു അധികാരിയെ പിന്തുണയ്ക്കുന്ന പത്ത് തൃണമൂൽ എംഎൽഎമാർ പാർടി വിടാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നാളത്തെ അമിത് ഷായുടെ റാലിയിൽ വിമത നേതാക്കൾ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് വിവരങ്ങൾ.

മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി വ്യാഴാഴ്ചയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് സുവേന്ദു അധികാരി. ശക്തനായ നേതാവിനെ പാര്‍ട്ടിയിലെത്തിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അധികാര വടംവലി മുറുകുന്നതിനിടെയാണ് മമതയെ കൂടുതൽ സമ്മർദ്ദത്തിലാക്കിക്കൊണ്ടുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ.ഇതോടൊപ്പം തന്നെ ന്യൂനപക്ഷങ്ങളുടെ അകൽച്ചയും തൃണമൂൽ കോൺഗ്രസിനും മമതയ്ക്കും തിരഞ്ഞെടുപ്പിൽ പ്രതിസന്ധി തന്നെയാണ്.ബംഗാളിൽ നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരം ബിജെപിക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

ബിഹാറിലെ തിളക്കമാർന്ന വിജയത്തിനുശേഷം ബംഗാളിലേക്ക് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ബംഗാളിലെ പോരാട്ടം കടുപ്പമേറിയതാവുമെന്ന് വ്യക്തമാണ്.

 

BJP in Bengal