സ്വര്‍ണ്ണക്കള്ളക്കടത്ത് : സമരം ശക്തമാക്കും; പോലീസിന്റെ മര്‍ദ്ദനമുറ അവസാനിപ്പിക്കണം : ജോര്‍ജ് കുര്യന്‍

0

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിസ്ഥാനത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ പിണറായിയുടെ രാജി ആവശ്യപ്പെട്ട് സമരം ബിജെപി കൂടുതല്‍ ശക്തമാക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍. സമരത്തിനെതിരെ പോലീസ് മര്‍ദ്ദനമുറ പ്രയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ജോര്‍ജ് കുര്യന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇന്നലെ കേരളത്തിലെമ്ബാടും യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന സമാധാനപരമായ സമരങ്ങളെ പോലീസ് ക്രൂരമായാണ് നേരിട്ടത്. കോഴിക്കോട് സമരത്തിന് നേതൃത്വം നല്‍കിയ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ തല്ലിച്ചതച്ചു . സാരമായി പരിക്കേറ്റ യുവമോര്‍ച്ച അധ്യക്ഷന്‍ ചികിത്സയിലാണ്.

എല്ലായിടത്തും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ വളരെ സമാധാനപരമായാണ് സമരങ്ങള്‍ സംഘടിപ്പിച്ചത്. എന്നാല്‍ പ്രകോപനം കൂടാതെ പോലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്‌ നടത്തുകയുമായിരുന്നു. സമരങ്ങളില്‍ പാലിക്കേണ്ട കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പോലീസാണ് ലംഘിച്ചത്. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസ് അക്രമത്തില്‍ പരിക്കേറ്റു.

സമരങ്ങളെ അടിച്ചമര്‍ത്താനുള്ള സർക്കാരിന്റെ നീക്കം സ്ഥിതി കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ എന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വച്ച്‌ ഓഫീസിന്റെ ഇടപെടല്‍ സംബന്ധിച്ച്‌ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരും. ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ പിണറായിക്ക് മുട്ടുമടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.