പിണറായി സർക്കാർ ഇസ്ലാമിക ഭീകരവാദികളുടെ അജണ്ട നടപ്പിലാക്കുന്നെന്ന് പി.സുധീർ

0

പിണറായി വിജയന്റെ സർക്കാർ ഇസ്ലാമിക തീവ്രവാദികളുടെ അജണ്ട നടപ്പിലാക്കുന്ന ഏജൻസിയായി അധപതിച്ചതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ.

പത്തനംത്തിട്ട ജില്ലയിലെ കോട്ടാങ്ങലിൽ ഇസ്ലാമിക തീവ്രവാദികളായ പോപ്പുലർ ഫ്രണ്ട് സെന്റ് ജോർജ് സ്കൂളിലെ അന്യമതക്കാരായ കുട്ടികളെ തടഞ്ഞുനിർത്തി നെഞ്ചിൽ ബലമായി ഞാൻ ബാബർ എന്ന ബാഡ്ജ് പതിപ്പിച്ചത് വർഗീയ കലാപത്തിനുള്ള കോപ്പുകൂട്ടലാണ്. കുട്ടികളെ പോലും തീവ്രവാദത്തിന് ഇരയാക്കുന്ന രീതിയിലേക്ക് ഇസ്ലാമിക തീവ്രവാദികൾ മാറിയിട്ടും സർക്കാർ അവർക്ക് ഓശാന പാടുകയാണെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കൊച്ചുകുട്ടികളുടെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണിത്. കേരളം മറ്റൊരു സിറിയയായി മാറി കൊണ്ടിരിക്കുകയാണ്. ഇത് താലിബാനിസമാണ്. ഇതിനോട് ബിജെപി കൈയ്യുംകെട്ടി നോക്കിയിരിക്കില്ല.

കോട്ടാങ്ങൽ പഞ്ചായത്ത് എസ്ഡിപിഐയുടെ സഹായത്തോടെയാണ് എൽഡിഎഫ് ഭരിക്കുന്നത്. ഇതിന്റെ പ്രത്യുപകാരമാണ് പിണറായി സർക്കാർ പോപ്പുലർ ഫ്രണ്ടിന് ചെയ്യുന്നത്. സിപിഎമ്മും എസ്ഡിപിഐയും ഒരുമിച്ച് വന്നാൽ അവിടെ താലിബാനിസം നടക്കും എന്നതിന്റെ ഉദ്ദാഹരണമാണ് കോട്ടാങ്ങൽ. എസ്ഡിപിഐ സിപിഎമ്മിന്റെ ഏറ്റവും വിശ്വസ്തരായ ഘടകകക്ഷിയായി മാറുന്ന സാഹചര്യം വിദൂരമല്ല. ഇപ്പോൾ തന്നെ സംസ്ഥാനത്ത് അങ്ങിങ്ങോളം ഇവർ തമ്മിൽ അപ്രഖ്യാപിത സഖ്യമാണുള്ളതെന്നും സുധീർ പറഞ്ഞു.

ഹലാൽ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന തീവ്രവാദികളെ പ്രീണിപ്പിക്കുന്നതാണ്. വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുടെ പേര് പുറത്ത് വിടുമെന്ന് പറഞ്ഞിരുന്ന വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി മൗനത്തിലായതിന് കാരണം ഇസ്ലാമിക തീവ്രവാദികളോടുള്ള വിധേയത്വമാണ്. വാക്സിൻ എടുക്കാത്തത് മതതീവ്രവാദികളാണ്. അവരെ സംരക്ഷിക്കുന്നതാവട്ടെ കേരള സർക്കാരും. സമൂഹത്തിന് ഭീഷണിയാവുന്നവരെ വോട്ട്ബാങ്കിന് വേണ്ടി സംരക്ഷിക്കുകയാണ് സിപിഎം നേതൃത്വം. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ നിലപാടാണ് സർക്കാരിനുള്ളത്. നാണമുണ്ടെങ്കിൽ ശിവൻകുട്ടി രാജിവെക്കണെന്നും സുധീർ കൂട്ടിച്ചേർത്തു.