സ്വർണക്കടത്തു കേസിൽ ആരോപണം നേരിടുന്ന എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് രാജിവെച്ചു

0

തിരുവനന്തപുരം:എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് ഗ്രൗണ്ട് ഹാന്‍ഡലിംഗ് ഏജന്‍സിയായ ഭദ്ര ഇന്റര്‍നാഷണലില്‍ നിന്ന് രാജിവച്ചു. സ്വര്‍ണക്കടത്തുകേസില്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കമ്ബനിതന്നെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജിവച്ചതെന്നാണ് വിവരം. സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ നിയമനം നേടിയത് ബിനോയ് ജേക്കബിന്റെ കാലത്തായിരുന്നു. മതിയായ യോഗ്യതയില്ലാതെയാണ് സ്വപ്ന നിയമനം നേടിയതെന്ന് വ്യക്തമായിരുന്നു. ക്രിമിനൽ കേസ് ഉണ്ടായിട്ടും ബിനോയ് പോലീസ് ക്ലിയറൻസ് നേടിയത് വിവാദമായിരുന്നു.

മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മെറിന്‍ മാത്യു ബിനോയ് ജേക്കബിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അയോഗ്യത മറച്ചുവച്ച്‌ സ്വപ്നയെ നിയമിച്ചത് ബിനോയ് ജേക്കബ് ആണെന്നും സാറ്റ്സ് ജീവനക്കാര്‍ക്ക് പണം നല്‍കി സ്വര്‍ണക്കടത്തിന് നിര്‍ബന്ധിക്കാറുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍.ബിനോയ് ജേക്കബ് വിമാനത്താവളത്തില്‍ പാസ് നേടിയത് അനധികൃതമാണെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതടക്കമുള‌ള നിരവധി ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കമ്പനി ബിനോയ് ജേക്കബിനോട് രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന . സ്വപ്ന സുരേഷ് വിമാനത്താവളത്തിലെത്തുന്നത് എയർ ഇന്ത്യ സാറ്റ്‌സിൽ ജോലി നേടിയായിരുന്നു. അന്ന് എയർ ഇന്ത്യ സാട്സിലെ വൈസ് പ്രെസിഡന്റായിരുന്നു ബിനോയ് ജേക്കബ് .

ഒരു ക്രിമിനൽ കേസിൽ അന്വേഷണവും മറ്റൊരു കേസിൽ വിചാരണയും നടക്കുമ്പോഴായിരുന്നു പോലീസ് ക്ലിയറൻസും പാസും ലഭിച്ചത്. ഇയാൾക്ക് പാസ് ലഭിച്ചതടക്കമുള്ള കാര്യങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിച്ചു വരികയാണ് .സ്വർണക്കടത്തു കേസിൽ കസ്റ്റംസും എൻ ഐ എയും ബിനോയ് ജേക്കബിനെ ചോദ്യം ചെയ്‌തേക്കും.