ബംഗാൾ മന്ത്രി സുബ്രത മുഖർജി അന്തരിച്ചു;ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

Bengal Minister Subrata Mukherjee passed away

0

കൊൽക്കത്ത:പശ്ചിമബംഗാൾ മന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ സുബ്രത മുഖർജി അന്തരിച്ചു.75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. നേരത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ സുബ്രത മുഖർജിയെ കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. സുബ്രത മുഖർജിയുടെ മൃതദേഹം സർക്കാർ ഓഡിറ്റോറിയമായ രബീന്ദ്ര സദനിൽ ഇന്ന് പൊതുദർശനത്തിന് വക്കും. തുടർന്ന് കുടുംബവീട്ടിലായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.

മമത ബാനർജി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. മരണവിവരമറിഞ്ഞ് മമത ബാനർജി ആശുപത്രിയിൽ എത്തിയിരുന്നു. സുബ്രത മുഖർജിയുടെ വേർപാട് വിശ്വസിക്കുവാൻ കഴിയുന്നില്ലെന്ന് മമത ബാനർജി പറഞ്ഞു. ആത്മാർത്ഥതയുള്ള പാർട്ടി പ്രവർത്തകനായിരുന്നു അദ്ദേഹം. തനിക്ക് വ്യക്തിപരമായ നഷ്ടമാണ് സുബ്രത മുഖർജിയുടെ വേർപാടിലൂടെ ഉണ്ടായതെന്നും മമത ബാനർജി പറഞ്ഞു.

എഴുപതുകളിൽ പശ്ചിമ ബംഗാളിലെ കോൺഗ്രസിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്ന മുഖർജി 2010ലാണ് കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നത്. ബലിഗഞ്ച് മണ്ഡലത്തിൽ നിന്നാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്.

Bengal Minister Subrata Mukherjee passed away