ദേവസ്വം ബോർഡിനെതിരെ BDJS!

BDJS against Devaswom board

0

ദേവസ്വം ബോർഡിൻ്റെ അയിത്തം അവസാനിപ്പിക്കുക, തന്ത്ര- മന്ത്ര പൂജാവിധികൾ പഠിച്ച ഹിന്ദുക്കളെ ജാതിവിവേചനമില്ലാതെ മേൽശാന്തിമാരായി നിയമിക്കുക, സാമൂഹ്യനീതി നടപ്പിലാക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്  ബി ഡി ജെ എസ്സ് പ്രക്ഷോഭത്തിലേയ്ക്ക്.

മഹാരഥന്മാരായ സാമൂഹ്യ പരിഷ്കർത്താക്കളുടെ ത്യാഗോജ്വല പ്രവർത്തനങ്ങളിലൂടെ, ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നവോത്ഥാനം നടപ്പിലാക്കിയ കേരളത്തിന്റെ മണ്ണിൽ ഈ കാലഘട്ടത്തിലും ജാതിയുടെ പേരിൽ, പരമ്പരാഗത രീതിയിൽ   തന്ത്ര – മന്ത്ര  വിദ്യ സ്വായത്തമാക്കിയവരെ പുറത്തു നിർത്തി ഹിന്ദു സമൂഹത്തിലെ ജാതി വിവേചനത്തിനു വെള്ളവും  വളവും നൽകുന്ന കാഴ്ചയാണ്  “ശബരിമല മേൽശാന്തി” നിയമനത്തിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കാണിച്ചു കൊണ്ടിരിക്കുന്നത്.

ഇത് സാക്ഷര കേരളത്തിനു യോജിച്ചതല്ല എന്ന നിലപാടാണ് BDJS ന്റെത്.രണ്ടാം ഊഴത്തിൽ ദേവസ്വം വകുപ്പ്  മന്ത്രിയായി ഒരു ദളിതനെ നിയമിച്ചതിൽ  അഭിമാനം കൊള്ളുകയും അഭിനന്ദനങ്ങൾ ഏറ്റവാങ്ങുകയും അത് നവോത്ഥാനത്തിന്റെ തുടർച്ചയാണ് എന്നും പ്രഖ്യാപിക്കുകയും ചെയ്ത  സർക്കാരിന്, വെറും നിക്ഷ്പ്രയാസം നിർത്തലാക്കാവുന്ന മേൽശാന്തി നിയമനത്തിലെ ഈ സാമൂഹ്യ നീതി നിഷേധത്തിനെതിരെ കണ്ണടയ്ക്കുന്ന കാഴ്ച്ച തികച്ചും പിന്നോക്ക ദളിത് വിഭാഗങ്ങളോടുള്ള തികഞ്ഞ അവഗണയാണ്.

ഈ നീതി നിക്ഷേധത്തിനെതിരെ  ബി ഡി ജെ എസ്സ് പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങുകയാണ്. പ്രക്ഷോഭങ്ങളുടെ തുടക്കം  തിരുവനന്തപുരത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടക്കും. സംസ്ഥാന വ്യാപകമായി ഈ ആവശ്യം ഉന്നയിച്ച് BDJS പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.

ഭരണഘടനാ വിരുദ്ധമായ ജാതിവ്യവസ്ഥകൾ എഴുതിച്ചേർത്ത് ശബരിമല മേൽശാന്തി നിയമനം നടത്തുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്, പരിപാവനമായ ശിവഗിരി മഠത്തിന്റെ യോഗ്യത- പരിചയ  സമ്പന്ന സർട്ടിഫിക്കറ്റിനെ വരെ അപമാനിക്കുന്ന കാഴ്ചയ്ക്കാണ് ആനുകാലിക കേരളം സാക്ഷ്യം വഹിക്കുന്നത്, ബ്രാഹ്മണനല്ലെന്നതിന്റെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരസ്കരി​ക്കുന്ന അപേക്ഷകളി​ൽ ശിവഗിരി മഠത്തിന്റെ വിവിധ ക്ഷേത്രങ്ങളിൽ വർഷങ്ങളായി ശാന്തി ജോലി നിർവ്വഹിച്ചു വരുന്നു നിരവധി പേരുണ്ട് എന്നും BDJS ചൂണ്ടിക്കാട്ടുന്നു.

ഈഴവനായ തന്ത്രി പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ ശാന്തിയായിരിക്കുന്ന ബ്രഹ്മണനു മേൽശാന്തിയായി നിയമനം ലഭിക്കുമ്പോൾ തന്നെ ആ പ്രതിഷ്ഠ നിർവ്വഹിച്ച തന്ത്രി മുഖ്യനു പോലും ജാതിയുടെ പേരിൽ ഈ മേൽശാന്തി നിയമനത്തിൽ അയിത്തം  കല്പിക്കപ്പെടുന്നത് കടുത്ത വിരോധാഭസവും  മനുഷ്യാവകാശ ലംഘനവുമാണ് എന്നും BDJS ചൂണ്ടിക്കാട്ടുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് എതി​ർ കക്ഷിയായ കേസി​ൽ ശാന്തി നിയമനത്തിൽ ജാതിവിവേചനം പാടില്ലെന്ന് 2002ൽ സുപ്രീംകോടതി വിധിയുണ്ട് , അന്ന് ജാതി​വി​വേചനത്തിനെതിരെ സുപ്രീംകോടതി​യി​ൽ വാദി​ച്ച ദേവസ്വം ബോർഡ്‌ തന്നെയാണ് ഇപ്പോൾ കടകവി​രുദ്ധമായ നിലപാടെടുക്കുന്നത്. ദേവസ്വങ്ങളിലെ നിയമനങ്ങളിൽ ജാതിപരിഗണന പാടില്ലെന്ന് കേരള സർക്കാരും 2014ൽ ഉത്തരവിറക്കിയിട്ടുണ്ട് എന്ന കാര്യവും BDJS ചൂണ്ടിക്കാട്ടുന്നു. കേരള ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന നി​യമനങ്ങളി​ൽ ജാതി​ ഒരു വ്യവസ്ഥയല്ല.

എന്നിട്ടും ഒരു വർഷത്തെ താത്കാലിക നി​യമനമെന്ന പേരി​ൽ ഈ സമ്പ്രദായം മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. ഇത് തികച്ചും പ്രതിഷേധാർഹം തന്നെയാണ് എന്ന നിലപാടാണ് BDJS ന്.ഇതേ വി​ഷയത്തി​ൽ 2017ൽ കോട്ടയം പള്ളം സുബ്രഹ്മണ്യസ്വാമി​ ക്ഷേത്രം മേൽശാന്തി​ വി​ഷ്ണുനാരായണൻ നൽകി​യ കേസി​ൽ മലയാള ബ്രാഹ്മണൻ ജാതി​യല്ല, വർഗമാണെന്ന വി​ചി​ത്രമായ വാദമാണ് ദേവസ്വം ബോർഡ് ഉയർത്തി​യത്. മലയാള ബ്രാഹ്മണനെന്ന പേരി​ൽ സർക്കാർ അംഗീകൃതമായ ജാതി​വി​ഭാഗവും കേരളത്തി​ലി​ല്ല.

ദേവസ്വം ബോർഡി​ന്റെ അനാചാരത്തിന് ഇടതു സർക്കാരും മൗനാനുവാദം നൽകുകയാണ് എന്നും BD JS ആരോപിക്കുന്നു.ജാതി – മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾ ഇല്ലാത്ത അയ്യപ്പ സ്വാമിക്ക് പൂജ ചെയ്യുന്നവൻ  വി​ദ്യ പഠി​ച്ചവനെ അംഗീകരി​ക്കുക തന്നെ  വേണം, യോഗ്യരായ അനവധി പേരെ പുറത്തു നിർത്തിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ അന്യായം തുടരുന്നത് എന്നും BDJS നേതാക്കൾ പറയുന്നു.

മേൽശാന്തി നിയമനത്തിലെ ജാതി വിവേചനം ഇല്ലാതാക്കി. സുപ്രീംകോടതി വിധി നടപ്പിലാക്കുവാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ഇല്ലെങ്കിൽ ഇതിനെതിരെ ഭാരത ധർമ്മ ജന സേനയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകും എന്ന മുന്നറിയിപ്പും അവർ നൽകുന്നു. അതോടൊപ്പം  ഈ വിഷയത്തിൽ സമാന മനസ്കരായ സംഘടനകളെ ചേർത്ത്  പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുവാൻ ബി ഡി ജെഎസ്. മുന്നിലുണ്ടാവും എന്നും നേതാക്കൾ പറയുന്നു.

 

 

 

BDJS against Devaswom board