എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000രൂപ, സൗജന്യ വൈദ്യുതി; തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘പഞ്ചാബ് മോഡല്‍’ പുറത്തിറക്കി അരവിന്ദ് കെജ്‌രിവാള്‍

Arvind Kejriwal launches 'Punjab Model'

0

മൊഹാലി: തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്ത് വിഷയങ്ങളടങ്ങുന്ന ‘പഞ്ചാബ് മോഡല്‍’ അവതരിപ്പിച്ച്‌ ‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

മൊഹാലിയില്‍ നടന്ന ഒരു സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത അഞ്ച് വര്‍ഷത്തിനിടെ പഞ്ചാബില്‍ സാമ്ബത്തികമായ മുന്നേറ്റം കൊണ്ടുവരുമെന്നും തൊഴില്‍ തേടി കാനഡയില്‍ പോയ യുവാക്കള്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പാര്‍ട്ടിയെ ജയിപ്പിച്ചാല്‍ ജനങ്ങള്‍ക്കെല്ലാം തൊഴില്‍ നല്‍കുമെന്നും ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും വിപ്ലവം സൃഷ്ടിക്കുമെന്നും കെജ്‌രിവാള്‍ ഉറപ്പുനല്‍കി. സമാധാനപരമായ പഞ്ചാബ് സൃഷ്ടിക്കുമെന്ന് വാഗ്ദ്ധാനം ചെയ്യുകയും ചെയ്തു. എഎപി സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും ബിസിനസ് അനുകൂല ഭരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തില്‍ വന്നാല്‍ മയക്കുമരുന്ന് സംഘത്തെ തുടച്ചുനീക്കുകയും നീതി ഉറപ്പാക്കുകയും അഴിമതി അവസാനിപ്പിക്കുകയും ചെയ്യുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. 16,000 മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്നും ഓരോ പഞ്ചാബിക്കും സൗജന്യ ചികിത്സ നല്‍കുമെന്നും ഉറപ്പുനല്‍കി.

കൂടാതെ എല്ലാ ദിവസവും സൗജന്യ വൈദ്യുതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ 18 വയസിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ നല്‍കുമെന്നും കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തു.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് അടുത്തിടെ ഉണ്ടായ സുരക്ഷാവീഴ്ചയെപ്പറ്റിയും കെജ്‌രിവാള്‍ പറ‌ഞ്ഞു.

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച ഗുരുതരമായ പ്രശ്നമാണെന്നും പ്രധാനമന്ത്രിക്കും സാധാരണജനങ്ങള്‍ക്കും വേണ്ട സുരക്ഷ ഒരുക്കുന്നതില്‍ കോണ്‍ഗ്രസ് പരാചയപ്പെട്ടെന്നും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും വേണ്ട സുരക്ഷ എഎപി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Arvind Kejriwal launches ‘Punjab Model’