രാജ്യവിരുദ്ധ പരാമർശം: ഐഷ സുൽത്താന ഇന്ന് പോലീസിനു മുന്നിൽ ഹാജരാകും

0

 

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായികയും നടിയുമായ ഐഷ സുൽത്താനയെ ഇന്ന് കവരത്തി പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇത്. ഇന്ന് വൈകിട്ട് നാലരയോടെ ഐഷ പോലീസ് സ്‌റ്റേഷനിൽ എത്തും.

ചോദ്യം ചെയ്യലിന് ഹാജരാകാനായി ഐഷ അഭിഭാഷകനൊപ്പം ശനിയാഴ്ച കവരത്തിയിൽ എത്തിയിരുന്നു. കേസിൽ അറസ്റ്റ് ചെയ്താൽ ഐഷക്ക് ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ ചോദ്യം ചെയ്ത് വിട്ടയച്ചേക്കും.

അതേസമയം തനിക്ക് നീതിപീഠത്തിൽ പൂർണ വിശ്വാസം ഉണ്ട്. പോലീസ് അറസ്റ്റ് ചെയ്താലും ദ്വീപിലെ ജനങ്ങൾക്കായി പോരാടുമെന്നാണ് ഐഷ സുൽത്താന പ്രതികരിച്ചത്. ലക്ഷദ്വീപിലെ ജനങ്ങൾക്ക് നേരെ കേന്ദ്രസർക്കാർ ബയോവെപ്പൺ പ്രയോഗിച്ചെന്ന ചാനൽചർച്ചയ്ക്കിടെ രാജ്യവിരുദ്ധ പരാമർശം നടത്തിയതിനാണ് ഐഷ സുൽത്താനയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.