ഉത്തർ പ്രദേശിൽ അൽ ഖ്വയ്ദ ഭീകരർ പിടിയിൽ;ബിജെപി നേതാക്കളെ ലക്‌ഷ്യം വെച്ചാണ് ഇവർ എത്തിയത്!

0

ബിജെപി നേതാക്കളെ ലക്ഷ്യമിട്ടെത്തിയ അൽ ഖ്വയ്ദ ഭീകരർ പിടിയിൽ. ഉത്തർപ്രദേശിൽ കകോരിയിൽ നിന്നാണ് രണ്ട് അൽ ഖ്വയ്ദ ഭീകരരെ യുപി ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത് . ഇവരിൽ നിന്ന് പ്രഷർ കുക്കർ ബോംബുകൾ, ഡിറ്റണേറ്റർ, 7 കിലോഗ്രാമോളം സ്‌ഫോടകവസ്തുക്കൾ എന്നിവ കണ്ടെടുത്തു .സ്ഥലത്ത് തെരച്ചിൽ തുടരുകയാണ് .

കകോരിയിലെ ദുബാഗ പ്രദേശത്ത് ഷാഹിദ് എന്നയാളിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ. രഹസ്യാന്വേഷണ വിഭാഗം തലവൻ ഐ.ജി ജി.കെ ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത് .അറസ്റ്റിലായ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഭീകര വിരുദ്ധ സ്‌ക്വാഡ് പുറത്ത് വിട്ടിട്ടില്ല .
സ്ഥലത്ത് അൽ ഖ്വായ്ദ ഭീകരർ ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് കഴിഞ്ഞ ഒരാഴ്ച്ചയായി ഇവരെ നിരീക്ഷിക്കുകയായിരുന്നു . അറസ്റ്റിലായവർ പാകിസ്താനിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഉന്നത ബിജെപി നേതാക്കളെ ലക്ഷ്യമിട്ടാണ് ഭീകരർ എത്തിയിരുന്നതെന്നും റിപ്പോർട്ടുകളുണ്ട് . സംഭവത്തെ തുടർന്ന് അടുത്തുള്ള വീടുകൾ ഒഴിപ്പിച്ചിട്ടുണ്ട് .ബോംബ് സ്ക്വാഡിന്റെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത് . ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.രഹസ്യാന്വേഷണ വിഭാഗം , യുപി ഭീകര വിരുദ്ധ സ്‌ക്വാഡ് എന്നിവ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്.അൽ ഖ്വയ്ദ ഭീകരർ ഉത്തർപ്രദേശിൽ പിടിയിലായത് സംബന്ധിച്ച വിവരങ്ങൾ ഉത്തർപ്രദേശ് സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്.