കാടന്‍ നടപടികളുമായി താലിബാന്‍;അഫ്ഗാനിസ്ഥാനിൽ സ്ത്രീകള്‍ അഭിനയിക്കരുത്

Afghan stop airing shows with women

0

കാബൂള്‍: അധികാരത്തിലേറി മാസങ്ങള്‍ പിന്നിടും മുന്‍പ് കൂടുതല്‍ കാടന്‍ നിയമങ്ങളുമായി അഫ്ഗാനിലെ താലിബാൻ സര്‍ക്കാര്‍. അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ ടി വി സീരിയലുകളില്‍ അഭിനയിക്കുന്നത് വിലക്ക്. താലിബാന്‍ ഭരണകൂടം പുതുതായി പുറത്തിറക്കിയ എട്ടു മാര്‍ഗനിര്‍ദേശങ്ങളിലാണ് സ്ത്രീകളെ ടിവി സീരിയലുകളില്‍ അഭിനയിക്കുന്നത് വിലക്കിയത്. ടിവി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന വനിതാ മാധ്യമപ്രവര്‍ത്തകരും സ്ത്രീ അവതാരകരും നിര്‍ബന്ധമായും മുഖം മറയ്ക്കണമെന്നും താലിബാന്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.

പുതിയ നിയമമനുസരിച്ച്, സിനിമകളിലും നാടകങ്ങളിലും ഇനി സ്ത്രീ അഭിനേതാക്കളെ അവതരിപ്പിക്കാന്‍ കഴിയില്ല. നെഞ്ച് മുതല്‍ കാല്‍മുട്ട് വരെ മറയ്ക്കാത്ത പുരുഷന്മാരെ ടിവി ചാനലുകള്‍ കാണിക്കുന്നതില്‍ നിന്നും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിലക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ആക്ഷേപഹാസ്യ പരിപാടികള്‍, അല്ലെങ്കില്‍ കോമഡി, വിനോദം എന്നിവ കാണിക്കുന്നത് മതത്തെ അപമാനിക്കുന്നതും നിരോധിച്ചിരിക്കുന്നു. ‘അധാര്‍മ്മികത’ തടയാനും ശരിഅത്ത് തത്വങ്ങള്‍ക്ക് വിരുദ്ധമായ ദൃശ്യങ്ങള്‍ തടയാനുമാണ് ഇതെന്നാണ് വാദം. സാധാരണയായി, സ്ത്രീകള്‍ മുഖ്യകഥാപാത്രമായി വരുന്ന സീരിയലുകളാണ് അഫ്ഗാന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യാറുള്ളത്.

സ്ത്രീകള്‍ അഭിനയിക്കുന്നത് നിരോധിച്ചതോടെ ചാനല്‍ പരിപാടികള്‍ പ്രതിസന്ധിയിലായി. പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പലതും അവ്യക്തമാണ്. ഏത് പരിപാടിയെയും ഈ മാര്‍ഗനിര്‍ദേശപ്രകാരം വ്യാഖ്യാനിക്കാനും നടപടി എടുക്കാനും ഇതുവഴി അധികൃതര്‍ക്ക് കഴിയും. വിദേശ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.

സ്ത്രീകള്‍ സ്വന്തം സുരക്ഷയ്ക്കായി ജോലിക്ക് പോകരുതെന്ന് താലിബാന്‍ ആദ്യം പറഞ്ഞിരുന്നു. സ്ത്രീകള്‍ വഹിക്കുന്ന മുനിസിപ്പല്‍ ജോലികള്‍ പുരുഷന്മാരെക്കൊണ്ട് നികത്തുമെന്ന് അടുത്തിടെ കാബൂളിലെ ആക്ടിംഗ് മേയര്‍ പറഞ്ഞിരുന്നു. പല സ്ത്രീകളും ഇന്നുവരെ ജോലിയിലേക്ക് മടങ്ങുന്നതില്‍ നിന്ന് വിലക്കപ്പെട്ടിരിക്കുന്നു. ഇതിനിടെയാണ് സ്ത്രീ സ്വാതന്ത്ര്യം പൂര്‍ണമായി ഹനിക്കുന്ന കാടന്‍ നടപടികളുമായി താലിബാന്‍ മുന്നോട്ടു പോകുന്നത്.