അപകടത്തിൽ ദുരൂഹത

Accident in Kerala's Ramanattukara points to gold smuggling

0

രാമനാട്ടുകരയിലെ വാഹനാപകടത്തിൽ മരിച്ചവർ സ്വർണക്കടത്ത് ഇടനിലക്കാർ. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഈ വിവരം പോലീസ് അനൗദ്യോഗികമായി നൽകുന്നത്. ഏകദേശം 15 വാഹനങ്ങൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായിരുന്നതായും പോലീസ് പറയുന്നുണ്ട്. എന്നാൽ, ഇക്കാര്യങ്ങളൊന്നും പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്ന് സ്വർണം വാങ്ങാൻ വന്നവരും ഈ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം വിവിധ സംഘങ്ങളാണ് 15 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. ഇതിനിടെ, ചേസിങ് ഉണ്ടായെന്നും ഒരു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞെന്നുമാണ് പ്രാഥമിക നിഗമനം.

എന്നാൽ, അപകടത്തിൽപ്പെട്ട വാഹനത്തിൽനിന്ന് സ്വർണമോ മറ്റോ കണ്ടെടുത്തിട്ടില്ല. അപകടമുണ്ടായ ഉടൻ ഇവിടെയെത്തിയ മറ്റൊരു സംഘം സ്വർണം മാറ്റിയിട്ടുണ്ടോ എന്നകാര്യവും സംശയിക്കുന്നുണ്ട്. വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഈ സംഘങ്ങൾ സ്വർണക്കടത്ത് പ്രവർത്തനം ഏകോപിപ്പിച്ചിരുന്നതെന്നും സൂചനയുണ്ട്.

15 വണ്ടികള്‍ അടങ്ങിയ സംഘമാണ് ഇവ വാട്സാപ്പ് ഗ്രൂപ്പിൽ ഉള്ളതെന്നും പൊലീസ് പറയുന്നു ചരൽ ഫൈസൽ എന്നയാൾക്ക് എസ്കോർട്ട് പോവുകയായിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതിനാൽ ആരാണ് ചരൽ ഫൈസൽ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്.

വാഹനാപകടവുമായി ബന്ധപ്പെട്ട് നിലവിൽ ആറു പേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അപകടത്തിൽമരിച്ച അഞ്ചുപേരുടെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുന്നവരാണ് ഇവർ. കരിപ്പൂർ വിമാനത്താവളത്തിൽ സുഹൃത്തിനെ വിളിക്കാനെത്തിയതാണെന്നും ഇതിനിടെ അപകടത്തിൽപ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവർ വെള്ളം വാങ്ങിക്കാനായി രാമനാട്ടുകര ഭാഗത്തേക്ക് പോയതാണെന്നുമാണ് ഇവരുടെ മൊഴി.

പിന്നീട് അപകടമുണ്ടായെന്ന വിവരം ലഭിച്ചതനുസരിച്ചാണ് തങ്ങൾ അപകടസ്ഥലത്ത് എത്തിയതെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ, വിമാനത്താവളത്തിൽ ആരെ കൂട്ടിക്കൊണ്ടുപോകാൻ എത്തി എന്ന ചോദ്യത്തിന് ഇവരാരും കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നാണ് അനൗദ്യോഗിക വിവരം. മാത്രമല്ല, അപകടത്തിൽ മരിച്ച ചിലർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെയാണ് രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. എന്നാൽ, നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷമാണ് ബൊലേറാ തന്റെ വാഹനത്തിലിടിച്ചതെന്നാണ് ലോറി ഡ്രൈവറുടെ മൊഴി.

രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച യുവാക്കള്‍  സ്വര്‍ണ്ണക്കവര്‍ച്ചാ സംഘത്തിലെ കണ്ണികളെന്ന്തന്നെയാണ് പുറത്തു വരുന്ന സൂചന.. ഇന്ന് പുലർച്ചെ 4.45 നുണ്ടായ അപകടത്തില്‍ കരിപ്പൂരില്‍ നിന്ന് മടങ്ങുകയായിരുന്ന പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ അഞ്ച് യുവാക്കളാണ് മരിച്ചത്.മലപ്പുറം പാണ്ടിക്കാട് നിന്ന് സിമന്‍റ് കയറ്റി, കോഴിക്കോട് നാദാപുരത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് കാറിൽ വന്നിടിച്ചത്.

ആദ്യമണിക്കൂറുകളിൽ ഇതൊരു സാധാരണ അപകടമാണെന്നാണ് കരുതിയത്. എന്നാല്‍ കരിപ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്നതിന് പകരം യുവാക്കള്‍ രാമനാട്ടുകരയിലെത്തിയത് എന്തിനെന്ന ചോദ്യമാണ് പൊലീസിനെ കുഴച്ചത്. തുടര്‍ന്ന് മരിച്ചവരുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അപകടം നടന്ന സമയത്ത് ഈ കാറിനൊപ്പം ഉണ്ടായിരുന്നുവെന്ന് കരുതപ്പെട്ടിരുന്ന ഒരു ഇന്നോവ കാറിലെ ആറ് പേരെയാണ് ഇപ്പോൾ ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നത്. മൂന്ന് വാഹനങ്ങളിലായി 15 പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്ന് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ് വ്യക്തമാക്കി. കരിപ്പൂരിൽ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എത്തിയതാണെന്നാണ് ഈ കാറിലുള്ളവർ പറയുന്നതെങ്കിലും പലരും പറയുന്ന മൊഴികളിൽ പൊരുത്തക്കേടുണ്ട്.

മരിച്ച യുവാക്കളിൽ ചിലർക്ക് ചില കേസുകളുമായി ബന്ധമുണ്ടെന്ന് മാത്രമാണ് പൊലീസ് പ്രാഥമികമായി വ്യക്തമാക്കുന്നത്. അതിനാൽത്തന്നെ അപകടത്തിൽ എന്തെങ്കിലും തരത്തിലുള്ള ക്വട്ടേഷൻ ബന്ധമോ, അട്ടിമറിയോ ഉണ്ടോ എന്നാണ് പൊലീസ് വിശദമായി അന്വേഷിക്കുന്നത്.

 

 

 

Accident in Kerala’s Ramanattukara points to gold smuggling