‘ചുവന്ന മുണ്ടുടുക്കുന്നവരെല്ലാം സഖാക്കളല്ല’; ആകാശ് തില്ലങ്കേരിക്കെതിരെ ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ ട്രഷറർ

0

പാലക്കാട് സിപിഐഎം നേതാവ് ഷാജഹാൻ കൊലപാതക കേസിൽ ആകാശ് തില്ലങ്കേരിക്കെതിരെ ഡിവൈഎഫ്‌ഐ. കേസിലെ പ്രതി നവീൻ ശ്രീനാഥമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് വിമർശനം. അപകടം നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നതായി ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ ട്രഷറർ കെ ജി ദിലീപ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ആർഎസ്എസ് പ്രവർത്തകൻ നവമാധ്യമം ഉപയോഗിച്ച് സഖാവാണെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും ചുവന്ന മുണ്ടുടുത്ത ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെക്കുന്നവരെല്ലാം സഖാക്കളല്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.

ആകാശ് തില്ലങ്കേരിക്കെതിരായ ഡിവൈഎഫ്‌ഐയുടെ പോരിന്റെ തുടർച്ചയാണ് നിലവിലെ ഫേസ്ബുക്ക് പോസ്റ്റ്. ഷാജഹാൻ കൊലക്കേസ് പ്രതി ഫേസ്ബുക്കിൽ സഖാവ് എന്ന പ്രതീതി ജനിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ആകാശ് തില്ലങ്കേരിയെ പോലുള്ള സംഘത്തെയാണ് ഇതിനായി ഉപയോഗിക്കുന്നതുമെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

ചുവന്ന മുണ്ടുടുത്ത്, ചുവപ്പ് നിറം കലർത്തി ഫോട്ടോ എടുത്ത് അത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നവരെല്ലാം സഖാക്കളല്ല എന്നകാര്യം ഒരിക്കൽക്കൂടി മനസിലാക്കാൻ എല്ലാവർക്കും ഇത് സഹായകരമാകണം.
സിപിഎമ്മും ഡി.വൈ.എഫ്.ഐയുമെല്ലാം എത്രയോ തവണകളായി ആവർത്തിച്ച് സമൂഹത്തെ ഓർമിപ്പിച്ചുകൊണ്ടിരുന്ന കാര്യമാണിത്.
പാലക്കാട് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം സഖാവ് ഷാജഹാനെ കൊലപെടുത്തിയ സംഘത്തിൽപ്പെട്ട നവീൻ എന്ന RSS ക്രിമിനൽ നവമാധ്യമത്തെ ഉപയോഗിച്ച് താനൊരു സഖാവാണെന്ന പ്രതീതി സൃഷ്ടിക്കാൻ ഉപയോഗിച്ചിരിക്കുന്ന മാർഗം നോക്കു… ഈ അപകടം എത്രയോ നാൾ മുമ്പ് തന്നെ ഡി.വൈ.എഫ്.ഐ ഉൾപ്പെടെ തുറന്ന് കാണിച്ചിരുന്നതാണ്.
ഈ ചിത്രവും പൊക്കിപ്പിടിച്ച് സഖാവ് ഷാജഹാന്റെ ധീരരക്തസാക്ഷിത്വത്തിനു മുകളിൽ കുതിരകയറാൻ ഒരാളും വരണ്ട…