കർഷക ദിനത്തില്‍ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ആർ.ബിന്ദു

0

തൃശ്ശൂർ: കർഷക ദിനത്തിൽ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. നൃത്തം ചെയ്യുന്നതിന്റെ വീഡിയോ മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ് എന്ന് വീഡിയോ പങ്കു വച്ചുകൊണ്ട്‌ അവർ വീഡിയോയിൽ പറഞ്ഞു. രണ്ട് മിനുട്ടോളം ദൈർഘ്യമുള്ളതാണ് വീഡിയോ. ഇരിങ്ങാലക്കുട കാട്ടൂർ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് അംഗങ്ങൾക്കൊപ്പമാണ് മന്ത്രിയുടെ നൃത്തം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

‘നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്. നൃത്തകാലമൊക്കെ നിർത്തി പൊതുപ്രവർത്തക ആയതിൽപ്പിന്നെയും അതങ്ങനെത്തന്നെ..കർഷകദിനത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ പരിപാടിക്കെത്തിയതാണ്. വേദി വിട്ടിറങ്ങിയപ്പോൾ സിഡിഎസ് അംഗങ്ങളുടെ നൃത്തം. കൂടെ ചുവടുവെക്കാൻ അവർ നിർബന്ധിച്ചു. പകുതിയിൽ നിർത്താനും സമ്മതിച്ചില്ല.

എന്തായാലും കർക്കിടകം മാഞ്ഞ് ഓണം പിറക്കുകയാണല്ലോ. അകത്തും പുറത്തും ഓണം തുളുമ്പുന്ന നാളുകളെ, പ്രകൃതിയും മനസ്സുകളും തമ്മിലെ ഗൂഢബന്ധത്തിന്റെ വിരിയലിനെ, ആണിവർ പാടിയാടുന്നത്.

പങ്കു കൊള്ളാതെങ്ങനെ!’