കോഴിക്കോട് ബീച്ചിലെ സംഘർഷം: പൊലീസുകാരനെ ആക്രമിച്ച ഒരാൾ അറസ്റ്റിൽ, 50 പേർക്കെതിരെ കേസ്

0

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ മാത്തോട്ടം സ്വദേശി ഷുഹൈബിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാൽ സംഗീത പരിപാടിക്ക് അനുമതി നൽകിയിരുന്നില്ലെന്ന് പോലീസ്.

കാർണിവലിന്റെ ഭാഗമായി സ്റ്റാളുകൾ നടത്താനുള്ള അനുമതി മാത്രമാണ് നൽകിയിരുന്നതെന്നും പോലീസ് വ്യക്തമാക്കി. പരിപാടിയുടെ സംഘാടകരായ കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയർ അധികൃതർക്കെതിരെയും പോലീസ് കേസെടുത്തു. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്. ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 70ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു.കിടപ്പ് രോഗികള്‍ക്ക് വീല്‍ ചെയര്‍ വാങ്ങാനുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ജെഡിടി കോളേജ് പാലിയേറ്റീവ് കെയര്‍ മൂന്ന് ദിവസത്തെ കാര്‍ണിവല്‍ സംഘടിപ്പിച്ചത്. അവധി ദിവസമായതിനാല്‍ ബീച്ചില്‍ കൂടുതല്‍ പേരെത്തി. ഗായകരെത്തിയപ്പോള്‍ കാണികള്‍ ആവേശം കാണിച്ചതാണ് പ്രശ്നമുണ്ടാകാൻ കാരണമെന്ന് സംഘാടകർ പറഞ്ഞു. കാണികളെ നിയന്ത്രിക്കാനായില്ല. യുവാക്കള്‍ പ്രകോപിതരായതാണ് പൊലീസ് ലാത്തി വീശുന്നതിന് കാരണമായതെന്നും സംഘാടകര്‍ പറഞ്ഞു.